KeralaLatest News

‘വ്യാജദൃശ്യങ്ങളിൽ ഖേദം പ്രകടിപ്പിച്ചു, വ്യാജവാർത്തയോ?’ വീഡിയോ ഗെയിം ഉക്രെയ്ൻ യുദ്ധമെന്ന് പ്രചരിപ്പിച്ചതിനെതിരെ പണിക്കർ

കേവലം വ്യാജദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുക മാത്രമായിരുന്നില്ല നിങ്ങൾ ചെയ്തത്. അതിനൊപ്പം ഒരു ഗംഭീര കഥ കൂടി ഇറക്കിയിരുന്നു.

തിരുവനന്തപുരം: ഉക്രെയ്ൻ യുദ്ധമെന്ന പേരിൽ വീഡിയോ ഗെയിം ദൃശ്യങ്ങൾ പങ്കുവെച്ച ചാനലിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീജിത്ത് പണിക്കർ. ഉക്രെയ്ൻ യുദ്ധഭൂമിയിലെ റിപ്പോർട്ടിങ് എന്ന പേരിൽ വീഡിയോ ഗെയിമിലെ ദൃശ്യങ്ങൾ പങ്കുവെച്ചതിന് ചാനലിനെതിരെ വലിയ ട്രോളുകൾ ആയിരുന്നു നടന്നത്. ഇതോടെ ഖേദപ്രകടനവുമായി ചാനൽ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്. ദൃശ്യങ്ങളിൽ നിങ്ങൾ മാപ്പ് പറഞ്ഞു. എന്നാൽ, അതിനൊപ്പം നിങ്ങൾ വളരെ വലിയ വ്യാജവാർത്തയാണ് നൽകിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

എന്നാലുമെന്റെ മാതൃഭൂമി ന്യൂസ് എഡിറ്ററേ, ഈ ഖേദപ്രകടനം മതിയാവില്ലല്ലോ. ഇന്നലെ യുദ്ധദൃശ്യങ്ങൾ എന്ന പേരിൽ നിങ്ങൾ സംപ്രേഷണം ചെയ്തത് വ്യാജദൃശ്യങ്ങൾ ആയിരുന്നല്ലോ. പിന്നീട് അതിൽ ഖേദവും പ്രകടിപ്പിച്ചു. പക്ഷെ, അത്ര ലളിതമായിരുന്നോ കാര്യങ്ങൾ?
കേവലം വ്യാജദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുക മാത്രമായിരുന്നില്ല നിങ്ങൾ ചെയ്തത്. അതിനൊപ്പം ഒരു ഗംഭീര കഥ കൂടി ഇറക്കിയിരുന്നു. ‘അയൽരാജ്യത്തിന്റെ അതിർത്തി കടന്ന വിമാനം തലനാരിഴയ്ക്ക് രക്ഷപ്പെടുന്നു’ എന്നതായിരുന്നു ആ കഥ. അത് വ്യാജവാർത്തയല്ലേ?

എന്തായാലും ഒറിജിനൽ ഗെയിം വിഡിയോയിൽ നിന്ന് ആ വാർത്ത ലഭിക്കില്ലല്ലോ. അത് ആരുടെയോ ഭാവനാവിലാസം അല്ലേ? യുദ്ധസംബന്ധിയായ ആധികാരികത ലവലേശമില്ലാത്ത ഒരു വിദേശ ട്വിറ്റർ ഐഡിയിൽ നിന്നാണ് ഈ കഥയുണ്ടാകുന്നത്. യാതൊരുവിധ ഫാക്ട് ചെക്കും ഇല്ലാതെ നിങ്ങൾ വ്യാജദൃശ്യങ്ങൾക്കൊപ്പം അതേ വ്യാജവാർത്തയും പ്രേക്ഷകരെ അറിയിക്കുകയല്ലേ ചെയ്തത്?

