KeralaCinemaMollywoodLatest NewsNewsEntertainment

ഐഎഫ്എഫ്‌കെയിൽ മണിയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചില്ല, സർക്കാർ സ്മാരകം പണിതില്ല: എല്ലാത്തിനും കാരണം കുശുമ്പ് ആണെന്ന് വിനയൻ

'പക്ഷെ, ഒന്നുണ്ട് മണീ... ഏത് സാംസ്കാരിക തമ്പുരാക്കന്മാർ തഴഞ്ഞാലും, കേരള ജനതയുടെ മനസ്സിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ ഒരു കലാകാരൻ മണിയെപ്പോലെ വേറെ ആരുമില്ല. അതിലും വലിയ ആദരവുണ്ടോ...?' വിനയൻ കുറിച്ചു.

തിരുവനന്തപുരം: കലാഭവൻ മണി മരണമടഞ്ഞിട്ട് ആറ് വർഷങ്ങൾ പിന്നിടുമ്പോൾ, അതുല്യ കലാകാരനെ സാംസ്‌കാരിക ലോകവും, സർക്കാരും തഴഞ്ഞെന്ന് ആരോപിച്ചുകൊണ്ട് സംവിധായകൻ വിനയൻ രംഗത്തെത്തി. തന്നോടുള്ള കുശുമ്പ് മൂലം ചലച്ചിത്ര അക്കാദമി മണിയുടെ റിട്രോസ്പെക്ടീവായി ചലച്ചിത്ര പ്രദർശനം നടത്തിയില്ല. കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായി സ്മാരകം പണിയുമെന്ന് സര്‍ക്കാര്‍ വാഗ്‌ദാനം നൽകി ബജറ്റിൽ തുക വകയിരുത്തിയെങ്കിലും, നിർമ്മിതി പ്രയോഗികമാക്കിയില്ലെന്നും വിനയൻ വിമർശിച്ചു. കലാഭവൻ മണിയോടുള്ള സ്മരണാർത്ഥം പങ്കുവെച്ച കുറിപ്പിലാണ് വിനയൻ ചലച്ചിത്ര അക്കാദമിക്കും സർക്കാരിനും എതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.

Also read: കെഎസ്ആർടിസി ബസിലെ പീഡനം: ഇടപെടാതിരുന്നതിൽ ക്ഷമ ചോദിച്ച് കണ്ടക്ടർ, ഇരയോട് പിന്തുണ പ്രഖ്യാപിച്ച് വനിതാ കമ്മീഷൻ

വിനയന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

‘മണി വിടപറഞ്ഞിട്ട് ആറ് വർഷം.. സ്മരണാഞ്ജലികൾ…

അനായാസമായ അഭിനയശൈലി കൊണ്ടും, ആരെയും ആകർഷിക്കുന്ന നാടൻപാട്ടിന്റെ ഈണങ്ങൾ കൊണ്ടും മലയാളിയുടെ മനസ്സിൽ ഇടം നേടിയ അതുല്യ കലാകാരനായിരുന്നു കലാഭവൻ മണി..

‘കല്യാണസൗഗന്ധികം’ എന്ന സിനിമയിൽ തുടങ്ങി, എന്റെ 12 ചിത്രങ്ങളിൽ മണി അഭിനയിച്ചു. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’, ‘കരുമാടിക്കുട്ടൻ’, ‘രാക്ഷസരാജാവി’ലെ മന്ത്രി ഗുണശേഖരൻ എന്നിവ ഏറെ ചർച്ചയാവുകയും, നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിരുന്നു. മണിയുമായിട്ടുള്ള എന്റെ സിനിമാ ജീവിതത്തിലെ വർഷങ്ങൾ നീണ്ട യാത്രയും, അകാലത്തിലുള്ള മണിയുടെ മരണവും എല്ലാം എൻെറ വ്യക്തി ജീവിതത്തെ പോലും സ്പർശിച്ചിരുന്നു.

മണിക്ക് നേരെ ഉണ്ടായ ചില വിവേചനങ്ങളെ എതിർത്തുകൊണ്ട്, മലയാള സിനിമയ്ക്കുള്ളിൽ തന്നെ എനിക്ക് പലപ്പോഴും പോരാടേണ്ടി വന്നിട്ടുണ്ട്. അതിൽ നിന്ന് ഉണ്ടായ പ്രചോദനം തന്നെയാണ് മണിയെ കുറിച്ച് ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന സിനിമ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്. മലയാള സിനിമയിൽ മറ്റാർക്കും കിട്ടാത്ത നിത്യ സ്മരണാഞ്ജലിയായി അങ്ങനൊരു ചിത്രത്തെ ചരിത്രത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞതിൽ ഞാൻ ഏറെ കൃതാർത്ഥനാണ്.

