KeralaLatest NewsNews

വൈദ്യുതി ബോർഡ് സമരം ഒത്തുതീർപ്പാക്കുന്നു: വിഷയത്തില്‍  ഇന്ന് ചർച്ച നടത്തും

 

തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ ചെയർമാൻ ബി. അശോകും സി.പി.എം. സംഘടനയായ ഓഫീസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ ധാരണയായി. ഇന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി ചെയർമാനുമായും അസോസിയേഷൻ പ്രതിനിധികളുമായും വിഷയത്തിൽ ചർച്ചനടത്തും.

ഇന്നലെ മന്ത്രി കൃഷ്ണൻകുട്ടിയും മുൻമന്ത്രി എ.കെ. ബാലനും ഈ വിഷയത്തിൽ പാലക്കാട് വച്ച് ചർച്ച നടത്തിയിരുന്നു. പ്രശ്നത്തിൽ പരിഹാരം കണ്ടെത്താൻ എ.കെ. ബാലനെയാണ് സി.പി.എം. ചുമതലപ്പെടുത്തിയത്. ചർച്ചയിലൂടെ പരിഹരിക്കേണ്ട കാര്യങ്ങൾ ഉന്നയിച്ച് അസോസിയേഷൻ ചെയർമാന് കത്തുനൽകും. തുടർന്ന് മന്ത്രിതലത്തിൽ ചർച്ച നടത്താനും തീരുമാനാമായി.

ചെയർമാനെ മാറ്റാതെ പ്രശ്നം പരിഹരിക്കാനാണ് ധാരണ. തർക്കങ്ങൾ തുടരുന്നത് അനുവദിക്കാനാവില്ലെന്നും ഉദ്യോഗസ്ഥരെക്കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്നുമാണ് സി.പി.എം. മന്ത്രിയെ അറിയിച്ചത്.

ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാമെന്ന് സംഘടനാ നേതാക്കളെ എ.കെ. ബാലനും അറിയിച്ചിട്ടുണ്ട്. പ്രസിഡന്റ് എം.ജി. സുരേഷ് കുമാർ, ജനറൽ സെക്രട്ടറി ബി. ഹരികുമാർ എന്നിവരുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാണ് അസോസിയേഷന്റെ പ്രധാന ആവശ്യം. നേരത്തേ സസ്പെൻഡ് ചെയ്ത എക്സിക്യുട്ടീവ് എൻജിനിയർ ജാസ്മിൻ ബാബുവിനെ തിരിച്ചെടുക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.
അ‌തേ സമയം, ചെയർമാന്റെ നടപടികൾക്കെതിരേ കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷൻ വൈദ്യുതി ഭവനുമുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങിയിരുന്നു. എം.ജി. സുരേഷ് കുമാർ, ജനറൽ സെക്രട്ടറി ബി. ഹരികുമാർ എന്നിവരുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന അസോസിയേഷന്റെ ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചാൽ അസോസിയേഷൻ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം അവസാനിപ്പിച്ചേക്കും. വിവിധ ജില്ലകളിൽ നിന്നുള്ള 75-ഓളം പേരാണ് സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നത്.
ബോർഡ് ചെയർമാൻ ഒരു ചാനലിൽ വനിതാ ജീവനക്കാരെയും അസോസിയേഷൻ ഭാരവാഹികളെയും അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തിയെന്ന് അസോസിയേഷൻ ആരോപിച്ചു. ഇതിൽ കേന്ദ്ര നിർവാഹകസമിതി പ്രതിഷേധിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button