Latest NewsArticle

ഉപരോധം വെറും ഉമ്മാക്കി : പുല്ലുവില കൊടുത്ത് പുടിൻ

ദാസ് നിഖിൽ എഴുതുന്നു…

ഉക്രൈൻ അധിനിവേശത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയ സമയം മുതൽ അമേരിക്കയും സഖ്യകക്ഷികളും റഷ്യയെ വിരട്ടുന്നത് ഉപരോധമെന്ന ഉമ്മാക്കി കാണിച്ചാണ്. എന്തൊക്കെയാണ് യഥാർത്ഥത്തിൽ ഉപരോധിക്കപ്പെടാൻ സാധ്യതയെന്ന് നമുക്കൊന്ന് നോക്കാം.

സ്വിഫ്റ്റ് ഉപരോധം

റഷ്യയെ സ്വിഫ്റ്റിൽ നിന്നും ഒഴിവാക്കാനാണ് ആദ്യത്തെ സാധ്യത. ആഗോള സാമ്പത്തിക സേവനമായ സ്വിഫ്റ്റ് ഒരു അതിവേഗ ബാങ്കിംഗ് സിസ്റ്റമാണ്. ദ്രുതഗതിയിലുള്ള പണം കൈമാറ്റമാണ് ഇതിന്റെ മുഖമുദ്ര. ലോകത്തെ ആയിരക്കണക്കിന് സാമ്പത്തിക സ്ഥാപനങ്ങളും രാജ്യങ്ങളും ഉപയോഗിക്കുന്ന ഒരു പണമിടപാട് സേവനം കൂടിയാണ് സ്വിഫ്റ്റ്‌. ഇത് ഉപയോഗിക്കുന്നതിൽ നിന്നും റഷ്യയെ ഒഴിവാക്കിയാൽ, റഷ്യൻ സമ്പദ് വ്യവസ്ഥയിലേക്ക് പണം വന്നുചേരുന്ന വഴികൾ സിംഹഭാഗവും അടയും.

അമേരിക്കയുടെ സമ്മർദം മൂലം, 2012-ൽ സ്വിഫ്റ്റിൽ നിന്നും ഇറാനെ ഒഴിവാക്കിയിരുന്നു. കനത്ത സാമ്പത്തിക നഷ്ടമാണ് ഇതു മൂലം അന്ന് ഇറാനുണ്ടായത്. എണ്ണ കയറ്റുമതി ചെയ്തതിലൂടെ വരാനിരുന്ന തുകകൾ മുഴുവൻ വഴിയിൽ കുടുങ്ങി. വിദേശ വ്യാപാരത്തിലൂടെയുള്ള വരുമാനം ഏതാണ്ട് 30% നിലച്ചു.

പക്ഷേ, ഇവിടെ കളി മാറും.ചെറുതായി ഒന്ന് ആടിയാലും റഷ്യയ്ക്ക് ഇതു കൊണ്ട് കാര്യമായൊന്നും സംഭവിക്കില്ല. വേറെ ഏതെങ്കിലും വഴിയിലൂടെ എണ്ണയും ഗ്യാസും വിറ്റതിന്റെ വില റഷ്യയിൽ എത്തും. സ്വിഫ്റ്റിലൂടെയല്ലെങ്കിൽ, ചൈനീസ് ക്രോസ് ബോർഡർ ഇന്റർ ബാങ്ക് പെയ്മെന്റ് സിസ്റ്റം പോലെയുള്ള ഏതെങ്കിലും മറ്റു സംവിധാനങ്ങൾ പുടിൻ ഭരണകൂടം അവലംബിക്കും. എന്നാൽ, യൂറോപ്പിലെ മിക്ക രാഷ്ട്രങ്ങളുടെയും കാര്യം ഇതോടു കൂടി കുഴപ്പത്തിലാകും. യൂറോപ്പിലെ ക്രൂഡ് ഓയിലിന്റെ 26 ശതമാനവും ഗ്യാസിന്റെ 38 ശതമാനവും റഷ്യയാണ് വിതരണം ചെയ്യുന്നത്. അതു മുടങ്ങിയാൽ കാര്യം കഷ്ടമാവും. അതുകൊണ്ടു തന്നെ, പെട്ടെന്ന് എടുത്തു ചാടി സ്വിഫ്റ്റിൽ നിന്നും റഷ്യയെ ഒഴിവാക്കില്ലെന്ന് വൈറ്റ്ഹൗസ് പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎസ് ഡോളർ ഉപയോഗത്തിന് വിലക്ക്

