KeralaNattuvarthaLatest NewsNewsInternational

കേരളം ആവിഷ്കരിച്ചിരിക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ശാസ്ത്രീയ തന്ത്രം, പിന്തുണ തേടി മുഖ്യമന്ത്രി

നമ്മുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം മുടങ്ങാതെ തുടരേണ്ടതുണ്ട്, വീടുകളില്‍ അടുപ്പ് പുകയേണ്ടതുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിൽ ജനങ്ങളുടെ പൂർണ്ണ പിന്തുണ തേടി മുഖ്യമന്ത്രിയുടെ കുറിപ്പ്. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ശാസ്ത്രീയതന്ത്രമാണ് കേരളം ആവിഷ്കരിച്ചിരിക്കുന്നതെന്നും ഇത് നടപ്പിലാക്കാൻ എല്ലാവരും കൂടെയുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read:എല്ലാ മതക്കാർക്കും വിവിധ ജില്ലകളിലെ ആരാധനാലയങ്ങളിൽ കുറഞ്ഞ ചിലവിൽ ഒറ്റ ദിവസം കൊണ്ട് ആരാധന നടത്താൻ കെ റയിൽ: ഹരീഷ് പേരടി

‘രാജ്യത്ത് ആദ്യ കോവിഡ്ബാധ സ്ഥിരീകരിച്ചപ്പോള്‍ത്തന്നെ പ്രതിസന്ധി അതിജീവിക്കുന്നതിന് ഉണര്‍ന്നുപ്രവര്‍ത്തിച്ച സംസ്ഥാനമാണ് കേരളം. ഏറ്റവും തുടക്കത്തില്‍ത്തന്നെ ശാസ്ത്രീയമായ പ്രതിരോധനടപടികള്‍ കൊണ്ടുവരാനും സുസജ്ജമായ ആരോഗ്യസംവിധാനങ്ങളും മറ്റുക്രമീകരണങ്ങളും ഏര്‍പ്പെടുത്താനും നമുക്ക് സാധിച്ചു’, മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:

രാജ്യത്ത് ആദ്യ കോവിഡ്ബാധ സ്ഥിരീകരിച്ചപ്പോള്‍ത്തന്നെ പ്രതിസന്ധി അതിജീവിക്കുന്നതിന് ഉണര്‍ന്നുപ്രവര്‍ത്തിച്ച സംസ്ഥാനമാണ് കേരളം. ഏറ്റവും തുടക്കത്തില്‍ത്തന്നെ ശാസ്ത്രീയമായ പ്രതിരോധനടപടികള്‍ കൊണ്ടുവരാനും സുസജ്ജമായ ആരോഗ്യസംവിധാനങ്ങളും മറ്റുക്രമീകരണങ്ങളും ഏര്‍പ്പെടുത്താനും നമുക്ക് സാധിച്ചു. ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനത്തോടെ ഇന്ന് നാം കോവിഡിന്റെ മൂന്നാംതരംഗത്തെ നേരിടുകയാണ്. ആദ്യ രണ്ടുഘട്ടത്തിലും സമ്പൂര്‍ണ ലോക്‌ഡൗണിലേക്ക് സംസ്ഥാനത്തിന് പോകേണ്ടിവന്നു. അന്ന്, പൂര്‍ണമായ അടച്ചിടല്‍ ജനജീവിതത്തെ സാരമായി ബാധിച്ചെന്ന് നമുക്കറിയാം. അത്തരമൊരു നടപടിയിലേക്ക്‌ കടക്കേണ്ട സാഹചര്യം ഈ ഘട്ടത്തില്‍ ഇവിടെ ഇതുവരെ സംജാതമായിട്ടില്ല എന്നത് ആശ്വാസകരമാണ്.

