Latest NewsNewsIndiaInternational

ഇന്ത്യയെ അങ്ങനെയങ്ങ് വിട്ടുകളയാൻ ബ്രിട്ടന് കഴിയില്ല: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ബോറിസ് ജോൺസൺ ഇന്ത്യയിലേക്ക്

ലണ്ടൻ: ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളുടെ പശ്ചാത്തലത്തിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇതിന്റെ ഭാഗമായി ബോറിസ് ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കും. ഉക്രൈൻ – റഷ്യ യുദ്ധം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ, ഇന്ത്യയൊഴികെയുള്ള രാജ്യങ്ങൾ ഓരോ രാജ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. റഷ്യയെ പിന്തുണയ്ക്കുന്നവരിൽ നിന്നും ഉക്രൈനെ പിന്തുണയ്ക്കുന്നവരിൽ നിന്നും, വ്യത്യസ്തത പുലർത്തിയത് ഇന്ത്യയായിരുന്നു. നിഷ്പക്ഷ നിലപാടായിരുന്നു ഇന്ത്യ ഉക്രൈൻ – റഷ്യ പ്രതിസന്ധിയിൽ കൈക്കൊണ്ടത്. ഇത് ലോകരാഷ്ട്രങ്ങൾക്ക് തന്നെ മാതൃകയാണ്.

റഷ്യയെ തള്ളിപ്പറയാതെ തന്നെ, ഉക്രൈന് മേലുള്ള സൈനിക നീക്കത്തെ ഇന്ത്യ അപലപിച്ചിരുന്നു. പിന്നീട്, റഷ്യ വിലകുറച്ച് എണ്ണ നൽകാമെന്ന് അറിയിച്ചപ്പോൾ, അത് വാങ്ങാൻ ഇന്ത്യ തയ്യാറായി. റഷ്യ – ഉക്രൈൻ പ്രതിസന്ധി ഉടലെടുത്ത സമയം, ഇന്ത്യ സ്വീകരിച്ച നയം പാശ്ചാത്യ ചേരിയെ പോലും സ്വാധീനിക്കുന്നതായിരുന്നു. അതിനാൽ, റഷ്യയുടെ കൈയ്യിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങാനൊരുങ്ങുന്നുവെന്ന റിപ്പോർട്ട് പാശ്ചാത്യ ശക്തികൾക്കിടയിൽ ചെറുതല്ലാത്ത മുറുമുറുപ്പുകൾ ഉയർത്തിയെങ്കിലും, ഇന്ത്യയെ പൂർണമായി തള്ളി പറയാൻ അവർ തയ്യാറായില്ല. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പോലും ഇന്ത്യയുടെ നീക്കത്തെ തള്ളി പറഞ്ഞില്ല. എണ്ണ വാങ്ങുന്നത് ഉപരോധത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആഗോളവത്ക്കരണവും ഉദാരവത്ക്കരണവും, ഇന്ത്യയെ ലോകവിപണയിൽ കരുത്തുറ്റ സാമ്പത്തിക ശക്തിയാക്കി മാറ്റിയെന്നതിന്റെ തെളിവായിരുന്നു ഇത്.

Also Read:ഓഫീസിൽ മാനസിക പീഡനം: സിന്ധുവിന്റെ മരണം അ‌ന്വേഷിക്കാൻ ജോയിന്റ് ആർ.ടി.ഒയെ വിളിച്ചു വരുത്തും

അതുകൊണ്ട് കൂടെയാണ്, റഷ്യയെ ഇന്ത്യ പരസ്യമായി തള്ളിപ്പറയാതെ ഇരിക്കുമ്പോഴും ഇന്ത്യയുമായി അടുക്കാൻ ബോറിസ് തയ്യാറാകുന്നത്. ഇന്ത്യയുമായി ഒരു സ്വാതന്ത്ര്യ വ്യാപാര കരാർ രണ്ട് രാജ്യങ്ങൾക്കും ഭാവിയിൽ ഗുണം ചെയ്യുമെന്ന തിരിച്ചറിവിലാണ് ഇപ്പോഴത്തെ ഈ അടുപ്പം. കോവിഡ് പാൻഡെമിക് കാരണം, കഴിഞ്ഞ വർഷം രണ്ട് തവണ ഇന്ത്യയിലേക്കുള്ള യാത്ര വേണ്ടെന്ന് വെയ്ക്കാൻ ബോറിസ് ജോൺസൺ നിർബന്ധിതനായിരുന്നു. കഴിഞ്ഞ മാസം ബോറിസ് ജോൺസണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ ഫോൺ കോളിനിടെയാണ്, ബോറിസ് തന്റെ ഇന്ത്യാ സന്ദർശനത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

കഴിഞ്ഞ വർഷം നവംബറിൽ ഗ്ലാസ്‌ഗോയിൽ നടന്ന COP26 കാലാവസ്ഥാ ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും അവസാനമായി നേരിട്ട് കണ്ടത്. 2030-ഓടെ ഇന്ത്യയും യു.കെയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയാകുമെന്ന പ്രതീക്ഷയോടെ, 2021 മെയ് മാസത്തിലെ ഒരു വെർച്വൽ ഉച്ചകോടിയിൽ ഒരു വ്യാപാര കരാറിൽ ഇരുവരും ഒപ്പുവെച്ചിരുന്നു. സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുന്ന ഇന്ത്യയുമായി ഒരു വ്യാപാര കരാർ ഒപ്പു വെയ്ക്കുന്നതിലൂടെ, ബ്രിട്ടീഷ് ബിസിനസുകൾക്കും തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും വലിയ നേട്ടങ്ങൾ ലഭിക്കുമെന്നാണ് ബോറിസ് കരുതുന്നത്.

അതേസമയം, ബോറിസ് ജോൺസണും പ്രധാനമന്ത്രി മോദിയും തമ്മിൽ നടക്കാനിരിക്കുന്ന ചർച്ചയിൽ, ഉക്രൈനിലെ സംഘർഷവും റഷ്യക്കെതിരായ ഉപരോധവും ചർച്ചയാകാൻ സാധ്യതയുണ്ട്. ഉക്രൈനിലെ സ്ഥിവിശേഷങ്ങൾ വിലയിരുത്തിയ ഇന്ത്യ, അക്രമം ഉടൻ അവസാനിപ്പിക്കുകയും ചർച്ചകൾ നടത്തി സമാധാന അന്തരീക്ഷത്തിലേക്ക് ഇരുരാജ്യങ്ങളും മടങ്ങി വരണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button