പിന്നെയുള്ള സാധ്യത യുഎസ് ഡോളർ ഉപയോഗിക്കുന്നതിൽ നിന്നും റഷ്യയും റഷ്യൻ അനുബന്ധ സ്ഥാപനങ്ങളെയും വിലക്കുക എന്നതാണ്. റഷ്യയുമായി ഡോളർ ഇടപാട് നടത്തുന്ന ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിന് കനത്ത പിഴ ചുമത്തുകയും ചെയ്യും. എന്നാൽ, റഷ്യ ഇതിനുപകരം എണ്ണ കയറ്റുമതിയെങ്ങാൻ നിർത്തിയാൽ ലോകത്ത് ഗുരുതരമായ എണ്ണ ക്ഷാമമുണ്ടാകും. അതു കൊണ്ട് അതിനും സാധ്യത കുറവാണ്.

ബാങ്കുകളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുക

റഷ്യൻ ബാങ്കുകളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുക. അതുവഴി, അന്താരാഷ്ട്ര ഇടപാടുകളെ സ്തംഭിപ്പിക്കുക. അങ്ങനെ സംഭവിച്ചാൽ, റൂബിൾ വില ഇടിയാനും റഷ്യയിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവാനും കാരണമായേക്കാം. പക്ഷേ, ഇതിനും റഷ്യ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ തന്നെ ആറോളം റഷ്യൻ ബാങ്കുകളെ പാശ്ചാത്യർ ബ്ലാക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതിനാൽ, മുൻപേ പണി മണത്ത പുടിൻ,ഏതാണ്ട് 630 ബില്യൺ യുഎസ് ഡോളറിന് (464 ബില്യൺ യൂറോ) തുല്യമായ റിസർവുകൾ അവരുടെ സെൻട്രൽ ബാങ്കിൽ കരുതൽ ധനമായി സൂക്ഷിച്ചിട്ടുണ്ട്. അതു കൊണ്ട് റഷ്യയെ വിരട്ടാൻ ആ വഴിയും നടക്കില്ല.

ചുരുക്കം പറഞ്ഞാൽ, ആകെ നടക്കുന്ന കാര്യം യു.ഇ.എഫ്.എ പറഞ്ഞതുപോലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വേണമെങ്കിൽ സെൻ പീറ്റേഴ്സ് ബർഗിൽ നിന്ന് മാറ്റിവയ്ക്കുകയോ മറ്റോ ചെയ്യാം. അച്ചാർ മുതൽ ആണവ ഇന്ധനം വരെ സ്വന്തമായി ഉണ്ടാക്കുന്ന റഷ്യയെ മുൾമുനയിൽ നിർത്താൻ തക്ക യാതൊരു വജ്രായുധവും അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയോ കയ്യിലില്ല. റഷ്യൻ ആയുധങ്ങളുടെയും യുദ്ധവിമാനങ്ങളുടെയും ഉപഭോക്താക്കളാണ് നല്ലൊരു ശതമാനം രാജ്യങ്ങളും. യുഎസിന്റെ വാക്കും കേട്ട് ചാടിയിറങ്ങിയ സെലൻസ്കി, ഇപ്പോൾ ത്രിശങ്കു സ്വർഗ്ഗത്തിൽ നിൽക്കുന്നത് ലൈവ് കണ്ടു കൊണ്ടിരിക്കുന്ന യൂറോപ്യൻ രാഷ്ട്രങ്ങളാരും തന്നെ റഷ്യയെ വെറുപ്പിക്കുകയുമില്ല. കാരണം, അമേരിക്കയെ കണ്ണടച്ച് വിശ്വസിക്കാൻ പറ്റില്ലെന്ന് അനുഭവങ്ങളും ചരിത്രവും അവരെ പഠിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button