KeralaLatest NewsNews

രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവൾ നെയ്യാറ്റിൻകരയിൽ ജീവിക്കണ്ട: ആക്രോശങ്ങളെക്കുറിച്ചു ശ്രീജ നെയ്യാറ്റിൻകര

മനസ്സിൽ സങ്കടപ്പക്ഷി കൂട് കെട്ടുമ്പോൾ പലപ്പോഴും കാടാണെനിക്കഭയം നൽകുന്നത്

ഇന്നത്തെ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ഒരു ചിത്രമായിരുന്നു അനുകമ്പയുടെ രാഷ്ട്രീയം മുസ്ലീം സ്ത്രീക്ക് പകർന്നു കൊടുക്കുന്ന മുത്തപ്പന്റേത്. ഈ വിഷത്തെക്കുറിച്ചു ശ്രീജ നെയ്യാറ്റിൻകര പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നു. പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയാത്തപക്ഷം ഒരാഴ്ചയ്ക്കുള്ളിൽ വീട് മാറണം എന്ന ശാസന താൻ നേരിടുകയാണെന്നും സ്വന്തം രാജ്യത്തെ മുസ്‌ലിങ്ങൾക്കൊപ്പം നിന്ന് ഒറ്റികൊടുക്കുന്നവൾ നെയ്യാറ്റിൻകരയിൽ ജീവിക്കണ്ട എന്ന ആക്രോശങ്ങളാണ് ചുറ്റുമെന്നും ശ്രീജ നെയ്യാറ്റിൻകര കുറിക്കുന്നു

കുറിപ്പ് പൂർണ്ണ രൂപം

മുത്തപ്പൻ ❤
മനസ്സിൽ സങ്കടപ്പക്ഷി കൂട് കെട്ടുമ്പോൾ പലപ്പോഴും കാടാണെനിക്കഭയം നൽകുന്നത് …. കാട്ട് യാത്ര നടത്തണമെന്ന് പോലുമില്ല… കാട്ടിൽ പോകാൻ പറ്റാത്ത സാഹചര്യങ്ങളിൽ കണ്ണടച്ചൊന്നിരിക്കും അതിന് പക്ഷേ ഒരു സ്ഥലം വേണം ആ സ്ഥലമാണ് എന്റെ അമ്മ വകഭൂമിയിൽ അപ്പൂപ്പൻ ഉറങ്ങുന്നിടം … ഓടി ചെന്ന് അവിടൊന്നിരിക്കും കണ്ണടച്ച് …. ഒന്നും പറയാതെ …

read also: പുതിയ ബെന്‍സ് കാര്‍ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല, വാര്‍ത്തകള്‍ വ്യാജം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

വിശ്വാസികൾ ദൈവത്തിലഭയം തേടും പോലെ ഞാൻ പ്രപഞ്ചത്തിലഭയം തേടും … അപ്പൂപ്പന്റെ അങ്ങേയറ്റം കാരുണ്യം തുളുമ്പുന്ന ശബ്ദം ഞാൻ കേൾക്കും ….കണ്ണീർ വീണ് പൊള്ളിയ കവിളിൽ സാന്ത്വനത്തിന്റെ സ്പർശം ഞാനറിയും … അങ്ങോട്ട്‌ പോയപ്പോൾ കൂടെയുണ്ടായിരുന്ന സങ്കടപ്പക്ഷി തിരികെ വരുമ്പോൾ ഒപ്പമുണ്ടാകില്ല….അപാരമായ ശാന്തതയോടെ തിരികെ നടക്കുമ്പോൾ എപ്പോഴുമുണ്ടാകും തലമുടിയിൽ തലോടി യാത്രയാക്കാനൊരു ചെറു കാറ്റ്….

