KeralaLatest NewsIndia

‘എസ്ഡിപിഐയെ നിരോധിക്കും മുന്‍പ് നിരോധിക്കേണ്ടത് ആര്‍എസ്എസിനെ’: കോടിയേരി

രാജ്യത്ത് നിരവധി തീവ്രവാദസംഘടനകളുണ്ട്. നിരോധിക്കുക പ്രായോഗികമല്ല. നിരോധിച്ചാല്‍ മറ്റു പേരുകളില്‍ ഇതേ സംഘടന വീണ്ടും തുടങ്ങുമെന്ന് കോടിയേരി

തിരുവനന്തപുരം: എസ്ഡിപിഐയെ നിരോധിക്കുന്നതിന് മുന്നേ നിരോധിക്കേണ്ടത് ആർഎസ്എസിനെ ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാജ്യത്ത് നിരവധി തീവ്രവാദസംഘടനകളുണ്ട്. നിരോധിക്കുക പ്രായോഗികമല്ല. നിരോധിച്ചാല്‍ മറ്റു പേരുകളില്‍ ഇതേ സംഘടന വീണ്ടും തുടങ്ങുമെന്ന് കോടിയേരി പറഞ്ഞു. ‘നിരോധനം കൊണ്ട് ആശയത്തെ ഇല്ലാതാകാന്‍ സാധിക്കില്ല. എസ്ഡിപിഐയെ എന്താണ് നിരോധിക്കാത്തതെന്നാണ് ബിജെപി ചോദിക്കുന്നത്. അങ്ങനെയെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍എസ്എസിനെ അല്ലേ.?’

‘രാജ്യം കണ്ട ഏറ്റവും വലിയ തീവ്രവാദ പ്രവര്‍ത്തനം നടത്തിയവരാണ് ആര്‍എസ്എസ്. ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ച, ഗാന്ധിയുടെ കൊലപാതകം. ഇവ നടത്തിയ സംഘടനയാണ് ആര്‍എസ്എസ്.’-കോടിയേരി പറഞ്ഞു. പാലക്കാട് കൊലപാതങ്ങള്‍ ആസൂത്രിതമാണെന്നും കോടിയേരി ആവര്‍ത്തിച്ചു. ‘വര്‍ഗീയ കലാപത്തിനുള്ള പരിശ്രമമാണ് ഇരു സംഘടനകളും നടത്തുന്നത്. പാലക്കാട്ടെ കൊലപാതകങ്ങളിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്നതാണ് ആര്‍എസ്എസിന്റേയും എസ്ഡിപിഐയുടെയും ലക്ഷ്യം. മതസൗഹാര്‍ദം തകര്‍ക്കാനുള്ള ഗൂഢാലോചനയാണ്.’

‘ഭൂരിപക്ഷ, ന്യൂനപക്ഷം വര്‍ഗീയതകള്‍ ചൂണ്ടിക്കാണിച്ച് പരസ്പരം വളരാനുള്ള പരിശ്രമമാണ് നടക്കുന്നത്. വിവിധ മതവിശ്വാസികളില്‍ ഭീതിപരത്തി രക്ഷകന്മാര്‍ ഞങ്ങളാണ് എന്ന് വരുത്താന്‍ പരിശ്രമിക്കുകയാണ്. മതത്തിന്റെ പേരുപറഞ്ഞാണ് ജനങ്ങളെ തിരിക്കുന്നത്. യഥാര്‍ത്ഥ മതവിശ്വാസികള്‍ വര്‍ഗീയ തീവ്രവാദ നിലപാടുകള്‍ക്കെതിരെ നിലപാട് സ്വീകരിക്കണം. മഹാഭൂരിപക്ഷം ജനങ്ങളും വര്‍ഗീയവാദത്തിനും കൊലപാതകത്തിനും എതിരാണ്.’

‘ആര്‍എസ്എസിന്റെ നേൃത്വത്തിലുള്ള കേന്ദ്ര ഭരണം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ രൂപപ്പെടുത്തിയിട്ടുണ്ട്. ഇത് മുതലെടുക്കാനാണ് എസ്ഡിപിഐ ശ്രമിക്കുന്നത്. എന്നാല്‍ ഇത് ഭൂരിപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്തും. വര്‍ഗീയ തീവ്രവാദ നിലപാടുകളെ ജനങ്ങള്‍ ഒറ്റപ്പെടുത്തണം.’ കോടിയേരി പറഞ്ഞു.

‘കൊലപാതകങ്ങള്‍ക്കുശേഷം ആര്‍എസ്എസും എസ്ഡിപിഐയും സര്‍ക്കാരിനും പൊലീസിനുമെതിരായാണ് പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത്. നാട്ടില്‍ കലാപം സൃഷ്ടിച്ച് സര്‍ക്കാരിനെ അസ്ഥിരമാക്കുക എന്നതാണ് ലക്ഷ്യം. ആലപ്പുഴ സംഭവങ്ങള്‍ക്കുശേഷം സംസ്ഥാനത്താകെ പ്രകടനം നടത്തി കലാപം നടത്താനുള്ള ആര്‍എസ്എസ് ശ്രമം പൊലീസ് പ്രതിരോധിച്ചതാണ്. വര്‍ഗീയവാദികള്‍ക്കെതിരെ സുശക്തമായ നിലപാടാണ് എല്‍ഡിഎഫിനുള്ളത്. കലാപകാരികളെ അടിച്ചമര്‍ത്തണം. സമാധാന ജീവിതം ഉറപ്പാക്കുന്നതിനാണ് മുന്‍ഗണന.’ വര്‍ഗീയതയ്‌ക്കെതിരെ സിപിഐഎം ശക്തമായ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button