Latest NewsNewsIndia

നിയമസഭ തിരഞ്ഞെടുപ്പ് ക്ലൈമാക്സിലേക്ക്: വിചിത്രമായ 5 വസ്തുതകൾ

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് അതിന്റെ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും ബി.ജെ.പി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് അമിത് ഷായും ജെപി നദ്ദയും. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടിങ് നടന്നത്. യു.പിയില്‍ അവസാന ഘട്ട പോളിങ് നടന്നു കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് പത്തിനാണ് ഫലം പ്രഖ്യാപിക്കുക. നിലവില്‍ നാല് സംസ്ഥാനങ്ങളിലും ഭരണം ബി.ജെ.പിക്കാണ്. മോദി തരംഗം എല്ലായിടത്തും അലയടിക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്. പഞ്ചാബ് മാത്രമാണ് ബി.ജെ.പിയെ സംബന്ധിച്ച് ബാലികേറാമലയായി അവശേഷിക്കുന്നത്. അതിന്റെ കാര്യത്തിൽ നീക്കുപോക്ക് ഉണ്ടാകുമോയെന്ന് ഫലം വരുമ്പോൾ മാത്രമേ അറിയാൻ സാധിക്കുകയുള്ളു.

കോവിഡ് കാലത്ത് സർക്കാർ നൽകിയ കരുതലിന്റെ ഗുണം അനുഭവിച്ച ജനങ്ങൾ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് അവർ കരുതുമ്പോൾ, വിപരീത പ്രതീക്ഷയിലാണ് കോൺഗ്രസ്. വോട്ടെണ്ണാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ, രാഷ്ട്രീയ പാർട്ടികളും നേതാക്കളും കണക്കെടുപ്പിന്റെ തിരക്കിലാണ്. ആരൊക്കെ വാഴും, ആരൊക്കെ വീഴും എന്ന കാര്യത്തിൽ ഊഹാപോഹങ്ങൾ മാത്രമേ ഉള്ളു. നിയമസഭ തിരഞ്ഞെടുപ്പിൽ, ജനങ്ങളെ അമ്പരപ്പിച്ച വിചിത്രമായ ചില സംഭവങ്ങളും ഉണ്ടായി. ഇവയിൽ ചിലത് നോക്കാം.

മമത സർക്കാരിനെ വെള്ളം കുടിപ്പിച്ച ഗവർണർ

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും വിചിത്രമായ സംഭവം അരങ്ങേറിയത് അടുത്തിടെയാണ്. പശ്ചിമ ബംഗാൾ സർക്കാരിനെ വെള്ളം കുടിപ്പിച്ച് ഗവർണർ ജഗദീപ് ധൻകരുടെ തീരുമാനം. ബംഗാൾ നിയമസഭാ സമ്മേളനം പുലർച്ചെ 2 മണിക്ക് വിളിച്ചു ചേർക്കാമെന്ന ഗവർണറുടെ പ്രഖ്യാപനം സർക്കാർ അമ്പരപ്പോടെയാണ് കേട്ടത്. നിയമസഭ വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യുന്ന മന്ത്രിസഭാ തീരുമാനത്തിൽ അക്ഷരത്തെറ്റ് ഉണ്ടായതാണ് വിവാദ തീരുമാനത്തിനിടയാക്കിയത്. ചരിത്ര തീരുമാനത്തിലേക്ക് നീങ്ങുന്നതെന്ന് ഗവർണർ പരിഹസിച്ചു. ഗവർണറെ കുറ്റപ്പെടുത്താനൊരുങ്ങിയ, സർക്കാർ ഒടുവിൽ സത്യം തിരിച്ചറിഞ്ഞ് അബദ്ധം പറ്റിയതാണെന്ന് പറഞ്ഞെങ്കിലും അദ്ദേഹം അത് കേൾക്കാൻ തയ്യാറായില്ല. 2 പിഎം എന്നതിനു പകരം 2 എഎം എന്നാണ് മന്ത്രിസഭാ ശുപാർശയിലുണ്ടായിരുന്നത്. അത് ഗവർണർ അംഗീകരിക്കുകയായിരുന്നു. അബദ്ധം സംഭവിച്ചുപോയതാണെന്ന് പറഞ്ഞിട്ടും ഗവർണർ അത് ഉൾക്കൊള്ളാതെ വന്നതോടെ, മന്ത്രിസഭ ചേർന്ന് പുതിയ ശുപാർശ നൽകി. അതോടെയാണ് വിവാദങ്ങൾക്ക് അവസാനമായത്.

