KeralaCinemaMollywoodLatest NewsNewsEntertainment

‘നീ 10 കൊല്ലം അവന്റെ കൂടെ കിടന്നില്ലേഡി, ഇപ്പം കേസ് കൊടുക്കണമല്ലേ?’:മലയാളികളുടെ വിധി കല്പനകളെ പൊളിച്ചടുക്കുന്ന കുറിപ്പ്

കൊച്ചി: നടൻ വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസിൽ പരാതിക്കാരിയായ നടിയെ പ്രബുദ്ധ മലയാളികൾ സോഷ്യൽ മീഡിയ വഴി അപമാനിക്കുകയാണ്. നടിയുടെ പേരെടുത്ത് പറയാതെയാണ്, പരാതിക്കാരിയെ മോശക്കാരിയാക്കി കൊണ്ടുള്ള കമന്റുകൾ ഇക്കൂട്ടർ നടത്തുന്നത്. ‘ഇത്രയും കാലം അവന്റെ കൂടെ കഴിഞ്ഞതല്ലേ? നിനക്ക് ഒരിക്കൽ സുഖം തന്നവൻ അല്ലെടീ’ എന്ന തുടങ്ങിയ അഴുകിയ ചിന്താഗതികളോട് കൂടിയുള്ള സദാചാരക്കാരുടെ കമന്റുകളാണ് എങ്ങും. ഇത്തരക്കാർക്ക് റേപ്പ് എന്താണെന്ന് അറിയില്ലെന്ന് തന്നെ വ്യക്തം. പ്രബുദ്ധ മലയാളികളുടെ ഇത്തരം വിധി കല്പനകളെ പൊളിച്ചടുക്കുകയാണ് ആയിഷ. റേപ്പ് എന്താണെന്നും, അതിന് നിയമസാധുത വരുന്നത് എപ്പോഴാണെന്നും ‘മലയാളി കൂട്ടങ്ങൾക്കായി’ പങ്കുവെയ്ക്കുകയാണ് ആയിഷ തന്റെ ഫേസ്‌ബുക്കിൽ.

എന്തെങ്കിലും ജോലിയോ പ്രൊമോഷനോ സിനിമയോ റോളോ വാഗ്ദാനം ചെയ്തുകൊണ്ട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് റേപ്പിന്റെ പരിധിയിൽ വരുന്ന കാര്യമാണ്. വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും റേപ്പ് തന്നെയെന്ന് ആയിഷ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. സമൂഹത്തെയും നിയമവ്യവസ്ഥയെയും ഭയന്നും, അറിവില്ലായ്‌മ കാരണവും റേപ്പിനിരയാവുന്ന സ്ത്രീകളിൽ 70 ശതമാനം പേരും പുറത്തു പറയുന്നില്ല. ജസ്റ്റിസ് വർമ്മ റിപ്പോർട്ടിൽ ആണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

ആയിഷയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

റോൾ/ജോലി/പ്രൊമോഷൻ വാഗ്ദാനം ചെയ്തു ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ- റേപ്പാണ്…

വിവാഹ/സഹായ/പ്രേമം വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ- റേപ്പാണ്…

ലഹരി പദാർത്ഥങ്ങൾ നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ- റേപ്പാണ്…

കൺസെന്റ് പിൻവലിച്ച ശേഷം നിർബന്ധിച്ചു ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ- റേപ്പാണ്….

പദവി/പവർ/അധികാരം ഉപയോഗിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ- റേപ്പാണ്…

ഭയം/സംശയം/കൺഫ്യുഷൻ/പരിചയക്കുറവു മുതലെടുത്തു ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ- റേപ്പാണ്.

പങ്കാളിയുടെ പൂർണ്ണ അറിവോടെ, ബോധത്തോടെ, നിയന്ത്രണാധികാരത്തോടെ, മാനസിക സാന്നിധ്യത്തോടെ അല്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ- റേപ്പാണ്.