സംസ്ഥാനത്ത് 18 വയസ്സിനുമുകളില്‍ ലക്ഷ്യം വെച്ച ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ആദ്യഡോസ് വാക്സിനും 83 ശതമാനം പേര്‍ക്ക് രണ്ടാംഡോസും നല്‍കിക്കഴിഞ്ഞുവെന്നത് മൂന്നാംതരംഗത്തെ കൂടുതല്‍ ആത്മവിശ്വാസത്തോടെ നേരിടാന്‍ നമ്മെ പ്രാപ്തരാക്കുന്നു. എല്ലാ വിഭാഗത്തിലുമായി അഞ്ചുകോടിയിലധികം ഡോസ് വാക്സിനേഷനാണ് നല്‍കിയത്‌. വളരെയധികം പേര്‍ക്ക് കോവിഡ് വന്നുപോയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഭൂരിപക്ഷം പേരും സമ്മിശ്ര (ഹൈബ്രിഡ്) പ്രതിരോധശേഷി നേടിയിട്ടുണ്ട് എന്നത് തീവ്രരോഗബാധയും മരണങ്ങളും കുറയ്ക്കാന്‍ സഹായകമാകും. അതുകൊണ്ടുതന്നെ കോവിഡ്‌ കാരണം ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടിവരുന്നവരുടെ എണ്ണം ഇത്തവണ വളരെ കുറവാണ്. ഇനിയും വാക്സിന്‍ സ്വീകരിക്കാത്ത ആരെങ്കിലുമുണ്ടെങ്കില്‍ ഉടന്‍തന്നെ വാക്സിനെടുക്കേണ്ടതാണ്‌.

കോവിഡ്‌ബാധിതരുടെ ആരോഗ്യവും ജീവനും സംരക്ഷിക്കുക എന്നതാണ് ആദ്യഘട്ടംമുതല്‍ കേരളം സ്വീകരിച്ചുവരുന്ന നയം. നിലവില്‍ പൂര്‍ണമായ അടച്ചിടലിലേക്ക് പോകുന്നതിനുപകരം മേഖലാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ തിരിച്ചാണ് നിയന്ത്രണങ്ങള്‍.

രോഗവര്‍ധന നിശ്ചയിക്കുന്നതിനും മാനദണ്ഡങ്ങളുണ്ട്. ഒരു ജില്ലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ആദ്യതീയതിയില്‍നിന്ന് ഇരട്ടിയാവുകയോ ഐ.സി.യു.വില്‍ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം 50 ശതമാനത്തില്‍ കൂടുകയോ ചെയ്താല്‍ കാറ്റഗറി ഒന്നില്‍ കടന്നതായി കണക്കാക്കും. ഐ.സി.യു.വില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം ഒറ്റയടിക്ക് ഇരട്ടിയാവുകയോ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളുടെ 10 ശതമാനം കോവിഡ് രോഗികളായിരിക്കുകയോ ചെയ്യുമ്പോള്‍ ആ ജില്ല കാറ്റഗറി രണ്ടില്‍പ്പെടും. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികളായാല്‍ കാറ്റഗറി മൂന്നില്‍ ഉള്‍പ്പെടും.

സമ്പൂര്‍ണ അടച്ചിടല്‍ ജനങ്ങളുടെ ജീവിതത്തെയും ജീവിതോപാധിയെയും സാരമായി ബാധിക്കും. സംസ്ഥാനമാകെ അടച്ചാല്‍ ജനങ്ങളെല്ലാം സാമ്പത്തികപ്രതിസന്ധിയിലേക്കുപോകും. കടകള്‍ അടച്ചിട്ടാല്‍ വ്യാപാരികളെ ബാധിക്കും. വാഹനങ്ങള്‍ നിരത്തിലിറങ്ങാതെയിരുന്നാല്‍ അത് എല്ലാവരെയും ബാധിക്കും. അതിനാല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ശാസ്ത്രീയതന്ത്രമാണ് കേരളം ആവിഷ്കരിച്ചിരിക്കുന്നത്. സമാനമായ രീതിതന്നെയാണ് ഇക്കാര്യത്തില്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി ഭാവിയിലും പിന്തുടരുക. അതുവിജയിക്കണമെങ്കില്‍ ജനങ്ങളുടെ പൂര്‍ണപിന്തുണ അനിവാര്യമാണ്.

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസം 40 കടന്നിരിക്കയാണ്. എന്നാല്‍, അതില്‍ ഭയപ്പെടേണ്ട കാര്യമില്ല. ആദ്യ രണ്ടുഘട്ടത്തിലും പരമാവധി ആളുകളെ പരിശോധിക്കാനാണ് ശ്രമിച്ചത്. അതില്‍ രോഗലക്ഷണമില്ലാത്തവരുമുണ്ടാകും. അപ്പോള്‍ ടി. പി.ആറിലെ വര്‍ധന ആശങ്കസൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ പരിശോധനരീതിയില്‍ മാറ്റംവരുത്തിയിട്ടുണ്ട്. കോവിഡ് ലക്ഷണമുള്ളവരെമാത്രമാണ് പരിശോധിക്കുന്നത്. അതുകൊണ്ട് ടി.പി.ആറിന് പഴയ പ്രസക്തിയില്ല.

