Latest NewsCinemaBollywoodNewsIndiaEntertainment

‘ക്ഷമിക്കണം, കിട്ടിയ പണം നല്ല കാര്യത്തിന് ഉപയോഗിക്കും: പാൻമസാല പരസ്യത്തിൽ മാപ്പ് പറഞ്ഞ് അക്ഷയ് കുമാർ

ന്യൂഡൽഹി: പാൻ മസാല പരസ്യത്തിൽ അഭിനയിച്ചതിൽ ആരാധകരോട് മാപ്പ് ചോദിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. പരസ്യത്തിൽ അഭിനയിച്ചതിന് താരത്തിന് നേരെ കടുത്ത സൈബർ ആക്രമണമായിരുന്നു നടന്നത്. പുകയില ഉൽപ്പന്നത്തെ പ്രോത്സാഹിപ്പിക്കുകയാണ് താരം ചെയ്യുന്നതെന്നായിരുന്നു പ്രധാന ആക്ഷേപം. ഇതിന് പിന്നാലെയാണ്, ക്ഷമ ചോദിച്ച് അക്ഷയ് കുമാർ രംഗത്ത് വന്നത്. പ്രേക്ഷകരിൽ നിന്ന് ലഭിച്ച പ്രതികരണം തന്നെ ഏറെ വിഷമിപ്പിച്ചുവെന്നും, ഇനി പാൻ മസാല പരസ്യങ്ങളിൽ അഭിനയിക്കുകയില്ലെന്നും അക്ഷയ് അറിയിച്ചു. പരസ്യത്തിൽ നിന്ന് ലഭിച്ച തുക നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുമെന്നും താരം വ്യക്തമാക്കി.

‘ഞാൻ എന്റെ ആരാധകരോടും എല്ലാ പ്രേക്ഷകരോടും ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ പ്രതികരണം എന്നെ ഏറെ വേദനിപ്പിച്ചു. പുകയില ഉപയോഗത്തെ ഞാൻ ഒരിക്കലും പിന്തുണയ്ക്കുകയില്ല. വിമൽ എലൈച്ചിയുമായുള്ള പരസ്യങ്ങൾ മൂലം നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് ഞാൻ മനസ്സിലാക്കുന്നു. വിനയപൂർവ്വം ഞാൻ അതിൽ നിന്ന് പിൻവാങ്ങുന്നു. എനിക്ക് ലഭിച്ച തുക എന്തെങ്കിലും നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുവാൻ തീരുമാനിച്ചു. ഞാനുമായുള്ള കരാർ അവസാനിക്കുന്നത് വരെ അവർ ആ പരസ്യം സംപ്രേഷണം ചെയ്യും. എന്നാൽ, ഭാവിയിൽ ഇത്തരം പരസ്യങ്ങളുടെ ഭാഗമാകില്ല എന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. നിങ്ങളുടെ സ്നേഹം പ്രതീക്ഷിക്കുന്നു’, അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചു.

Also Read:ഗാന്ധി ആശ്രമത്തിൽ ചർക്ക കറക്കി യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ: വീഡിയോ

എന്നാൽ, വിമൽ എലൈച്ചി പരസ്യത്തിന്റെ കരാറിന്റെ കാലാവധി എത്രയാണെന്ന് താരം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് അക്ഷയ് കുമാർ അഭിനയിച്ച വിമൽ പാൻ മസാലയുടെ പരസ്യം പുറത്തിറങ്ങിയത്. അജയ് ദേവ്ഗണും ഷാരൂഖ് ഖാനും പരസ്യത്തിലുണ്ട്. ഇരുവരും പാൻ മസാല ചവച്ചുകൊണ്ട് ആരാണ് ഈ പുതിയ കില്ലാഡി എന്ന് ചോദിക്കുന്നതും അക്ഷയ് കുമാർ പാൻ മസാല ചവച്ചുകൊണ്ട് കടന്നു വരുന്നതുമാണ് പരസ്യം. അക്ഷയ് കുമാറിനെതിരെയാണ് കൂടുതൽ വിമർശനമുയർന്നത്. ഇതിന് കാരണം, അദ്ദേഹത്തിന്റെ തന്നെ പഴയൊരു വീഡിയോ ആണ്. താൻ പുകയില ഉപയോഗിക്കില്ലെന്നും, അത് ആരോഗ്യത്തിന് ഹാനീകരമാണെന്നും താരം പറയുന്നതാണ് ആ വീഡിയോ.

‘ഞാൻ എന്റെ സഹപ്രവർത്തകരോട് ഇത്തരം പ്രൊഡക്ടുകൾ പ്രോത്സാഹിപ്പിക്കരുത് എന്ന് പറയാറുണ്ട്. പ്രേക്ഷകർ അത് അനുകരിക്കാൻ സാധ്യതയുണ്ട്’, എന്നായിരുന്നു പഴയ വീഡിയോയിൽ അക്ഷയ് പറഞ്ഞത്. വർഷങ്ങൾക്ക് മുൻപ് പുകയില ഉൽപ്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കില്ല എന്ന് പറഞ്ഞ അതെ നടൻ ഇന്ന് ‘വിമൽ’ പരസ്യത്തിൽ അഭിനയിക്കുന്നുവെന്നും, അക്ഷയ് കുമാർ ഒരു അവസരവാദിയാണെന്നുമായിരുന്നു നടനെതിരെ ഉയർന്ന വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button