KozhikodeLatest NewsKeralaNattuvarthaNews

ഹലാല്‍ എഴുത്ത് ഇല്ലാത്ത ബീഫ് ആവശ്യപ്പെട്ട് പേരാമ്പ്രയിലെ ബാദുഷ സൂപ്പർമാർക്കറ്റിൽ അടിപിടി: ഒരാൾ അറസ്റ്റിൽ

ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് സൂപ്പർമാർക്കറ്റിൽ ആക്രമണം: പിന്നിൽ സംഘപരിവാർ ആണെന്ന് ഡി.വൈ.എഫ്.ഐയും യൂത്ത് ലീഗും

പേരാമ്പ്ര: ഹലാൽ സ്റ്റിക്കർ ഒട്ടിക്കാത്ത ബീഫ് ആവശ്യപ്പെട്ട് കോഴിക്കോട് പേരാമ്പ്രയിൽ അടിപിടി. പേരാമ്പ്രയിലെ ബാദുഷ ഹൈപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മേപ്പയ്യൂര്‍ സ്വദേശി പ്രസൂണിനെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. പ്രസൂൺ അടക്കമുള്ള സംഘം കടയിലെത്തി, ഹലാൽ സ്റ്റിക്കർ പതിപ്പിക്കാത്ത ബീഫ് വേണമെന്ന് പറയുകയും ഇല്ലെന്ന് മറുപടി നൽകിയപ്പോൾ ഇവർ ആക്രമണ സ്വഭാവം പുറത്തെടുക്കുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.

ഒരു സംഘം ആളുകൾ സൂപ്പർമാർക്കറ്റിലെ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. മർദ്ദനമേറ്റ നാല് ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്. ആക്രമണത്തിൽ സൂപ്പര്‍മാര്‍ക്കറ്റിലെ മാനേജരുടെ കയ്യൊടിഞ്ഞിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

നാല് പേർ അടങ്ങുന്ന സംഘം കടയിലേക്ക് വന്ന് ബീഫ് വേണമെന്ന് ആവശ്യപ്പെട്ടു. സൂപ്പര്‍മാര്‍ക്കറ്റില്‍ ബീഫ് സൂക്ഷിച്ചിരുന്ന ഫ്രീസറിനു മുകളില്‍ ഹലാല്‍ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടായിരുന്നു. ഇത് കണ്ടതോടെ, ഹലാല്‍ സ്റ്റിക്കർ ഇല്ലാത്ത ബീഫ് ഉണ്ടോ എന്ന് ഇവർ ചോദിച്ചു. എന്നാൽ, അതില്ലെന്നായിരുന്നു ജീവനക്കാർ മറുപടി നൽകിയത്. ഇതോടെ, സംഘം കടയിലെ ജീവനക്കാരോട് തട്ടിക്കയറി. തർക്കം മൂത്തതോടെ ഇവർ ജീവനക്കാരെ മർദ്ദിച്ചു. തടയാൻ ചെന്ന മാനേജർക്കിട്ടും കിട്ടി.

Also Read:ഐപിഎല്ലില്‍ ഡല്‍ഹിയുടെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നാലാം ജയം

‘ഉച്ചയോടെയായിരുന്നു സംഭവം. സൂപ്പര്‍മാര്‍ക്കറ്റില്‍ മൂന്ന് കമ്പനികളുടെ ബീഫ് ഉണ്ട്. ഇവയുടെ പുറത്തെല്ലാം ഹലാല്‍ എന്ന് എഴുതിയിട്ടുണ്ട്. ഹലാല്‍ എഴുത്ത് ഇല്ലാത്ത ബീഫ് ഇവര്‍ ആവശ്യപ്പെട്ടു. ഇല്ലെന്ന് അറിയിച്ചപ്പോള്‍ ജീവനക്കാരോട് തട്ടിക്കയറി. ഇത് ചോദ്യം ചെയ്തപ്പോഴാണ് മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മർദ്ദനമേറ്റത്. പരിചയമില്ലാത്തവരാണ് ആക്രമണം നടത്തിയത്. ഇവരുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നു’, സൂപ്പര്‍മാര്‍ക്കറ്റ് ഉടമയായ ബാദുഷ പറഞ്ഞു.

അതേസമയം, അറസ്റ്റിലായ പ്രസൂണിനെതിരെ ഐ.പി.സി 308 (കുറ്റകരമായ നരഹത്യാ ശ്രമം) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാൾക്കൊപ്പമുണ്ടായിരുന്ന ആളെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയും യൂത്ത് ലീഗും വ്യാപാരി സംഘടനകളും രംഗത്തെത്തി. സംഭവം ആസൂത്രിതമാണെന്നും, പിന്നിൽ സംഘപരിവാർ ശക്തികളാണെന്നും ഡി.വൈ.എഫ്.ഐയും യൂത്ത് ലീഗും ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button