ഇപ്പോൾ ഇതിവിടെ പറയാൻ കാരണം അനുകമ്പയുടെ രാഷ്ട്രീയം ആ മുസ്ലീം സ്ത്രീക്ക് പകർന്നു കൊടുക്കുന്ന മുത്തപ്പനെ കണ്ടത് കൊണ്ടാണ് … ആ വീഡിയോ കാണുമ്പോൾ അതിലെ സ്ത്രീക്കൊപ്പം ഞാനും കരയുകയായിരുന്നു… ഇതാ ഇപ്പോഴിത് കുറിക്കുമ്പോഴും ആ കരച്ചിൽ അവസാനിച്ചിട്ടില്ല …. ആ സ്ത്രീയെ എനിക്കറിയില്ല അവരുടെ ഹൃദയ നൊമ്പരത്തിന്റെ കാരണവും എനിക്കറിയില്ല പക്ഷേ ആ കണ്ണുനീരിന്റെ രാഷ്ട്രീയം എനിക്കറിയാം അനുകമ്പയും കാരുണ്യവും സമ്മാനിച്ച ആശ്വാസകണ്ണീർ … മതങ്ങൾക്കും ദൈവങ്ങൾക്കും നൽകാൻ കഴിയാത്ത അഭൗമ സൗന്ദര്യമുള്ള വാക്കുകൾ മതങ്ങൾക്കപ്പുറം ആത്മീയ ചൈതന്യമുള്ള മനുഷ്യർ മനുഷ്യ ഹൃദയങ്ങളിലേക്ക് വാരി നിറയ്ക്കുന്നു .. ശാന്തത സമ്മാനിക്കുന്നു ….

ഡിസംബർ പത്താം തീയതി വൈകുന്നേരം തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിലൊരൂ പ്രോഗ്രാമിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് തുമ്പി ഫോണിൽ വിളിച്ച് ബിപിൻ റാവത്ത് വിഷയത്തിലെ എന്റെ ഫേസ് ബുക്ക് പോസ്റ്റ് നാട്ടിലുണ്ടാക്കുന്ന കോലാഹലത്തെ കുറിച്ച് പറയുന്നത് സ്ഥിരമുണ്ടാകുന്ന കോലാഹലം ആയതുകൊണ്ട് അതിനെ ചിരിച്ചു തള്ളുമ്പോൾ പക്ഷേ അവൾ പറഞ്ഞത് അതുപോലല്ലമ്മാ ഇത് വലിയ പ്രശ്നമാണ് അമ്മായി ( ഹൗസ് ഓണറുടെ മരുമകൾ ) ഒക്കെ അമ്മയ്ക്കെതിരെ വാട്സാപ്പിൽ രാജ്യദ്രോഹി എന്ന് വിളിച്ച് സ്റ്റാറ്റസ് ഇട്ടിട്ടുണ്ട് ഇത് പറയുമ്പോൾ അവളുടെ ശബ്ദത്തിലെ ഇടർച്ച ഞാൻ അറിയുന്നുണ്ടായിരുന്നു …ഒന്നൂല്ലെടി ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു … പ്രോഗ്രാം അവസാനിക്കും മുൻപ് തന്നെ ഹാളിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ അവളുടെയരികിൽ പെട്ടെന്നെത്തണം എന്ന് മാത്രേയുണ്ടായിരുന്നുള്ളൂ…..

വീട്ടിലെത്തുമ്പോൾ ഞാൻ നേരിട്ട പ്രതിസന്ധി ചെറുതായിയുന്നില്ല അമ്മയുടെ എനിക്ക് നേരെയുള്ള വിമർശനം കുറ്റപ്പെടുത്തലും പൊട്ടിക്കരച്ചിലുമായൊഴുകി … പ്രസ്തുത പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയാത്തപക്ഷം ഒരാഴ്ചയ്ക്കുള്ളിൽ വീട് മാറണം എന്ന ശാസന വന്ന് കഴിഞ്ഞിരിക്കുന്നു …. സ്വന്തം രാജ്യത്തെ മുസ്‌ലിങ്ങൾക്കൊപ്പം നിന്ന് ഒറ്റിക്കൊടുക്കുന്നവൾ നെയ്യാറ്റിൻകരയിൽ ജീവിക്കണ്ട എന്ന ആക്രോശങ്ങളാണ് ചുറ്റും ….

