Latest News

‘ഷവര്‍മ്മയല്ല, യഥാര്‍ത്ഥ വില്ലന്‍ മറ്റൊന്ന്, മന്ത്രിക്ക് രാജിവച്ചു കൂടെ ?’ – ചോദ്യങ്ങളുമായി നടി ശ്രീയ

ബന്ധപ്പെട്ട മന്ത്രിക്ക് തന്റെ വകുപ്പിൽ എന്തെങ്കിലും നിയന്ത്രണം ഉണ്ടെങ്കിൽ ഇനിയെങ്കിലും ഇതിനൊരു അറുതി വരുത്തുക.

മാവേലിക്കര: ഷവര്‍മ്മയില്‍ നിന്നുണ്ടായ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് കാസര്‍കോട് വിദ്യാര്‍ത്ഥിനി മരിച്ചതോടെ ശുദ്ധമായ ഭക്ഷണ സംസ്കാരത്തെക്കുറിച്ച്‌ വലിയ ചര്‍ച്ചകളാണ് നടന്ന് വരുന്നുത്. ഒപ്പം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ഹോട്ടലുകളില്‍ പരിശോധനയും നടക്കുന്നുണ്ട്.

എന്നാൽ, ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് നടി ശ്രീയ എഴുതിയ കുറിപ്പാണ്. ഷവര്‍മ്മയല്ല മറിച്ച്‌ മായം കലര്‍ത്തുന്നത് തടയാത്ത സിസ്റ്റമാണ് യഥാര്‍ത്ഥ വില്ലന്‍ എന്നാണ് താരം കുറിച്ചിരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ ആവര്‍ത്തിച്ച്‌ വരുമ്പോള്‍ കാര്യക്ഷമല്ലാത്ത കേരളത്തിന്റെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പിരിച്ചു വിട്ട് മന്ത്രി രാജിവെച്ചുകൂടേയെന്നും താരം ചോദിക്കുന്നു.

ശ്രീയയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം :

ഷവർമ്മയല്ല മറിച്ച് മായം കലർത്തുന്നത് തടയാത്ത സിസ്റ്റമാണ് യഥാർത്ഥ വില്ലൻ…
ഷവർമ്മ കഴിച്ച ചിലർ മരിക്കുന്നു, ഒരുപാട് പേർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നു എന്ന വാർത്തകൾ ആവർത്തിച്ചു വരുമ്പോൾ കാര്യക്ഷമല്ലാത്ത കേരളത്തിന്റെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പിരിച്ചു വിട്ടുകൂടെ? ഒപ്പം മന്ത്രിക്ക് രാജിവച്ചു കൂടെ ?എന്നാണ് എനിക്ക് ചോദിക്കുവാൻ ഉള്ളത്.
ഷവർമ്മ കഴിച്ച ചിലർ മരിക്കുന്നു, ഒരുപാട് പേർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നു എന്ന വാർത്തകൾ വരുവാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി
നമ്മുടെ നാട്ടിൽ .

ഇത് ആവർത്തിക്കുവാൻ കാരണം ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരുടെ അലംഭാവവും നിയമങ്ങളിലെ പോരായ്മകളുമാണ്. തീർച്ചയായും ക്രമക്കേടുകൾക്ക് കൈക്കൂലിയും വാങ്ങുവാൻ ഉള്ള സാധ്യതയും തള്ളിക്കളയുവാൻ ആകില്ല. ബന്ധപ്പെട്ട മന്ത്രിക്ക് തന്റെ വകുപ്പിൽ എന്തെങ്കിലും നിയന്ത്രണം ഉണ്ടെങ്കിൽ ഇനിയെങ്കിലും ഇതിനൊരു അറുതി വരുത്തുക. ഭക്ഷ്യ വസ്തുക്കൾ വിൽക്കുവാൻ ലൈസൻസ് നിർബന്ധമാക്കുകയും കടകൾ കര്ശനമായ പരിശോധനയും നിയമ ലംഘകർക്ക് പിഴയും നൽകിക്കൊണ്ട് മാത്രമേ മനുഷ്യർക്ക് ധൈര്യമായി ഷവർമ്മ ഉൾപ്പെടെ ഉള്ള ഭക്ഷണങ്ങൾ ജീവഭയം ഇല്ലാതെ കഴിക്കുവാൻ പറ്റൂ.

ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്തുവാൻ ആവശ്യമായ ആധുനിക സൗകര്യങ്ങൾ ഉള്ള ലാബുകൾ ഓരോ ജില്ലയിലും സ്ഥാപിക്കുക. മഹാന്മാരുടെ പേരിൽ കുറെ പ്രതിമകളും , സ്മാരക മന്ദിരങ്ങളും നിർമ്മിക്കുവാൻ കോടികൾ ചെലവിടുന്ന നാടാണല്ലോ. ഇത്തരം ലാബുകൾക്ക് മഹാന്മാരുടെ പേരിട്ടാൽ പൊതു ജനങ്ങൾക്ക് കൂടുതൽ പ്രയോജനം ലഭിക്കും. കനത്ത ശമ്പളത്തിൽ ഒരു പ്രയോജനവും ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത ഒരുപാട് നിയമനങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്, അതെ സമയം മനുഷ്യ ജീവന് ഏറെ ഭീഷണി ഉയർത്തുന്ന ഭക്ഷ്യ വിഷബാധയും ഭക്ഷണത്തിലെ മായം കലർത്തലും നിയന്ത്രിക്കുവാൻ എന്തുകൊണ്ട് നിയമനങ്ങൾ നടക്കുന്നില്ല?

ഒരു പക്ഷെ വിദ്യാഭ്യാസ യോഗ്യത ഉള്ളവരെ ആവശ്യം ആയതുകൊണ്ടാകുമോ?
ഗൾഫിൽ ധാരാളം ഷവർമ്മ കടകൾഉണ്ട് അവിടെ ഒത്തിരി ആളുകൾ ഷവർമ്മ കഴിക്കുന്നുമുണ്ട് എന്നാൽ ഭക്ഷ്യ വിഷബാധയും മരണവും സംഭവിക്കുന്നതായുള്ള വാർത്തകൾ എന്തുകൊണ്ട് അവിടെ നിന്നും ഉണ്ടാകുന്നില്ല എന്നു ശ്രദ്ധിച്ചിട്ടുണ്ടോ? അവിടെ നിയമങ്ങൾ കര്ശനമാണ് അത് പോലെ ബന്ധപ്പെട്ട വകുപ്പ് കൃത്യമായി പരിശോധനയും നടത്തുന്നുണ്ട്. നിയമ ലംഘകർക്ക് വലിയ പിഴയും ചുമത്തും. കടകളുടെ ലൈസൻസ് റദ്ദു ചെയ്യും.

അവിടെ സാധാരണക്കാർ പരാതി നൽകിയാലും നടപടി വരും ഇവിടെ അധികാരികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും കുടുമ്പങ്ങൾക്ക് ഭക്ഷ്യ വിഷബാധ വരാത്തതാണോ അവർക്ക് ഇത്തരം കാര്യങ്ങളിൽ നടപടിയെടുക്കുവാൻ അമാന്തം?
ഇനിയെങ്കിലും കാറ്ററിംഗ് രംഗത്തും കര്ശനമായ ഇടപെടൽ വരണം. എല്ലാ ഭക്ഷ്യ വിതരണ കടകൾക്കും ലൈസൻസ് നിർബന്ധമാക്കുകയും വൃത്തി ഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന കടകൾ അടച്ചു പൂട്ടിക്കുകയും ചെയ്യണം. അത് പോലെ മത്സ്യത്തിൽ മായം ചേർക്കുന്നതിനുള്ള പരിശോധന കർശനമാക്കുകയും വേണം.

മായം മൂലം നമ്മുടെ കുടുംബങ്ങളിലെ അംഗങ്ങൾക്ക് നേരിട്ടും അല്ലാതെയും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഒഴിവാക്കുവാൻ മാറ്റങ്ങൾ വരുത്തുവാൻ പൊതു ജനം ഒരു കാമ്പെയിൻ തന്നെ തുടങ്ങണം. സങ്കുചിതമായ മത – രാഷ്‌ടീയ താല്പര്യങ്ങൾ മാറ്റി സമൂഹത്തിന്റെ പൊതു താല്പര്യമായി ഇതിനെ കാണുക. ഷവര്മയിലും പൊതിച്ചോറിലും മായവും മതവും കലർത്താതിരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button