ഇപ്പോള്‍ കോവിഡ് ബാധിക്കുന്നവര്‍ വീട്ടില്‍ത്തന്നെ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍മതിയാകും. രോഗം കടുക്കുന്ന സ്ഥിതിയുണ്ടായാല്‍ ആശുപത്രിസേവനം തേടണം. മറ്റുഗുരുതര രോഗങ്ങളുള്ളവരും പ്രായാധിക്യമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. പനി നിയന്ത്രണവിധേയമാകാതിരുന്നാലും ഡോക്ടറുടെ അഭിപ്രായം തേടണം. കോവിഡ് ബാധിതര്‍ക്കുള്ള ഗാര്‍ഹികപരിചരണത്തിനും ക്വാറന്റീനും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതുമുതലോ ലക്ഷണങ്ങളില്ലാത്തവര്‍ കോവിഡ് സ്ഥിരീകരിച്ചതുമുതലോ വീട്ടില്‍ ഏഴുദിവസം നിരീക്ഷണത്തില്‍ കഴിയണം. മൂന്നുദിവസം തുടര്‍ച്ചയായി പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്നാല്‍ ഗൃഹനിരീക്ഷണം അവസാനിപ്പിക്കാം. വീട്ടില്‍ നിരീക്ഷണത്തില്‍ക്കഴിയുന്ന സമയത്ത് അപായസൂചനകളുണ്ടോ എന്ന് നിരീക്ഷിക്കണം. ദിവസവും ആറുമിനിറ്റ് നടത്തപരിശോധന വേണം.

മൂന്നാംതരംഗം നേരിടുന്നതിനായി ഐ.സി.യു., വെന്റിലേറ്റര്‍, ഓക്സിജന്‍, പീഡിയാട്രിക് സൗകര്യങ്ങള്‍ എന്നിവ വലിയതോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. സ്ഥാപനങ്ങളിലും ഓഫീസുകളിലും ഒട്ടേറെ കേസുകള്‍ റിപ്പോര്‍ട്ട്ചെയ്ത പശ്ചാത്തലത്തില്‍ ക്ലസ്റ്റര്‍ മാനേജ്‌മെന്റിന്‌ രൂപംനല്‍കിയിട്ടുണ്ട്. പത്തിലധികം ആളുകള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ആ പ്രദേശം ലാര്‍ജ് ക്ലസ്റ്ററാകും. അത്തരത്തില്‍ അഞ്ചുക്ലസ്റ്ററിലധികമുണ്ടെങ്കില്‍ പ്രാദേശിക ആരോഗ്യ അധികൃതരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനം അല്ലെങ്കില്‍ ഓഫീസ് അഞ്ചുദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിക്കാം. സാധ്യമാകുന്നിടത്തെല്ലാം സ്ഥാപനങ്ങളും ഓഫീസുകളും തുറന്നുപ്രവര്‍ത്തിക്കണമെന്നാണ് സര്‍ക്കാര്‍ സമീപനം.

കോവിഡ് പ്രതിരോധം എല്ലാവരും കൈകോര്‍ത്ത് നടത്തേണ്ട ഒന്നാണ്. ആരോഗ്യപ്രവര്‍ത്തകരും പോലീസടക്കമുള്ള സേനകളും സന്നദ്ധപ്രവര്‍ത്തകരും അവിശ്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കയാണ്. ജനങ്ങളുടെ സാധാരണജീവിതത്തിനും നാടിന്റെ പുരോഗതിക്കും പരിക്കേല്‍ക്കാതിരിക്കാനുള്ള ജാഗ്രതയാണ് ഈ കൂട്ടായ്മയ്ക്ക് അടിസ്ഥാനം. നമ്മുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം മുടങ്ങാതെ തുടരേണ്ടതുണ്ട്. വീടുകളില്‍ അടുപ്പ് പുകയേണ്ടതുണ്ട്. പുതിയ കാലത്ത് ഏറ്റെടുക്കാനുള്ള വെല്ലുവിളി പുതിയ തരത്തിലുള്ളതാണെന്ന്‌ തിരിച്ചറിഞ്ഞ്‌ എല്ലാവരും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ അണിചേരുകയും സ്വയംകരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button