യു.പിയിൽ എക്സിറ്റ് പോളുകള്‍ നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

നിയസമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഉത്തർപ്രദേശിൽ എക്സിറ്റ് പോളുകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധനം ഏർപ്പെടുത്തിയത് ചർച്ചയായിരുന്നു. സംസ്ഥാന വ്യാപകമായി എല്ലാ വിധ എക്സിറ്റ് പോളുകള്‍ക്കും നിരോധനമേര്‍പ്പെടുത്തിയാതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഫെബ്രുവരി 10 ന് രാവിലെ 7.00 മുതല്‍ മാര്‍ച്ച്‌ 7 ന് വൈകുന്നേരം 6.30 വരെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ എക്സിറ്റ് പോളുകളും നിരോധിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവിറക്കിയത്. ഈ കാലയളവില്‍ എക്സിറ്റ് പോളുകള്‍ നടത്തുന്നതും അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതും പരസ്യപ്പെടുത്തുന്നതും കുറ്റകരമാണെന്ന് യുപി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അജയ് കുമാര്‍ ശുക്ല അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു .

യു.പിയിൽ മാത്രം സുരക്ഷയ്ക്കായി വിന്യസിച്ചത് 50000 സൈനികരെ, മദ്യശാലകൾക്ക് അടച്ചിടൽ

യുപി തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്, സംസ്ഥാനത്ത് അപ്രതീക്ഷിത സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാനായി വിന്യസിച്ചത് 50000 സൈനികരെയാണ്. വിവിധ അർധസൈനിക വിഭാഗങ്ങളിലെ 412 കമ്പനികളായി 50,000 സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. സംസ്ഥാനത്തെ അതിർത്തികൾ മുഴുവൻ വോട്ടെടുപ്പിന് മുന്നോടിയായി തന്നെ പോലീസ് സീൽ ചെയ്തു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കർശനമായ സുരക്ഷാ മാനദണ്ഡങ്ങളാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. മഥുരയിൽ മാത്രം 75 കമ്പനി സൈന്യത്തെയാണ് വിന്യസിച്ചിരിക്കുന്നത്. മൊത്തം നിയമസഭാ മണ്ഡലത്തിൽ 21,000 സൈനികരുടെ സാന്നിധ്യമുണ്ട്. പോലീസ് ഉദ്യോഗസ്ഥർ ഇലക്ഷൻ കമ്മീഷന്റെ ഉത്തരവുകൾ തുടക്കം മുതൽ പ്രാവർത്തികമാക്കി. ഇതിന്റെ ഭാഗമായി പോലീസ് ചെയ്ത ആദ്യ നടപടി സംസ്ഥാനത്തെ മദ്യശാലകൾ 48 മണിക്കൂർ നേരത്തേക്ക് അടച്ചിടുക എന്നതായിരുന്നു. ഈ വിചിത്ര നടപടിക്കെതിരെ, മദ്യപാനികൾ പ്രശ്നമുണ്ടാക്കിയിരുന്നു.