ഫാസിസ്റ്റ് കാലമാണ് ഒരു സംഘടനയുടെയോ രാഷ്ട്രീയ പാർട്ടിയുടെയോ പിന്തുണയില്ലാതെ സ്വന്തം റിസ്കിൽ മാത്രം രാഷ്ട്രീയ ഇടപെടലുകൾ നടത്തുന്ന ഒരു സ്ത്രീ … ആരെങ്കിലും കൂടെയുണ്ടാകും എന്ന യാതൊരു പ്രതീക്ഷയുമില്ലാതെ രാഷ്ട്രീയ നിലപാടുകൾ പറയുന്ന സ്ത്രീ… അവളുടെ പ്രായമായ അമ്മ 13 വയസുള്ള മകൾ ആ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല …സംഘികളുടെ ബോംബ് ഭീഷണിയിൽ ഭയന്നിട്ടല്ലത് രാഷ്ട്രീയ നിലപാടുകളുടെ പേരിൽ കുടുംബത്തിന്റെ സമാധാനം ദിനം പ്രതിയെന്നവണ്ണം തകരുന്നതിനെ കുറിച്ചോർത്ത് …

പോസ്റ്റ് പിൻവലിച്ചു കിട്ടുന്ന വാടക വീട് എനിക്ക് വേണ്ട എന്നത് ഉറച്ച നിലപാടായിരുന്നു … അപ്പോഴും ഹൃദയത്തിൽ കൂട് കൂട്ടിയ സങ്കടപ്പക്ഷി മനഃസമാധാനത്തെ വെല്ലുവിളിക്കുന്നുണ്ട് …. പിറ്റേന്ന് രാവിലെ ഓടിയത് അപ്പൂപ്പനുറങ്ങുന്ന ആ മണ്ണിലേക്കാണ് …. കാര്യങ്ങൾ സമചിത്തതയോടെ നേരിടണമെങ്കിൽ ഹൃദയത്തിൽ കൂട് കൂട്ടിയിരിക്കുന്ന സങ്കടപ്പക്ഷി പുറത്തേക്ക് പറക്കണം അതിന് വേണ്ടത് അനുകമ്പ പകരുന്ന ശാന്തതയാണ് …. ആ ശാന്തത തേടി അപ്പൂപ്പനരികിലെത്തിയ ഞാൻ മണിക്കൂറുകൾ അവിടെയിരുന്നു….. മുത്തപ്പന് മുന്നിൽ ആ സ്ത്രീ കരയുന്നത് പോലെ ഒരുപക്ഷേ അതിലും ശക്തമായി ഞാൻ ആർത്തലച്ച് കരഞ്ഞു …..
ഞാനെന്ന മനുഷ്യ ജീവി അഥവാ ശത്രു അവിടെയിരിക്കുന്നുണ്ട് എന്ന യാതൊരു അസ്വസ്ഥതകളോ ഭയമോ ഇല്ലാതെ നാല് തവണ എനിക്ക് മുന്നിലൂടെ ഒരു നീളമുള്ള പാമ്പ് അങ്ങോട്ടുമിങ്ങോട്ടും ഇഴഞ്ഞു നീങ്ങി ….
അവിടെ നിന്ന് ശാന്തത കൈവരിച്ച മനസുമായി തിരിഞ്ഞു നടക്കുമ്പോൾ ഫോണെടുത്ത് ആദ്യം വിളിച്ചത് ഹൗസ് ഓണറെ ആയിരുന്നു…. മാർച്ചിലേ ഇറങ്ങാൻ കഴിയൂ അതുവരെ ആ വീട്ടിൽ താമസിക്കും നിങ്ങൾക്കെന്നെ ബലം പ്രയോഗിച്ച് ഇറക്കി വിടാൻ കഴിയില്ല … നിയമപരമായി നേരിട്ടോളൂ … മാത്രമല്ല പോസ്റ്റ് പിൻവലിക്കില്ല …..
മാർച്ചിൽ ഈ വീട്ടിൽ നിന്നും മാറാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ
പ്രതികരണങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു …. അതേ റിസ്കിൽ തന്നെ …
പൊരുതാനുള്ള ആയുധവും ആശ്വാസവും പ്രപഞ്ചത്തിൽ നിന്ന് കണ്ടെത്തുന്നവർക്ക്, അനുകമ്പയും അഭയവും കാരുണ്യവും അനിവാര്യമായ മനുഷ്യർക്ക് മുത്തപ്പനെ പോലുള്ള അനുകമ്പ രാഷ്ട്രീയമാക്കിയ മനുഷ്യരെ കാണുമ്പോൾ ആത്മാവിൽ നിറയുന്ന ആനന്ദത്തിന് അതിരുകളുണ്ടാകില്ല …..
മുത്തപ്പൻ ❤

shortlink

Related Articles

Post Your Comments

Related Articles


Back to top button