KasargodLatest NewsKerala

ഉഴുന്നുവടയിൽ കിട്ടിയത് തേരട്ട! കാസർഗോഡ് ജില്ലാ ആശുപത്രിയിലെ ലഘുഭക്ഷണ ശാല പൂട്ടി

ആശുപത്രിയില്‍ രോഗിക്കൊപ്പമെത്തിയ കൂട്ടിരിപ്പുകാര്‍ക്കാണ് ഉഴുന്നു വടയില്‍ നിന്ന് ചത്ത തേരട്ടയെ കിട്ടിയത്.

കാസർഗോഡ്: വീണ്ടും ഭക്ഷണത്തിലെ ഗുരുതര ക്രമക്കേടുമായി കാസർഗോഡ് നിന്ന് വാർത്ത. കാസർഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കകത്തെ ലഘുഭക്ഷണ സ്റ്റാളിലെ ഉഴുന്നു വടയില്‍ തേരട്ടയെ കണ്ടെത്തിയത് വലിയ വിവാദത്തിനു കാരണമായി. ആശുപത്രിയില്‍ രോഗിക്കൊപ്പമെത്തിയ കൂട്ടിരിപ്പുകാര്‍ക്കാണ് ഉഴുന്നു വടയില്‍ നിന്ന് ചത്ത തേരട്ടയെ കിട്ടിയത്.

ആശുപത്രിയിലെ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ലഘുഭക്ഷണ ശാല പ്രവര്‍ത്തിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ വീടുകളില്‍ ഉണ്ടാക്കുന്ന വടകളാണ് ലഘുഭക്ഷണ ശാലയില്‍ വില്‍ക്കുന്നത്. സംഭവം ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ, ആശുപത്രി അധികൃതര്‍ സ്ഥാപനം പൂട്ടി. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇവിടെ പരിശോധന നടത്തിയിട്ടുമുണ്ട്.

ഉച്ചയൂണ് ഉൾപ്പെടെ ലഭിക്കുന്ന കാന്റീന്‍ ആശുപത്രിയിലില്ല. ഇതു കാരണമാണ്, സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ലഘുഭക്ഷണ ശാല ഒരുക്കിയത്. ഇവിടെ വടകളെത്തിക്കുന്ന വീട്ടിൽ നിന്നും മറ്റ് കടകളില്‍ നല്‍കിയ മുഴുവന്‍ വടകളും തിരിച്ചെടുത്തിട്ടുണ്ട്.

ജില്ലയില്‍ കഴിഞ്ഞ ദിവസം, ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ വിദ്യാര്‍ത്ഥി മരിച്ച സംഭവം വിവാദമായിരുന്നു. സംസ്ഥാനത്ത് തുടരെ ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, പരിശോധന കർശനമാക്കിയിരിക്കുകയാണ് ആരോ​ഗ്യ വകുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button