Latest NewsNewsIndia

പുസ്തകത്തേക്കാൾ അവർക്ക് വലുത് ഹിജാബ്, പ്രോത്സാഹിപ്പിക്കുന്നത് പോപ്പുലർ ഫ്രണ്ട്: ആർ.എസ്.എസ് നേതാവ്

ബംഗളൂരു: ഹിജാബ് വിഷയത്തിൽ ഉയരുന്ന പ്രതിഷേധം ജിഹാദിന്റെ ഒരു രൂപമാണെന്നും പുസ്തകത്തെക്കാൾ വലുതായി ഹിജാബ് തിരഞ്ഞെടുക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള സംഘടനകൾ വിദ്യാർത്ഥിനികളെ പ്രോത്സാഹിപ്പിക്കുകയാണെന്നും ആരോപിച്ച് ആർ.എസ്.എസ് നേതാവ് കല്ലഡ്ക പ്രഭാകർ ഭട്ട് രംഗത്ത്. ബംഗളൂരുവിലെ കുറ്റാറിൽ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ഹിന്ദു ഐക്യത്തിനായുള്ള കൂറ്റൻ കാൽനട മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാനിയ മിർസയെയും എഴുത്തുകാരി സാറ അബൂബക്കറെയും പോലുള്ള സ്ത്രീകൾ ഹിജാബ് ധരിക്കാതെ ഇരിക്കുമ്പോഴാണ്, ചില മുസ്ലീം പെൺകുട്ടികൾ ക്ലാസിൽ ഹിജാബ് ധരിക്കണമെന്ന് നിർബന്ധം പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ഒരു കാര്യം തനിക്ക് വിചിത്രമായി തോന്നുന്നുവെന്നും ഭട്ട് ചൂണ്ടിക്കാട്ടുന്നു. ഹിജാബ് വിഷയത്തിൽ, കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്ന മുസ്ലീം വ്യാപാരികൾ അടുത്തിടെ കടകൾ അടപ്പിച്ചത്, വർഗീയ വിദ്വേഷം വളർത്താനുള്ള ശ്രമമാണെന്നും അത്തരം നടപടി രാജ്യദ്രോഹത്തിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

Also Read:ജീവനക്കാർക്കെതിരെ വാർത്തകൾ വന്നാൽ അന്വേഷിച്ചതിന് ശേഷം മാത്രം നടപടിയെടുക്കുക: ജില്ലാ മേധാവിമാർക്ക് ഡിജിപിയുടെ നിർദ്ദേശം

അതേസമയം, കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയ്‌ക്കെതിരെ കേരളത്തിലും പ്രതിഷേധം ഉയർന്നിരുന്നു. വിധിക്കെതിരെ, സുപ്രീം കോടതിയെ സമീപിക്കുമെന്ന് കേരള മുസ്ലീം ജമാഅത്ത് നേതാവ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കിയിരുന്നു. കർണാടക ഹൈക്കോടതി വിധി പുന:പരിശോധിക്കണമെന്നും കാന്തപുരം പറഞ്ഞു.

ഇസ്ലാം മതത്തിൽ ഹിജാബ് നിർബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിജാബ് വിഷയത്തിൽ വിധി പറഞ്ഞത്. വിധി പറഞ്ഞ ജഡ്ജിക്കെതിരെ വധഭീഷണി മുഴക്കിയും പ്രതിഷേധിച്ചും പലരും രംഗത്തെത്തി. വധഭീഷണി മുഴക്കിയ മൂന്ന് തമിഴ്‌നാട് തൗഹീത് ജമാഅത്ത് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജഡ്ജിമാർക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചെന്ന് കർണാടക മുഖ്യമന്ത്രി അറിയിച്ചു. മൂന്ന് ജഡ്ജിമാരുടെ വസതിയിലും സുരക്ഷ വർധിപ്പിക്കും. ജഡ്ജിമാർക്ക് നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിച്ചുവെന്നും ഇത് പുരോഗമന സമൂഹത്തിന് യോജിച്ചതല്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button