KeralaLatest News

‘ഹെൽമറ്റ് വയ്‌ക്കാതെ കാർ ഓടിച്ചു!’ യുവാവിന് മോട്ടോർ വാഹന വകുപ്പിന്റെ വിചിത്രമായ പിഴ അടയ്ക്കൽ നോട്ടീസ്

നോട്ടീസിലെ വാഹനത്തിലെ രജിസ്‌ട്രേഷൻ നമ്പറും, പേരും വിലാസവും എല്ലാം അജിത്തിന്റേതാണ്.

തിരുവനന്തപുരം: ഹെൽമറ്റ് ധരിക്കാതെ കാര് ഓടിച്ചെന്ന് പറഞ്ഞ് യുവാവിന് വിചിത്രമായ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്. വെഞ്ഞാറമ്മൂട് സ്വദേശി എ. അജിത് കുമാറിനാണ് 500 രൂപ പിഴയൊടുക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത്. ഇങ്ങനെയൊരു വിചിത്രമായ പിഴനോട്ടീസ് കിട്ടിയതിന്റെ അമ്പരപ്പിലാണ് സിമന്റ് കടയിൽ ജോലി ചെയ്യുന്ന യുവാവ്.

കാറിന്റെ രജിസ്‌ട്രേഷൻ നമ്പറിന്റെ വിലാസത്തിലാണ് മോട്ടോർവാഹന വകുപ്പ് നോട്ടീസ് അയച്ചത്. നോട്ടീസിൽ കാറാണെന്ന് വ്യക്തമാക്കുന്നുമുണ്ട്. എന്നിട്ടാണ് ഹെൽമെറ്റ് വച്ചില്ലെന്ന് കാണിച്ച് യുവാവിനോട് പിഴ അടയ്‌ക്കാൻ മോട്ടോർവാഹന വകുപ്പ് ആവശ്യപ്പെട്ടത്. നോട്ടീസിലെ വാഹനത്തിലെ രജിസ്‌ട്രേഷൻ നമ്പറും, പേരും വിലാസവും എല്ലാം അജിത്തിന്റേതാണ്. എന്നാൽ നോട്ടീസിനോടൊപ്പം പതിപ്പിച്ചിട്ടുള്ള ചിത്രമാകട്ടെ ഇരുചക്ര വാഹനത്തിന്റേതും. 9811 ആണ് ഇതിന്റെ നമ്പർ. അജിത്തിന്റെ കാറിന്റെ നമ്പർ 9877 ആണ്.

അവസാനത്തെ 11 എന്ന നമ്പർ 77 എന്ന് തെറ്റിദ്ധരിച്ചതാകാം, ഇത്തരത്തിലൊരു നോട്ടീസ് യുവാവിന് അയക്കാൻ കാരണമായത് എന്നാണ് കരുതുന്നത്. തനിക്ക് ആകെയുള്ളത് ഒരു കാർ ആണെന്ന് അജിത് കുമാർ പറയുന്നു. കെ.എൽ 21 ഡി 9877 ആണ് കാറിന്റെ നമ്പർ. തൊട്ടടുത്തുള്ള സിമന്റ് കടയിൽ ആണ് താൻ ജോലി ചെയ്യുന്നത്. നടന്നു പോകാനുളള ദൂരം മാത്രമേയുള്ളൂ. അതിനാൽ, കാർ കൊണ്ടുപോകാറില്ല. ലഭിച്ച നോട്ടീസിന് പിഴയടക്കണോ വേണ്ടയോ എന്ന ആലോചനയിലാണ് താനെന്നും യുവാവ് പറയുന്നു. അതേസമയം, സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന് പരാതി നൽകാൻ ഒരുങ്ങുകയാണ് അജിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button