COVID 19KeralaLatest NewsNews

കൊവിഡ് പ്രതിരോധത്തിന് ചിലവഴിച്ച തുക മടക്കി നൽകാതെ സർക്കാർ: പഞ്ചായത്തുകളും നഗരസഭകളും പ്രതിസന്ധിയിൽ

കൊവിഡ് വ്യാപനത്തിന്റെ ആദ്യ രണ്ട് തരംഗങ്ങളിലും ആരോഗ്യ വകുപ്പിന് സംസ്ഥാനത്തെ വിവിധ സിഎഫ്എൽടിസികളും ഡിസിസികളും തുണയായി.

പത്തനംതിട്ട: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചിലവഴിച്ച പണം സർക്കാർ മടക്കി നൽകാതായതോടെ തദ്ദേശ സ്ഥാപനങ്ങൾ കടക്കെണിയിലായി. പണം നൽകുന്നതിൽ നിന്ന് സർക്കാർ പിന്മാറിയതോടെ സിഎഫ്എൽടിസികൾ ആരംഭിച്ച പഞ്ചായത്തുകളും നഗരസഭകളും കടുത്ത സാമ്പത്തിക ബാധ്യതയിൽ ആയിരിക്കുകയാണ്. ഇതോടെ പലയിടത്തും വികസന പ്രവർത്തനങ്ങളും താളം തെറ്റി.

Also read: 8 ശതമാനം പ്രീമിയവുമായി സ്റ്റോക്ക് മാർക്കറ്റിൽ ഉജ്ജ്വല തുടക്കം കുറിച്ച് വേദാന്ത് ഫാഷൻസ്

കൊവിഡ് വ്യാപനത്തിന്റെ ആദ്യ രണ്ട് തരംഗങ്ങളിലും ആരോഗ്യ വകുപ്പിന് സംസ്ഥാനത്തെ വിവിധ സിഎഫ്എൽടിസികളും ഡിസിസികളും തുണയായി. കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ വേണം എന്ന സർക്കാർ നിർദേശത്തിന് പിന്നാലെ തദ്ദേശ സ്ഥാപനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിലാണ് ആവശ്യ സൗകര്യങ്ങൾ ഒരുക്കിയത്. പലയിടത്തും സ്കൂളുകളും, കോളേജുകളും, സ്വാകാര്യ ഓഡിറ്റോറിയങ്ങളും അവർ സിഎഫ്എൽടിസികളാക്കി. ഈ കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡ പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പഞ്ചായത്തുകളും നഗരസഭകളും ലക്ഷക്കണക്കിന് രൂപയാണ് ചിലവഴിച്ചത്.

സിഎഫ്എൽടിസികൾക്ക് ചിലവാകുന്ന മുഴുവൻ പണവും തിരികെ നൽകും എന്നായിരുന്നു സർക്കാരിന്റെ അന്നത്തെ വാഗ്ദാനം. ഇതിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ തത്കാലത്തേക്ക് തനത് ഫണ്ടിൽ നിന്നും പണം ചിലവഴിച്ചു. എന്നാൽ കഴിഞ്ഞ മാസം ഇറങ്ങിയ ഉത്തരവ് പ്രകാരം സിഎഫ്എൽടിസികളിലെയും ഡിസിസികളിലെയും ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും ചിലവ് മാത്രമെ സർക്കാർ വഹിക്കുകയുള്ളു. ഈ പണവും തദ്ദേശ സ്ഥാപനങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇതോടെയാണ് പഞ്ചായത്തുകളും നഗരസഭകളും കടക്കെണിയിലായത്. ഇപ്പോൾ കൊവിഡ് രോഗികളെ പരിചരിച്ച വകയിൽ ചിലവായ ലക്ഷങ്ങൾ എങ്ങനെ കണ്ടെത്തും എന്ന ആശങ്കയിലാണ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button