KeralaLatest NewsIndia

സ്റ്റാലിനുമായുള്ള അണ്ണൻ-തമ്പി ബന്ധം ഉപയോഗിച്ച് മുല്ലപ്പെരിയാർ വിഷയം പരിഹരിക്കണം, 35 ലക്ഷം പേരുടെ ജീവനാണ്: സന്ദീപ്

റഷ്യ ഉക്രൈൻ അടക്കം പല യുദ്ധ മുഖങ്ങളിൽ നിന്നും ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തി ബന്ധം എങ്ങനെ സഹായകരമായി എന്ന കാര്യം നമ്മുടെ മുന്നിലുണ്ട്.

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായുള്ള അടുത്ത ബന്ധം, ഡിഎംകെയുടെ കയ്യിൽ നിന്ന് തിരഞ്ഞെടുപ്പ് ഫണ്ട് വാങ്ങുന്നതിൽ മാത്രമായി ഒതുക്കരുതെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ഈ ബന്ധം ഉപയോഗിച്ച് മുല്ലപ്പെരിയാർ വിഷയം ശാശ്വതമായി പരിഹരിക്കണം, കേരളത്തിലെ 35 ലക്ഷത്തോളം ജനങ്ങളുടെ ജീവനാണ് നിങ്ങളുടെ കൈകളിലുള്ളതെന്ന് സന്ദീപ് ചൂണ്ടിക്കാട്ടി.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

രാഷ്ട്രീയത്തിന് അതീതമായി നേതാക്കൾ തമ്മിലുള്ള വ്യക്തി ബന്ധം കൊണ്ട് ലോകത്തിലെ നീറുന്ന പല പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളുടെ പോലും കാതൽ അതിരുകളില്ലാത്ത ഇത്തരം സൗഹൃദങ്ങളാണ്. റഷ്യ ഉക്രൈൻ അടക്കം പല യുദ്ധ മുഖങ്ങളിൽ നിന്നും ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തി ബന്ധം എങ്ങനെ സഹായകരമായി എന്ന കാര്യം നമ്മുടെ മുന്നിലുണ്ട്.

അസാമും മേഘാലയയും തമ്മിലുണ്ടായിരുന്ന അര നൂറ്റാണ്ട് പഴക്കമുള്ള അതിർത്തി തർക്കം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മധ്യസ്ഥതയിൽ പരിഹരിക്കപ്പെട്ടിട്ട് ഒരു മാസമേ ആയുള്ളൂ.
പിണറായി വിജയനും എം.കെ സ്റ്റാലിനും തമ്മിൽ ഊഷ്മളമായ ബന്ധമാണ് ഉള്ളതെന്ന് പാർട്ടി കോൺഗ്രസ് വേദിയിലെ പ്രകടനത്തിൽ നിന്ന് മനസിലായി. ഒരു തരം അണ്ണൻ തമ്പി ബന്ധം. ഭരണത്തിൽ പിണറായി മാതൃക ആണെന്ന് വരെ സ്റ്റാലിൻ പറഞ്ഞു വെച്ചു.

ഈ ബന്ധം ഡിഎംകെയുടെ കയ്യിൽ നിന്ന് തിരഞ്ഞെടുപ്പ് ഫണ്ട് വാങ്ങുന്നതിൽ മാത്രമായി ഒതുക്കരുതെന്നാണ് പിണറായി വിജയനോട് അഭ്യർത്ഥിക്കാനുള്ളത്.
സ്റ്റാലിനുമായുള്ള അടുത്ത ബന്ധം ഉപയോഗിച്ച് മുല്ലപ്പെരിയാർ വിഷയം ശാശ്വതമായി പരിഹരിക്കണം. കേരളത്തിലെ 35 ലക്ഷത്തോളം ജനങ്ങളുടെ ജീവനാണ് നിങ്ങളുടെ കൈകളിലുള്ളത്. ഈ പ്രശ്നം പരിഹരിക്കാൻ സാധിച്ചാൽ അത് ചരിത്ര സംഭവമാകും. അല്ലായെങ്കിൽ പാർട്ടി കോൺഗ്രസ് പോലെ ഈ പ്രകടനവും വെറും പ്രഹസനമായി മാറും. നാടിനോടുള്ള പ്രതിബദ്ധത തെളിയിക്കാനുള്ള അവസരമായി മുഖ്യമന്ത്രി ഇതിനെ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button