ദൈവത്താനെ സത്യം ഞാൻ കൂറുമാറില്ല: നേതാക്കളെ കൊണ്ട് സത്യം ചെയ്യിക്കുന്ന കോൺഗ്രസ്

പണം കണ്ടാല്‍ ഏത് കുതിരക്കച്ചവടത്തിനും തയ്യാറാകുന്ന നേതാക്കള്‍ കാരണം ദൈവത്തിനെ കൂട്ടുപിടിക്കേണ്ട അവസ്ഥയാണ് കോണ്‍ഗ്രസിന്. കൂറുമാറ്റം തടയാന്‍ ഗോവയില്‍ സ്ഥാനാര്‍ഥികളെ ആരാധനാലയങ്ങളിലെത്തിച്ച് സത്യപ്രതിജ്ഞ ചെയ്യിച്ച നടപടി മണിപ്പൂരിലും പരീക്ഷിച്ചു. തെരഞ്ഞെടുപ്പിന് ശേഷം കൂറുമാറില്ലെന്ന് നേതാക്കളെ കൊണ്ട് സത്യപ്രതിജ്ഞ ചെയ്യുക്കുകയായിരുന്നു കോൺഗ്രസ്. ഗോവയില്‍ പി ചിദംബരത്തിന്റെ നേതൃത്വത്തില്‍ നേരത്തെ ഇത്തരം സത്യപ്രതിജ്ഞ നടന്നിരുന്നു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ ആകെയുള്ള 60 സീറ്റില്‍ 28 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഇതില്‍ 16 പേര്‍ ബി.ജെ.പിയിലേക്ക് കൂറുമാറിയിരുന്നു. അത് വീണ്ടും സംഭവിക്കാതിരിക്കാനാണ് കോൺഗ്രസിന്റെ പുതിയ പരീക്ഷണം.

നാമൊന്ന്: രാഷ്ട്രീയക്കാരും ജ്യോതിഷികളും തമ്മിലുള്ള അഭേദ്യ ബന്ധം, പഞ്ചാബിലെ പുതിയ കാഴ്ച

പഞ്ചാബിൽ ആവേശം നിറഞ്ഞ തിരഞ്ഞെടുപ്പ് പോരിന് കൊട്ടിക്കലാശം ആയതുമുതൽ ജനം ആർക്കൊപ്പം എന്നറിയാനുള്ള ആകാംക്ഷയിലാണ് ഓരോ പാർട്ടിയും. പഞ്ചാബിലെ ഇതുവരെ കാണാത്ത, ചില കാഴ്ചകളാണ് കണ്ടുവരുന്നത്. തിരഞ്ഞെടുപ്പ് വിധി അനുകൂലമാക്കാൻ ജ്യോത്സ്യരെ പരസ്യമായി സമീപിക്കാൻ പോലും മടി കാണിക്കാത്തവരായി മാറുകയാണ് പഞ്ചാബിലെ രാഷ്ട്രീയ നേതാക്കൾ. രാഷ്ട്രീയക്കാരും ജ്യോതിഷികളും തമ്മിലുള്ള ബന്ധം രഹസ്യമൊന്നുമല്ല. എന്നാൽ, ഇവർ തമ്മിലുള്ള ബന്ധം മൂർധന്യത്തിൽ എത്തിയെന്നാണ് പഞ്ചാബിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ട്. കാര്യം മറ്റൊന്നുമല്ല, ഇന്ത്യയിൽ അലയടിച്ച മോദി തരംഗം ഇത്തവണ പഞ്ചാബ് കരയിലും അലയടിക്കുമോയെന്ന ആശങ്ക കോൺഗ്രസിനെ ജ്യോത്സ്യരുടെ അടുത്തേക്ക് ഓടിക്കുന്നു.

ഇത്തവണ, സ്ഥാനാർഥി പ്രഖ്യാപനം മുതൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വരെ ജ്യോതിഷികളുടെ ഇടപെടലുണ്ടായി. ജ്യോതിഷികൾ തിരക്കിലാണ്. പല സ്ഥാനാർഥികളും ജ്യോതിഷികളെ വോട്ടെണ്ണൽ ദിവസം വീട്ടിലേക്കു ക്ഷണിച്ചിട്ടുണ്ട്. വിധ പാർട്ടികളിലെ നേതാക്കൾ ഭാവിപ്രവചനത്തിനായി തന്നെ സമീപിച്ചെന്നു പഠാൻകോട്ടിലെ ജ്യോത്സ്യൻ മിതിലേഷ് ശാസ്ത്രി വ്യക്തമാക്കിയിരുന്നു. എന്തുസംഭവിക്കുമെന്ന ആകാംഷയും ഭയവുമാണ് അവരെ കൊണ്ട് ഈ ക്ലൈമാക്സ് സമയത്തും ജ്യോത്സ്യരെ സമീപിക്കാൻ പ്രേരിപ്പിക്കുന്നത്.

