Latest NewsKerala

പാലക്കാട്ടെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പരിശോധന: പ്രഹസനമെന്ന് ബിജെപി

കസ്റ്റഡിയിലെടുത്ത ഇഖ്ബാല്‍, ഫയാസ് എന്നിവരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്.

പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പൊലീസിന്റെ വ്യാപക പരിശോധന. പട്ടാമ്പിയിലെ എസ്ഡിപിഐ സ്വാധീന മേഖലകളിലെ ഓഫിസുകളിലാണ് പൊലീസ് പരിശോധന നടത്തുന്നത്. ശ്രീനിവാസന്‍ വധത്തില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്. കേസില്‍ രണ്ട് പേര്‍ കൂടി അല്‍പ സമയം മുന്‍പ് പൊലീസിന്റെ പിടിയിലായിരുന്നു.

കസ്റ്റഡിയിലെടുത്ത ഇഖ്ബാല്‍, ഫയാസ് എന്നിവരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. കൊലയാളി സംഘത്തിലെ അഞ്ച് പേരെക്കുറിച്ച് കൃത്യമായി വിവരം ലഭിച്ചെന്നും ഐജി അശോക് യാദവ് അറിയിച്ചു. ശ്രീനിവാസന്‍ കൊലക്കേസ് പ്രതികള്‍ പാലക്കാട് പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വ്യാപക പരിശോധനകള്‍ നടത്തിയത്. പട്ടാമ്പി സ്വദേശിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന വിവരവും പൊലീസിന് മുന്നിലുണ്ട്.

ശ്രീനിവാസന്‍ വധക്കേസിലെ പ്രധാന പ്രതികള്‍ കേരളം വിട്ടുപോയിട്ടില്ലെന്ന് ഐജി അശോക് യാദവ് ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു. ഇന്നലെ പിടിയിലായ മൂന്ന് പേര്‍ ശംഖുവാരത്തോട് സ്വദേശികളാണ്. ഗൂഢാലോചനയില്‍ പങ്കാളികളായവരും വാഹനമെത്തിച്ചവരുമാണ് കസ്റ്റഡിയിലായത്. ഇതിലൊരാള്‍ കൃത്യം നടക്കുമ്പോള്‍ മേലാമുറിയിലെത്തിയിരുന്നു. കൃത്യത്തിന് ഉപയോഗിച്ച മൂന്ന് ബൈക്കുകളും ഒരു ഗുഡ്‌സ് ഓട്ടോറിക്ഷയും തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇമാമുൾപ്പെടെ നാല് പേരെ കോടതി റിമാന്റ് ചെയ്തു. ബിലാല്‍, റിസ്വാന്‍, സഹദ്, റിയാസുദ്ദീന്‍ എന്നിവരെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. അതേസമയം, ഇത് വെറും പ്രഹസനമാണെന്നാണ് പാലക്കാട്ടെ ബിജെപി നേതാക്കൾ പറയുന്നത്. മൂക്കിന് താഴെ തീവ്രവാദികൾ ഉണ്ടായിട്ടും കണ്ടില്ലെന്നു നടിക്കുകയാണ് സിപിഎം സർക്കാരും പോലീസും എന്നാണ് ബിജെപിയുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button