PathanamthittaLatest NewsKeralaNewsCrime

നിലയ്ക്കലിൽ അന്നദാനത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പ് കണ്ടെത്തി വിജിലൻസ്

പലവ്യഞ്ജനവും പച്ചക്കറിയും വാങ്ങിയതിന്റെ പേരിൽ ദേവസ്വം ഉദ്യോഗസ്ഥർ ഒരു കോടിയിലധികം രൂപ തട്ടിച്ചെന്നാണ് കണ്ടെത്തൽ.

പത്തനംതിട്ട: 2018 – 2019 ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിൽ അന്നദാനത്തിന്റെ മറവിൽ ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്ന് വിജിലൻസ് കണ്ടെത്തി. പലവ്യഞ്ജനവും പച്ചക്കറിയും വാങ്ങിയതിന്റെ പേരിൽ ദേവസ്വം ഉദ്യോഗസ്ഥർ ഒരു കോടിയിലധികം രൂപ തട്ടിച്ചെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. വിജിലൻസ് പ്രതി ചേർത്ത നാല് ഉദ്യോഗസ്ഥർക്കെതിരെ മൂന്ന് മാസങ്ങൾ പിന്നിടുമ്പോഴും ദേവസ്വം ബോർഡ് നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല.

Also read: സർക്കാർ സ്കൂളിൽ നിസ്കരിക്കാൻ അനുമതി നൽകി : അന്വേഷിക്കാൻ ഉത്തരവിട്ട് ജില്ലാ കലക്ടർ

അന്നദാനത്തിനുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറിയും നൽകാൻ കരാർ എടുത്തത് കൊല്ലം ആസ്ഥാനമായുള്ള ജെ.പി ട്രേഡേഴ്സ് എന്ന സ്ഥാപനം ആയിരുന്നു. തീർത്ഥാടന കാലത്തിന് ശേഷം കമ്പനി ഉടമ ജയപ്രകാശ് 30,00,900 രൂപയുടെ ബില്ല് ദേവസ്വം ബോർഡിന് നൽകി. ആദ്യം കരാറുകാരന് എട്ട് ലക്ഷം രൂപ നൽകി. ബാക്കി തുക നൽകണമെങ്കിൽ ക്രമക്കേടിന് കൂട്ടുനിൽക്കണമെന്ന് ഉദ്യോഗസ്ഥർ നിർബന്ധിച്ചതോടെ കരാറുകാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വിജിലൻസ് അന്വേഷണത്തിൽ വൻ ക്രമക്കേടാണ് കണ്ടെത്തിയത്. 30 ലക്ഷം രൂപ ചിലവുവന്ന അന്നദാനത്തിന്റെ മറവിൽ, ഏകദേശം ഒന്നരക്കോടി രൂപയുടെ ബില്ലാണ് ഉദ്യോഗസ്ഥർ മാറിയെടുത്തതെന്ന് വിജിലൻസ് കണ്ടെത്തി. ദേവസ്വം ഉദ്യോഗസ്ഥരുമായി അടുപ്പമുള്ള മറ്റൊരു സ്ഥാപനത്തിന്റെ മറവിൽ ബാങ്കിൽ നിന്നും അഴിമതി പണം മാറിയതായും അവർ കണ്ടെത്തി. ഈ തട്ടിപ്പിന്റെ നാൾവഴികൾ അന്വേഷണസംഘം കണ്ടെത്തിയതോടെ, ജയപ്രകാശിന്റെ അക്കൗണ്ടിലേക്ക് 11 ലക്ഷം രൂപ മാറ്റികൊടുത്ത് പരാതി ഒത്തുതീർപ്പാക്കാനും ദേവസ്വം ഉദ്യോഗസ്ഥർ ശ്രമിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button