മണി മരിച്ച വർഷമായ 2016 ലെ ഫിലിം ഫെസ്റ്റിവലിൽ, റിട്രോസ്പെക്ടീവായി കലാഭവൻ മണിയുടെ തിരഞ്ഞെടുത്ത ചില ചിത്രങ്ങൾ പ്രദർശിപ്പിക്കണം എന്ന ഒരു ആലോചന വന്നതായി കേട്ടിരുന്നു. താൻ ഒരു കമ്മ്യൂണിസ്റ്റ് ആണെന്ന് തുറന്നു പറയാൻ എന്നും ആർജ്ജവം കാണിച്ചിട്ടുള്ള വ്യക്തിയായിരുന്നു മണി. മാത്രമല്ല, ദളിത് സമുഹത്തിൽ നിന്നും ഇത്ര ഉന്നതിയിലേക്ക് വളർന്നു വന്ന ആ കലാകാരനെ ഫെസ്റ്റിവലിൽ ആദരിച്ചിരുന്നെങ്കിൽ, കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് തന്നെ അതൊരു ക്രെഡിറ്റ് ആയേനെ.

Also read: റഷ്യ യുദ്ധം തുടരുന്നത് ലോകത്തിനെ തന്നെ പ്രതിസന്ധിയിലാക്കും, ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഇടപെടണം: ലിത്വാനിയൻ അംബാസിഡർ

പക്ഷെ, ചിലരുടെ ആഗ്രഹപ്രകാരം അത് നടന്നില്ല. ചലച്ചിത്ര അക്കാദമിയിലെ അന്നത്തെ ഒരു ഉന്നത ഉദ്യോഗസ്ഥൻ അതിന്റെ കാരണം എന്താണന്ന് എന്നോട് പറഞ്ഞിരുന്നു. മണിയെ കുറിച്ച് അങ്ങനൊരു ചിത്രപ്രദർശനം നടത്തുകയാണെങ്കിൽ, അതിൽ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’, ‘കരുമാടിക്കുട്ടനും’ ആദ്യം തന്നെ ഉൾപ്പെടുത്തേണ്ടി വരും. വിനയനോട് അടങ്ങാത്ത പകയുമായി നടക്കുന്ന അന്നത്തെ ചെയർമാനും, എക്സിക്യൂട്ടീവിലെ മറ്റൊരു പ്രമുഖ സംവിധായകനും അത് സഹിക്കാൻ കഴിഞ്ഞില്ലത്രേ. കുശുമ്പും കുന്നായ്മയും നിറഞ്ഞ നമ്മുടെ ചില സാംസ്കാരിക പ്രവർത്തകരുടെ മനസ്സിനെപ്പറ്റി അറിഞ്ഞപ്പോൾ എനിക്ക് അവരോട് സഹതാപമാണ് തോന്നിയത്. വിനയനോടുള്ള പക എന്തിന് മണിയോട് തീർത്തു….

സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നും ദാരിദ്ര്യത്തിന്റെയും, വേദനയുടെയും കയ്പുനീർ ധാരാളം കുടിച്ച് വളരേണ്ടി വന്ന, കേരളത്തിന്റെ അഭിമാനമായ ആ അതുല്യ കലാകാരന് ഒരു സ്മാരകം തീർക്കുമെന്ന് സർക്കാർ പറഞ്ഞിട്ട് ഇപ്പോൾ ആറ് വർഷം കഴിയുന്നു. ബജറ്റിൽ മൂന്ന് കോടി രൂപ വകയിരുത്തിയിട്ട് പോലും അത് നടന്നില്ല എന്നത് എന്നെ അതിശയിപ്പിക്കുന്നു. നമ്മുടെ സാംസ്കാരിക വകുപ്പിന്റെ മുൻഗണന ഏതിനൊക്കെയാണെന്ന് ചോദിക്കേണ്ടിയിരിക്കുന്നു.

പക്ഷെ, ഒന്നുണ്ട് മണീ… ഏത് സാംസ്കാരിക തമ്പുരാക്കന്മാർ തഴഞ്ഞാലും, കേരള ജനതയുടെ മനസ്സിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ ഒരു കലാകാരൻ മണിയെപ്പോലെ വേറെ ആരുമില്ല. അതിലും വലിയ ആദരവുണ്ടോ…?’

shortlink

Related Articles

Post Your Comments


Back to top button