CricketLatest NewsNewsSports

IPL Auction 2022- ഐപിഎല്‍ പതിനഞ്ചാം സീസൺ ഇന്ത്യയില്‍ തന്നെ നടക്കും: ഗാംഗുലി

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസൺ ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് ബിസിസിഐ പ്രസിഡന്റ സൗരവ് ഗാംഗുലി. ഐപിഎല്‍ 2022ന്റെ മത്സരക്രമം ബിസിസിഐ ഇതുവരെ ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. മാര്‍ച്ച് അവസാന വാരത്തോടെ ടൂര്‍ണമെന്റ ആരംഭിക്കാനാണ് പദ്ധതിയിടുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ കാണികള്‍ക്ക് പ്രവേശനമുണ്ടാകുമോ എന്ന കാര്യത്തില്‍ ഗാംഗുലി സൂചനകള്‍ നല്‍കിയില്ല.

സീസണിന് മുന്നോടിയായി ബെംഗളൂരുവില്‍ ഫെബ്രുവരി 13, 14 തീയതികളില്‍ മെഗാ താരലേലം നടക്കും. ലേലത്തില്‍ പങ്കെടുക്കുന്ന 590 താരങ്ങളില്‍ 228 പേര്‍ ക്യാപ്‌ഡ് കളിക്കാരും 355 പേര്‍ അണ്‍ക്യാപ്‌ഡ് താരങ്ങളുമാണ്. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്ന് ഏഴ് താരങ്ങളും അന്തിമ പട്ടികയില്‍ പേരുകാരായി.

ആകെ താരങ്ങളില്‍ 370 പേരാണ് ഇന്ത്യയില്‍ നിന്നുള്ളത്. 220 താരങ്ങള്‍ വിദേശികള്‍. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടിയില്‍ 48 താരങ്ങളുണ്ട്. 1.5 കോടി അടിസ്ഥാന വില 20 താരങ്ങളും ഒരു കോടി 34 താരങ്ങളും തെര‍ഞ്ഞെടുത്തു.

പഞ്ചാബിന് 23, രാജസ്ഥാനും ബാംഗ്ലൂരിനും ഹൈദരാബാദിനും അഹമ്മദാബാദിനും ലക്‌നോവിനും 22 വീതവും ചെന്നൈക്കും ഡല്‍ഹിക്കും കൊല്‍ക്കത്തയ്‌ക്കും മുംബൈക്കും 21 വീതവും താരങ്ങളേയാണ് ലേലത്തില്‍ സ്വന്തമാക്കാനാവുക.

പഞ്ചാബിന് എട്ടും കൊല്‍ക്കത്തയ്‌ക്ക് ആറും മറ്റ് ഫ്രാഞ്ചൈസികള്‍ക്ക് ഏഴ് വീതവും വിദേശ താരങ്ങളെ പാളയത്തിലെത്തിക്കാം. മലയാളി പേസര്‍ എസ് ശ്രീശാന്തിന്‍റെ പേര് അന്തിമപട്ടികയിലുണ്ട് എന്നത് ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button