Latest NewsIndiaNews

ഇംഗ്ലീഷിൽ ആയതിനാലാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രസംഗം ആഘോഷിക്കപ്പെടുന്നത്: കിരൺ റിജിജുവിന്റെ ട്വീറ്റ് ശ്രദ്ധേയമാകുന്നു

'നിരവധി എംപിമാർ വളരെ മനോഹരമായും സമര്‍ത്ഥമായും സഭയില്‍ പ്രസംഗിക്കാറുണ്ട്. എന്നാല്‍ ചിലര്‍ ഇംഗ്ലീഷില്‍ പ്രസംഗിക്കുന്നവരെ കൂടുതല്‍ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു' കിരണ്‍ റിജിജു ഹിന്ദി ഭാഷയിൽ ട്വീറ്റ് ചെയ്തു.

ദില്ലി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു രംഗത്തെത്തി. പ്രസംഗം ഇംഗ്ലീഷില്‍ ആയതിനാലാണ് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നടത്തിയ പ്രസംഗം ആഘോഷിക്കപ്പെടുന്നതെന്നും, ചിലർ പാശ്ചാത്യ മനോഭാവം മനസ്സിൽ സൂക്ഷിക്കുന്നതാണ് ഇതിന് കാരണമെന്നും നിയമമന്ത്രി വിമർശിച്ചു. ‘നിരവധി എംപിമാർ വളരെ മനോഹരമായും സമര്‍ത്ഥമായും സഭയില്‍ പ്രസംഗിക്കാറുണ്ട്. എന്നാല്‍ ചിലര്‍ ഇംഗ്ലീഷില്‍ പ്രസംഗിക്കുന്നവരെ കൂടുതല്‍ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു’ കിരണ്‍ റിജിജു ഹിന്ദി ഭാഷയിൽ ട്വീറ്റ് ചെയ്തു.

Also read: കാവി ധരിക്കാമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാം: ഹിജാബ് നിരോധനത്തിനെതിരെ കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാര്‍

രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിലുള്ള ചർച്ചയിൽ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെ ഇ.ടി മുഹമ്മദ് ബഷീർ അടക്കമുള്ള എംപിമാർ പ്രശംസിച്ചിരുന്നു. ഇതാണ് നിയമമന്ത്രിയുടെ ട്വീറ്റിന് ആധാരം. രാജ്യത്തിന്‍റെ ആത്മാവ് പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം എന്നായിരുന്നു ഇ.ടിയുടെ പരാമർശം. ആര്‍എസ്പി നേതാവ് എന്‍.കെ പ്രേമചന്ദ്രനും രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ പരാമർശിച്ചു. രാഹുലിന്‍റെ ഈ പ്രസംഗം സമൂഹമാധ്യമങ്ങളും ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. ‘രണ്ട് വിഭിന്നമായ ഇന്ത്യകളാണ് നമുക്ക് ഉള്ളത്. ഒന്ന് സമ്പന്നരുടെയും മറ്റൊന്ന് ദരിദ്രരുടെയും. ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തരം നാൾതോറും വര്‍ദ്ധിക്കുകയാണ്’ എന്നതടക്കമുള്ള പരാമര്‍ശങ്ങളാണ് കഴിഞ്ഞ ദിവസം രാഹുല്‍ ലോക്സഭയിലെ പ്രസംഗത്തിൽ ഉന്നയിച്ചത്.

തന്റെ പ്രസംഗത്തിൽ അംബാനിയെയും അദാനിയെയും രാഹുൽ വിമർശിച്ചിരുന്നു. ഇരട്ട ‘എ’ വകഭേദമാണ് രാജ്യത്തെ നിയന്ത്രിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. ‘പെഗാസസ് വഴി രാജ്യത്തെ ജനങ്ങളെ മോദി ആക്രമിക്കുകയാണ്. ചരിത്ര ബോധമില്ലാതെ സർക്കാർ തീ കൊണ്ടാണ് കളിക്കുന്നത്. രാജ്യത്തിന്റെ അടിസ്ഥാനശിലയെ ആർഎസ്എസും ബിജെപിയും കൂടി ദുർബലമാക്കുകയാണ്. റിപ്പബ്ലിക് ദിനത്തിന് അതിഥിയെ കിട്ടാത്ത വിധം ഇന്ത്യ ഒറ്റപ്പെട്ടു കഴിഞ്ഞു. ചൈനയെയും പാക്കിസ്ഥാനെയും ഒന്നിപ്പിച്ച് മോദി സർക്കാർ ഒരു മഹാപരാദവും ചെയ്തു’ രാഹുൽ പറഞ്ഞു. സംസ്ഥാനങ്ങളുടെ യൂണിയൻ എന്ന സങ്കല്പത്തിന് എതിരെ ജുഡീഷ്യറിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഉപകരണങ്ങൾ ആവുകയാണെന്നും രാഹുൽ പറഞ്ഞു. രാഹുലിന്റെ ഈ പ്രസംഗത്തിനെതിരെ കിരണ്‍ റിജിജു നേരത്തെ തന്നെ പ്രതിഷേധം അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button