KeralaLatest NewsNewsIndia

‘ജനാധിപത്യത്തെ കൊല ചെയ്യുന്നു’: നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ മീഡിയാ വണ്ണിനൊപ്പമെന്ന് എസ്.ഡി.പി.ഐ

കോഴിക്കോട്: മീഡിയാ വൺ ചാനലിൻ്റെ സംപ്രേഷണം തടഞ്ഞ, കേന്ദ്ര സർക്കാർ നടപടി ശരിയാണെന്ന് അടുത്തിടെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രസ്താവിച്ചത്. ഈ വിധിക്കെതിരെ ചാനൽ എഡിറ്റര്‍ പ്രമോദ് രാമന്‍ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. വിഷയത്തിൽ പ്രതികരണവുമായി എസ്.ഡി.പി.ഐ രംഗത്ത്. ഭരണഘടനാ മൂല്യങ്ങളെ കോടതി നിരാകരിക്കുകയാണ് ചെയ്തതെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. മീഡിയ വണ്ണിന്റെ വിലക്ക് ചർച്ചയായത് മുതൽ ചാനലിനൊപ്പമെന്ന് അറിയിച്ച് എസ്.ഡി.പി.ഐ മുന്നിൽ തന്നെയുണ്ട്.

താന്‍ എന്ത് കുറ്റത്തിനാണ് ശിക്ഷിക്കപ്പെടുന്നതെന്ന് അറിയാനുള്ള അവകാശം ജനാധിപത്യത്തില്‍ ഏതൊരു പൗരനുമുണ്ട് എന്ന് നിരീക്ഷിച്ച എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി, മീഡിയാ വണ്‍ കേസില്‍ ഈ പൗരാവകാശം പോലും ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. ഭരണകൂടത്തെ വിമര്‍ശിക്കുന്നത് ദേശവിരുദ്ധമായി ചിത്രീകരിക്കുന്നത് അപകടകരമാണെന്നും ഭരണകൂടത്തിന്റെ തെറ്റായ നയ നിലപാടുകളെ വിമര്‍ശിക്കാനുള്ള അവകാശം മാധ്യമങ്ങള്‍ക്കും പൗരന്മാര്‍ക്കുമുണ്ടെന്നും അഷ്‌റഫ് വ്യക്തമാക്കി.

Also Read:മൊബൈൽ ഫോൺ കവർന്ന കേസ് : രണ്ടുപേർ പിടിയിൽ

‘സര്‍ക്കാര്‍ ഫയലില്‍ ഒപ്പുവെക്കുകയല്ല നീതിപീഠത്തിന്റെ ഉത്തരവാദിത്വം. ഭരണഘടനയ്ക്കും പൗരാവകാശത്തിനും കാവലാളാവുകയെന്നതാണ് ജുഡീഷ്യറിയില്‍ നിന്നു പ്രതീക്ഷിക്കുന്നത്. ദേശസുരക്ഷ എന്നു പേരു പറഞ്ഞ് ഭരണകൂടത്തിന് എന്ത് അത്യാചാരവുമാകാമെന്നത് ജനാധിപത്യത്തെ കൊലചെയ്യുന്നതിന് തുല്യമാണ്. മീഡിയാ വണ്ണിനെതിരായ നീക്കം ഈ മേഖലയിലെ ഒടുവിലത്തേതാണെന്ന് വിശ്വസിക്കാനാവില്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ മീഡിയ വണ്ണിനൊപ്പം ശക്തമായി നിലകൊള്ളും’, അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, ചാനലിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ പ്രതികരിച്ച് പ്രമോദ് രാമൻ രംഗത്ത് വന്നിരുന്നു. കേന്ദ്രസർക്കാരിനെതിരെ അദ്ദേഹം വിമർശനമുയർത്തി. ചെയ്ത കുറ്റം എന്താണെന്ന് അറിയാതെ ശിക്ഷ ഏറ്റുവാങ്ങേണ്ട ഗതിയാണ് ഉള്ളതെന്ന് പ്രമോദ് രാമൻ പറഞ്ഞു. സുപ്രീം കോടതിയിൽ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പെഗാസസ് കേസിലെ സുപ്രീം കോടതി നിരീക്ഷണങ്ങള്‍ മീഡിയാ വണ്‍ കേസില്‍ സഹായമാകുമെന്നാണ് പ്രമോദ് രാമൻ കരുതുന്നത്. തന്റെ പോരാട്ടം നീതിക്കും മാധ്യമപ്രവര്‍ത്തനത്തിനും വേണ്ടിയാണ് എന്ന് വ്യക്തമാക്കിയ അദ്ദേഹം, മീഡിയാ വണ്‍ കേസില്‍ സുപ്രീം കോടതിയിലും തിരിച്ചടി നേരിട്ടാല്‍ രാജ്യത്തെ മാധ്യമങ്ങളുടെ ഭാവി തന്നെ ഇരുളടയും എന്നും നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button