എന്നിട്ടോ?
വ്യാജദൃശ്യങ്ങളുടെ പേരിൽ നിങ്ങൾ ഖേദം പ്രകടിപ്പിച്ചു. വ്യാജവാർത്തയുടെ പേരിലോ? ഇല്ല. തന്നോടുള്ള നിർദ്ദേശപ്രകാരം വാർത്ത വായിക്കുന്ന അവതാരകയുടെ കുറ്റമല്ല അതെന്ന് ന്യായമായും കരുതാം. ജീവനക്കാർക്ക് സ്വന്തം ഇഷ്ടപ്രകാരം കഥ മെനയാനും വാർത്തയെന്ന മട്ടിൽ പ്രചരിപ്പിക്കാനും കഴിയുന്ന സാഹചര്യമാണോ നിങ്ങളുടെ സ്ഥാപനത്തിൽ? എന്താണ് എഡിറ്റോറിയൽ ടീമിന്റെയും മാനേജ്മെന്റിന്റെയും ഉത്തരവാദിത്തം? എങ്ങനെയാണ് ഈ വാർത്തയും അതിന്റെ ഉറവിടവും ആധികാരികമാണെന്ന് നിങ്ങൾ തീരുമാനിച്ചത്?

ഇതിനോടകം നിങ്ങൾ ഞങ്ങളെ കാണിച്ച മറ്റു വാർത്തകളിൽ സമാനമായ ഭാവനാവിലാസം കടന്നുകൂടിയിട്ടില്ലെന്ന് എന്താണ് ഉറപ്പ്?
അബദ്ധത്തിലെങ്കിലും വാഹനം ഇടിച്ച് ഒരാളെ കൊലപ്പെടുത്തിയാൽ, വാഹനം ഇടിച്ചതിന് മാത്രം മാപ്പ് പറയുന്നതാണോ ശരി? അതിലും വലിയ തെറ്റല്ലേ രണ്ടാമത്തേത്? വലിയ തെറ്റിനെ കുറിച്ച് മിണ്ടാതെ, താരതമ്യേന ചെറിയ തെറ്റിന് ഖേദം പ്രകടിപ്പിക്കുന്നതാണോ നിങ്ങൾ പഠിച്ച മാധ്യമധർമ്മം?
സംപ്രേഷണം ചെയ്ത ഒരു ദൃശ്യത്തിൽ പിഴവുപറ്റിയെന്നും അതിൽ ഖേദിക്കുന്നു എന്നുമാണ് നിങ്ങൾ പറഞ്ഞത്.

ഏത് ദൃശ്യത്തിലാണ് പിഴവ് പറ്റിയതെന്നും എന്തായിരുന്നു പിഴവെന്നും നിങ്ങളുടെ പ്രേക്ഷകൻ എങ്ങനെ മനസ്സിലാക്കും? ഖേദപ്രകടനം നടത്തുമ്പോഴെങ്കിലും കാര്യങ്ങളിൽ വ്യക്തത ഉണ്ടാകാമായിരുന്നു. അതിൽ മാന്യതയും ആത്മാർത്ഥതയും കാണിക്കാമായിരുന്നു. അതും ഉണ്ടായില്ല.
എം.പി. വീരേന്ദ്രകുമാർ നയിച്ച പ്രസ്ഥാനമാണ്. പറയാതെ വയ്യ, ഇപ്പോൾ എത്തിയിരിക്കുന്ന നിലവാരം അസ്സലായിട്ടുണ്ട്!

[അതിർത്തി കടക്കാൻ ശ്രമിക്കുന്ന പുടിനെ ചവിട്ടി പുറത്താക്കാൻ ശ്രമിക്കുന്ന സെലൻസ്കിയെന്ന മട്ടിൽ ഇതോടൊപ്പമുള്ള ചിത്രം ആരെങ്കിലും തന്നാൽ വിശ്വസിക്കരുത്. വ്യാജമാണ്. റോഡ് റാഷ് എന്ന പഴയ ഗെയിമാണ്.]

shortlink

Related Articles

Post Your Comments

Related Articles


Back to top button