മലയാളികൾ (സ്ത്രീ-പുരുഷഭേദമെന്യേ) ഓരോ കമന്റ് ബോക്സിലും ചെന്ന് കൂട്ടത്തോടെ; വിവരമില്ലായ്മയിൽ നിന്നും ഉത്തമകുല ബോധത്തിൽ നിന്നും പുളക്കുന്ന ചോദ്യങ്ങളും “ന്യായങ്ങളും” വിധി കൽപ്പിക്കലും തേച്ചു വെക്കുന്നത് കാണുന്നു…

ഇനി ഒരിക്കലും ഒരു പെണ്ണും ഇതിനു മുതിരരുത് എന്ന് ഉറപ്പു വരുത്തുന്നുണ്ട്…

ഭർത്താവോ കാമുകനോ പങ്കാളിയോ ദ്രോഹിച്ചാൽ; “നിനക്ക് ഒരിക്കൽ സുഖം തന്നവൻ അല്ലെടി?”

“നീ 10 കൊല്ലം അവന്റെ കൂടെ കിടന്നില്ലേഡി?”

“നിനക്കു ഇന്നലെ വരെ അവൻ വയറ്റിൽ ചവിട്ടിയപ്പോൾ അവനോടു പൊറുക്കാൻ പറ്റിയതല്ലെടി?”

“നിനക്ക് അയാളുടെ ചിലവിൽ അയാളുടെ വീട്ടിൽ/കിടക്കയിൽ/ സുഖസൗകര്യങ്ങളിൽ ഇത്രേം കാലം ജീവിച്ചിട്ട് ഇപ്പം കേസ് കൊടുക്കണമല്ലെടി?”

എന്ന് നിരന്തരം നിർദാക്ഷിണ്യം വിക്‌ടിം ഷെയിം ചെയ്തു നിശ്ശബ്ദരാക്കണം…

ജസ്റ്റിസ് വർമ്മ റിപ്പോർട്ടിൽ പറയുന്നത് റേപ്പിനിരയാവുന്ന സ്ത്രീകളിൽ 70 ശതമാനം അത് റിപ്പോർട്ട് ചെയ്യുന്നില്ല….

സമൂഹത്തെ ഭയന്നിട്ട്, നിയമവ്യവസ്ഥയെ ഭയന്നിട്ട്, അറിവില്ലായ്‌മ കാരണം, സാമൂഹിക/സാമ്പത്തിക ഉച്ചനീചത്വം കാരണം, ജാതി വ്യവസ്ഥികൾ കാരണം….

ബാക്കി 30 ശതമാനം ആണ് ഇതൊക്കെ മറികടന്നു കഠിനമായ നാൾവഴികളിലൂടെ മാനസികമായും ശാരീരികമായും സാമൂഹികമായും സാമ്പത്തികമായും നഷ്ടങ്ങൾ നേരിട്ടും നേരിടാൻ തയ്യാറായും, ഇത് റിപ്പോർട്ട് ചെയ്യാൻ മുന്നോട്ട് വരുന്നത്… ഈ 30 ശതമാനത്തിൽ 10ഇൽ താഴെയാണ് കേസ് പൂർത്തീകരിക്കുന്നത്…. ആ 10 ശതമാനത്തിൽ എത്താൻ വേണ്ടിയാണ് നിങ്ങളുടെയൊക്ക തെറിയും പേര് വിളിയും മീശ പിരിയും ലിംഗോദ്ധാരണകാഹളങ്ങളും സഹിക്കാൻ തീരുമാനിച്ചു വിരലിൽ എണ്ണാവുന്ന സ്ത്രീകൾ ഒരുമ്പെട്ടിറങ്ങുന്നത്…. അവരിതല്ലാതെ മറ്റൊന്നും നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നില്ല എന്നത് കൊണ്ട് , നിങ്ങളു എല്ലാ തവണയും അത് തന്നെ ചെയ്യണമെന്നില്ല. വളരൂ. ശ്രമിക്കൂ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button