KeralaLatest News

‘മരണകാരണം മുഖ്യമന്ത്രിയും സര്‍ക്കാരും’ കുറിപ്പെഴുതി വെച്ച് മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു

ആകെയുള്ള നാല് സെന്റ് ഭൂമി തരംമാറ്റി കിട്ടുന്നതിനായി വില്ലേജ് ഓഫീസ് മുതല്‍ ആര്‍ഡിഒ ഓഫീസ് വരെ ഒന്നര വര്‍ഷം കയറിയിറങ്ങി

പറവൂര്‍: ഭൂമി തരംമാറ്റി ലഭിക്കാത്തതില്‍ മനംനൊന്ത് മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ‌്തു. മാല്യങ്കര കോയിക്കല്‍ സജീവനെ (57)യാണ് വ്യാഴാഴ്ച രാവിലെ പുരയിടത്തിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആകെയുള്ള നാല് സെന്റ് ഭൂമി തരംമാറ്റി കിട്ടുന്നതിനായി വില്ലേജ് ഓഫീസ് മുതല്‍ ആര്‍ഡിഒ ഓഫീസ് വരെ ഒന്നര വര്‍ഷം കയറിയിറങ്ങിയിട്ടും തരംമാറ്റി കിട്ടാത്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മൃതദേഹത്തിന്റെ വസ്ത്രത്തിലുണ്ടായിരുന്ന കത്തില്‍ പിണറായി സര്‍ക്കാരിനെ കുറ്റപ്പെടുത്തിയുള്ള പരാമര്‍ശം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. നാല് സെന്റിലുള്ള വീട്ടിലാണ് സജീവനും കുടുംബവും താമസം. സ്വകാര്യ ചിട്ടി കമ്പനിയില്‍ വീടിന്റെ ആധാരം പണയപ്പെടുത്തി പണം എടുത്തിരുന്നു. അവിടത്തെ കാലാവധി കഴിയാറായപ്പോള്‍ വായ്പയ്ക്ക് മറ്റൊരു ബാങ്കില്‍ അപേക്ഷിക്കാന്‍ തീരുമാനിച്ചു.

പലരില്‍ നിന്നും കടം വാങ്ങി ചിട്ടി കമ്പനിയില്‍ അടച്ച്‌ ആധാരം തിരികെ വാങ്ങി. ഈ ആധാരം ബാങ്കില്‍ പണയത്തിനായി നല്‍കിയപ്പോഴാണ് ഡേറ്റാ ബാങ്കില്‍ നാല് സെന്റ് നിലമായാണ് കിടക്കുന്നതെന്നു കണ്ടത്.
നിലം പുരയിടമാക്കി കിട്ടാന്‍ മൂത്തകുന്നം വില്ലേജ് ഓഫീസ് മുതല്‍ പറവൂര്‍ താലൂക്ക് ഓഫീസും ഫോര്‍ട്ട്‌കൊച്ചി ആര്‍ഡിഒ. ഓഫീസും പലവട്ടം കയറിയിറങ്ങി. ഇന്നലെ രാവിലെ 7 മണിയോടെ ഭാര്യ സതിയാണു സജീവനെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഇന്‍ക്വസ്റ്റ് നടത്തിയപ്പോഴാണ് വസ്ത്രത്തിനടിയില്‍നിന്ന് മരണക്കുറിപ്പായ കത്ത് കണ്ടെത്തിയത്.

കത്തിലെ എഴുത്തില്‍ അവ്യക്തത ഉള്ളതിനാല്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. എന്നാൽ കത്തില്‍ പിണറായി സര്‍ക്കാരിനെ കുറ്റപ്പെടുത്തിയുള്ള പരാമര്‍ശം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. വീഴ്ചയുണ്ടാകാൻ കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ബന്ധുക്കള്‍. മക്കള്‍: നിഥിന്‍ദേവ്, അഷിതാദേവി. മരുമക്കള്‍: വര്‍ഷ, രാഹുല്‍. കൊവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്നു കണ്ടതിനെ തുടര്‍ന്ന് മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button