Latest NewsArticleIndia

മാധ്യമങ്ങളെല്ലാം എതിരായിട്ടും രാജ്യത്തെ ഏറ്റവുംവലിയ സംസ്ഥാനത്ത് ബിജെപിക്ക് തുടർഭരണം നേടാനായതിന്റെ പ്രധാനകാരണങ്ങൾ

യുപിയിലെ സ്ത്രീകൾ മലയാള മാധ്യമങ്ങളോട് പറഞ്ഞത്, 'ഇപ്പോൾ ഞങ്ങൾക്ക് ധൈര്യമായി പുറത്തിറങ്ങി നടക്കാം, ഗുണ്ടകളെ കൊന്നൊടുക്കി, ഞങ്ങൾക്ക് വൈദ്യുതി കിട്ടി, ഗ്യാസ് കിട്ടി' എന്നാണ്.

ന്യൂഡൽഹി: രാജ്യത്ത് അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നാലു സംസ്ഥാനങ്ങളിലും ബിജെപിക്ക് തുടർഭരണമാണ് ലഭിച്ചിരിക്കുന്നത്. കർഷകസമരം ആയുധമാക്കിയ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും, എന്തെല്ലാം അടവുകൾ പയറ്റിയിട്ടും ബിജെപിയുടെ വൻവിജയം തടയാനായില്ല. മലയാളമാധ്യമങ്ങൾ കൊട്ടിഘോഷിച്ചത് പോലെ, ഉത്തർപ്രദേശിലെ ജനങ്ങൾക്ക് യോഗി ആദിത്യനാഥ് എന്ന സന്യാസിയുടെ ഭരണത്തിൽ അത്ര വലിയ പ്രശ്നങ്ങൾ തോന്നിയില്ലെന്നു മാത്രമല്ല, അവർ മുന്നേക്കാളും സംതൃപ്തരും ആയിരുന്നു.

കേരളത്തിൽ മിക്കവരും, മലയാള മാധ്യമങ്ങളുടെ ഒരേ അച്ചിലിട്ട് വാർത്തതുപോലെയുള്ള വാർത്തകളെ ഏറെക്കുറെ വിശ്വസിച്ചു. യോഗിയുടെ ഭരണത്തിൽ മുസ്ലീങ്ങൾക്ക് രക്ഷയില്ല എന്നതായിരുന്നു മാധ്യമങ്ങളും, സിപിഎം കോൺഗ്രസ്സ് പോലെയുള്ള പാർട്ടികളും പ്രധാനമായും പ്രചരിപ്പിച്ചിരുന്നത്. ഇത്, ന്യൂനപക്ഷങ്ങളെ ബിജെപിയിൽ നിന്ന് അകറ്റാൻ സഹായിക്കുകയും കേരളത്തിലെ പ്രബല പാർട്ടികൾക്ക് വോട്ടുബാങ്ക് ആകുകയും ചെയ്തു. മറുവശത്ത് എത്ര മോശപ്പെട്ട കാര്യമായാലും ഒരുഭാഗത്ത് മോദിയും, യോഗിയും, ബിജെപിയും ആണെന്നറിയുമ്പോൾ കേരളത്തിലെ ഒരു വിഭാഗത്തിന് കണ്ണും പൂട്ടി എതിർക്കണം എന്ന രീതിയിലായി കാര്യങ്ങൾ.

ബലാത്സംഗവും, പീഢനവും , അക്രമങ്ങളും, കൊലപാതകങ്ങളും കൊണ്ട് വശംകെട്ട ഇന്ത്യയിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന, ഏറ്റവും വലിയ സംസ്ഥാനത്തെ ജനങ്ങൾക്ക്, കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ആ കുറിയ സന്യാസി നൽകിയത് അതിവേഗ പാതകളും , ആശുപത്രികളും, വീടും, വൈദ്യുതിയും, ജോലിയും, കുടിവെള്ളവും , സുരക്ഷയും, ആശുപത്രികളും ആയിരുന്നു. കാവിയെ തീവ്രവാദം എന്ന് മുദ്ര ചാർത്തിയ പ്രതിപക്ഷ കക്ഷികൾക്കില്ലാത്ത തിരിച്ചറിവ്, ഉത്തർപ്രദേശിലെ ജനങ്ങൾ നേടിയെന്ന് വിമർശകർക്ക് മനസ്സിലാക്കാനായില്ല. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ പീഡനം നടന്നിരുന്നതെന്നത് പല റിപ്പോർട്ടുകളിലും നമ്മൾ വായിച്ചിട്ടുണ്ട്.