Also Read:‘ഇതിഹാസം തീർത്ത നേതാ, പിണറായ് സഖാവ് രാജാ’, സോഷ്യൽ മീഡിയയിൽ തരംഗമായി യുവാവിന്റെ റീൽസ്

ഇക്കൂട്ടത്തിൽ തന്നെ എടുത്ത് പറയേണ്ട മറ്റ് ചില വസ്തുതകളുമുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി ആയിരം കോടി രൂപയിലധികം പിടിച്ചെടുത്ത സംഭവം ഏറെ അമ്പരപ്പിക്കുന്നതാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി 1000 കോടിയുടെ കണക്കിൽപ്പെടാത്ത പണവും വസ്തുക്കളും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പിടിച്ചെടുത്തു എന്ന വിവരം ഞെട്ടലോടെയാണ് ഓരോ സംസ്ഥാനവും കേട്ടത്. തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഇത്തരത്തിൽ അനധികൃതമായി പണമൊഴുകുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാൽ, ഇത്തവണ ഒരു സംസ്ഥാനം പോലും വിടാതെ ഈ ലിസ്റ്റിലുണ്ട്. പിടിച്ചെടുത്തതിന്റെ 56 ശതമാനവും മയക്കുമരുന്നാണ്. പഞ്ചാബ്, ഉത്തർപ്രദേശ്, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിൽ നിന്നായി 1018.2 കോടിയുടെ വസ്തുക്കളും പണവുമാണ് പിടിച്ചെടുത്തത്. ഇതിൽ 140. 2 കോടി പണവും 99.8 കോടി വിലവരുന്ന 82 ലക്ഷം ലിറ്റര്‍ മദ്യവും 569.52 കോടിയുടെ മയക്കുമരുന്നും ഉൾപ്പെടുന്നു. 115 കോടി മൂല്യമുള്ള അമൂല്യ ലോഹങ്ങളും സൗജന്യമായി വിതരണം ചെയ്യുന്നതിനെത്തിച്ച 93.5 കോടിയുടെ വസ്തുക്കളും പരിശോധനയില്‍ പിടിച്ചെടുത്തു. പഞ്ചാബിൽ നിന്നാണ് ഏറ്റവും അധികം പണവും വസ്തുക്കളും പിടിച്ചെടുത്തത്, 510.9 കോടി. 376 കോടിയുടെ മയക്കുമരുന്നും ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തു നിന്നും ആകെ പിടിച്ചെടുത്തിന്റെ 66 ശതമാനവും മയക്കുമരുന്നാണ്.

ഇതോടൊപ്പം, കളം മാറി ചവിട്ടുന്ന നേതാക്കൾ കോൺഗ്രസിന് തലവേദനയാക്കി. അങ്ങോട്ടും ഇങ്ങോട്ടുമുള്ള രാജി വെയ്ക്കലും അംഗമെടുക്കലുമായി ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ആകെ കളറായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ഗൗരവത്തില്‍ കാണുന്നില്ലെന്നാരോപിച്ചായിരുന്നു നേതാക്കളും അണികളും ഗോവയിൽ കൂട്ടമായി രാജിവെച്ചത്. ഏതായാലും മോദി പ്രഭാവം ഇത്തവണയും ഉണ്ടാകുമോയെന്ന ആകാംക്ഷയിലാണ് പാർട്ടി. കൈയ്യിൽ നിന്ന് പോയ പഴയ പ്രതാപം തിരികെ പിടിക്കാൻ കോൺഗ്രസും ആവനാഴിയിലെ അവസാന അമ്പും കുലച്ച് കാത്തിരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button