KannurKeralaNattuvarthaLatest NewsNews

ഹരിദാസ് വധക്കേസ്: ഒരാൾ കൂടി പിടിയിൽ, കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്

കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ പൊലീസിന്‍റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു.

കണ്ണൂർ: തലശ്ശേരി ന്യൂമാഹി പുന്നോലിലെ ഹരിദാസിന്റെ കൊലപാതക കേസില്‍ ഒരാൾ കൂടി പിടിയിലായി. പുന്നോൽ സ്വദേശി നിജിൽ ദാസാണ് കേസിൽ ഇന്ന് പിടിയിലായത്. ഇയാൾ കൊലയാളി സംഘത്തിൽ ഉൾപ്പെട്ടിരുന്നതായി പൊലീസ് സംശയിക്കുന്നു. കേസിൽ ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡന്റും തലശ്ശേരി നഗരസഭാ വാർഡ് കൗൺസിലറുമായ ലിജേഷ് ഉൾപ്പടെ 4 ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ ഇതുവരെ അറസ്റ്റിലായി. ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവരെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ പൊലീസിന്‍റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. ഉത്തരമേഖലാ ഐ.ജി അശോക് യാദവ്, കണ്ണൂർ ഡി.ഐ.ജി, സിറ്റി പൊലീസ് കമ്മീഷണർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Also read: പുകയില ഉൽപന്നങ്ങൾക്ക് നിലവാരമില്ല : തിരിച്ച് കൊണ്ടുപോകവേ പൊലീസ് പിടികൂടി, പ്രതികൾ അറസ്റ്റിൽ

തലശ്ശേരി മുനിസിപ്പാലിറ്റിയിലെ വാർഡ് കൗൺസിലറും, കൊമ്മൽ വയൽ സ്വദേശിയുമായ ലിജേഷ്, പുന്നോൽ സ്വദേശികളായ വിമിൻ അമൽ, മനോഹരൻ ഗോപാൽ, പേട്ട സ്വദേശി സുനേഷ് എന്നിവരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. ലിജേഷാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് കണ്ടെത്തി.

ക്ഷേത്രത്തിലെ സംഘർഷത്തിന് പിന്നാലെയുള്ള ലിജേഷിന്റെ പ്രസംഗം കൊലപാതകത്തിന് പ്രേരണയായതായി പൊലീസ് കരുതുന്നു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയാണ് ഹരിദാസനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് കൊലപാതകം നടന്നതിന് പിന്നാലെ തന്നെ സി.പി.എം ആരോപിച്ചിരുന്നു. എന്നാൽ, ആരോപണം തള്ളിക്കൊണ്ട് ബി.ജെ.പി നേതൃത്വം രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button