എന്നാൽ, യോഗി അധികാരത്തിലെത്തിയ ശേഷം ഗുണ്ടകൾക്കും സ്ത്രീപീഡകർക്കും കള്ളപ്പണക്കാർക്കുമെതിരെ ശക്തമായ നടപടിയാണ് എടുത്തത്. യുപിയിലെ സ്ത്രീകൾ മലയാള മാധ്യമങ്ങളോട് പറഞ്ഞത്, ‘ഇപ്പോൾ ഞങ്ങൾക്ക് ധൈര്യമായി പുറത്തിറങ്ങി നടക്കാം, ഗുണ്ടകളെ കൊന്നൊടുക്കി, ഞങ്ങൾക്ക് വൈദ്യുതി കിട്ടി, ഗ്യാസ് കിട്ടി’ എന്നാണ്. യു പി യിൽ ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന വികസനങ്ങൾ, ജീവിതനിലവാരം, മറ്റു ജനക്ഷേമ പരിപാടികൾ, ഇതെല്ലാം മുമ്പെങ്ങുമില്ലാത്ത വിധത്തിൽ നടപ്പിലാക്കിയിട്ടാണ് ബിജെപി ജയിച്ചു കയറുന്നത്. ചിട്ടയായ തെരഞ്ഞെടുപ്പ് പ്രചാരണവും, അഴിമതി മുക്തഭരണവും, വികസനവും ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് നേട്ടമായെന്നാണ് പൊതുവായി വിലയിരുത്തപ്പെടുന്നത്.

വികസനവും ക്ഷേമവും പ്രധാന പരിഗണനകളായി കാണുന്നതിനൊപ്പം തന്നെ ഭാരതത്തിന്റെ സാംസ്‌കാരിക രംഗത്തെ അഴിച്ചുപണിയും, ജീവിതരീതികളിലെ സമൂലമായ മാറ്റവും കൂടി ഭരിക്കുന്നവരുടെ ചുമതലയാണെന്ന് സൂചിപ്പിക്കുന്ന ഭരണമോഡലാണ് യോഗി മുന്നോട്ടുവെച്ചത്. മഹാരാഷ്ട്ര ഭരണം കിട്ടിയപ്പോൾ, മതേതരൻ ആണെന്ന് കാണിക്കാൻ, കാവി വസ്ത്രം ഉപേക്ഷിച്ച ഉദ്ധവ് താക്കറെയുടെ രീതിയല്ല, ഹിന്ദു സന്യാസി എന്ന നിലയ്ക്കുള്ള തന്റെ ഐഡന്റിറ്റി കൃത്യമായി തന്നെ ഉപയോഗിച്ചാണ് യോഗി രാഷ്ട്രീയത്തിനപ്പുറമുള്ള മതപരവും സാംസ്‌കാരികയും ആത്മീയവുമായ കാര്യങ്ങളിലേക്ക് കൂടി കടന്നുചെന്നത്.

ഹിന്ദുത്വം ഒരു ജീവിത രീതിയാണെന്ന തരത്തിലുള്ള യോഗി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും നയങ്ങളും വിജയം കണ്ടെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നത്. വിവാഹത്തിനായുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരായ നിയമനിര്‍മ്മാണം ശക്തമാക്കിയതും കോവിഡ് കാലത്തെ യോഗി സർക്കാരിന്റെ പ്രവർത്തനങ്ങളും ബിജെപിക്ക് മുതൽക്കൂട്ടായി. നിഷ്പക്ഷരായ സാധാരണ ജനങ്ങളുടെ ഇടയില്‍ വേരോട്ടമുണ്ടാക്കാന്‍ മോദിയുടെ അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയുള്ള പ്രചരണത്തിന് കഴിയുകയും ചെയ്തു. യുപിയിൽ ജയിക്കുന്നവർ രാജ്യം ഭരിക്കുമെന്നാണ് പൊതുവെ രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം. യോഗി അടുത്ത പ്രധാനമന്ത്രിയാകുമോ എന്നാണ് ഇപ്പോൾ മാധ്യമങ്ങളിലെ ചർച്ച.

shortlink

Related Articles

Post Your Comments

Related Articles


Back to top button