Latest NewsNewsInternational

നഗരം മുങ്ങുന്നു, ഇന്തോനേഷ്യയുടെ തലസ്ഥാനം ജക്കാര്‍ത്തയില്‍ നിന്ന് മാറ്റുന്നു

ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനം ജക്കാര്‍ത്തയില്‍ നിന്ന് മാറ്റുന്നു. ജക്കാര്‍ത്തയില്‍ പാരിസ്ഥിതികമായ പല വെല്ലുവിളികളും നിലനില്‍ക്കുന്നതിനാലാണ് തീരുമാനമെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകള്‍ കിഴക്കന്‍ കാലിമന്റാനിലേക്ക് പുനഃസ്ഥാപിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പുതിയ തലസ്ഥാനത്തിന്റെ പേരുനിര്‍ണയിക്കുന്ന തിരക്കിലാണ് ഭരണകൂടം.

Read Also : ‘ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ അത് വൻ നഷ്ടമായിരിക്കും, യു.പിയിൽ ഒറ്റയ്ക്ക് മത്സരിക്കും’: ചന്ദ്രശേഖർ ആസാദ്

80 പേരുകളില്‍ നിന്ന് ഒടുവില്‍ നുസാന്തര എന്ന പേരാണ് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ തിരഞ്ഞെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച ബില്‍ പാസായാല്‍ നുസാന്തരയെ ഔദ്യോഗിക തലസ്ഥാനമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. പുതിയ തലസ്ഥാനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ തുടക്കമിടുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ജാവ ദ്വീപ് സമൂഹത്തില്‍ ഉള്‍പ്പെടുന്ന ജക്കാര്‍ത്തയെന്ന നഗരത്തിലായിരുന്നു സര്‍ക്കാരിന്റെ പ്രധാന ഓഫീസുകള്‍. ഇന്തോനേഷ്യയുടെ തലസ്ഥാന നഗരം ജക്കാര്‍ത്ത ആയിരുന്നതിനാലാണിത്. 1527ല്‍ സ്ഥാപിക്കപ്പെട്ട വന്‍നഗരമാണിത്. ഏഷ്യയിലെ വലിയ നഗരങ്ങളിലൊന്നായ ജക്കാര്‍ത്തയില്‍ 10 ദശലക്ഷത്തിലധികം പേര്‍ താമസിക്കുന്നുണ്ട്. ജാവന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം പ്രതിവര്‍ഷം 25 സെന്റിമീറ്റര്‍ വെച്ച് മുങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് കണക്കുകള്‍. അമിതമായ അളവില്‍ ഭൂഗര്‍ഭജലം ഖനനം ചെയ്തതാണ് ഇതിന് കാരണമെന്ന് വിലയിരുത്തുന്നു.

2050 ആകുമ്പോഴേക്കും ജക്കാര്‍ത്തയുടെ 95 ശതമാനവും മുങ്ങുമെന്നാണ് ശാസ്ത്രജ്ഞര്‍ സൂചിപ്പിക്കുന്നത്. ഇതുകൂടി കണക്കിലെടുത്താണ് ഇന്തോനേഷ്യയുടെ തലസ്ഥാനം ജക്കാര്‍ത്തയില്‍ നിന്ന് കിഴക്കന്‍ കാലിമന്റാനിലേക്കു മാറ്റുന്നത്. 2019 മുതല്‍ക്കെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ കൊറോണ മഹാമാരിയുടെ വരവോടെ ഇതിനായുള്ള നടപടികള്‍ താമസിച്ചു. അതുകൊണ്ട് തന്നെ സ്ഥലം മാറ്റം പൂര്‍ത്തിയാകാന്‍ 2024 ആകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button