Latest NewsKeralaNewsIndia

‘കിറ്റക്സിൽ ഇന്നലെ കണ്ട അരാഷ്ട്രീയ ആൾകൂട്ടം ഒരു അപകട സൈറാനാണ്’: അഭിഭാഷകന്റെ വൈറൽ കുറിപ്പ്

കിഴക്കമ്പലം: കേരളത്തില്‍ ഇനി ആം ആദ്മി- ട്വിന്റി ട്വിന്റി സഖ്യം. ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.എപി നേതാവുമായ അരവിന്ദ് കെജ്‌രിവാളാണ് സഖ്യം പ്രഖ്യാപിച്ചത്. ‘ജനക്ഷേമ സഖ്യം’ എന്ന പേരിലായിരിക്കും മുന്നണി അറിയപ്പെടുക. കേരളത്തില്‍ സര്‍ക്കാരുണ്ടാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചു. കിഴക്കമ്പലത്ത് നടന്ന പൊതുസമ്മേളനത്തില്‍ വെച്ചായിരുന്നു സഖ്യം പ്രഖ്യാപിച്ചത്. പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയത് ആയിരക്കണക്കിന് ആളുകൾ ആയിരുന്നു. കിറ്റക്സിൽ ഇന്നലെ കണ്ട അരാഷ്ട്രീയ ആൾകൂട്ടം ഒരു അപകട സൈറാനാണെന്ന് പറയുകയാണ് അഭിഭാഷകൻ ശ്രീജിത്ത് പെരുമന. കിഴക്കമ്പലത്ത് നടന്ന അരാഷ്ട്രീയ ആൾകൂട്ടം ആശ്വാസത്തിനേക്കാൾ ഒരു ജനാധിപത്യ വിശ്വാസി എന്ന നിലയിൽ തന്നെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് ശ്രീജിത്ത് ഫേസ്‌ബുക്കിൽ കുറിച്ചു.

സംഘപരിവാറിന്റെ രാമന് പകരം ഹനുമാനെ മുന്നിൽ നിർത്തുന്ന മൃദു ഹിന്ദുത്വ രാഷ്ട്രീയം തത്കാലം നാട്ടിൽ വേവില്ല എന്ന് ആം ആദ്മി കിറ്റക്സ് ടീം തിരിച്ചറിയണം എന്നും അദ്ദേഹം പറയുന്നു. സംഘപരിവാറിന്റെ വർഗീയ ശബ്ദങ്ങളോടൊപ്പം ചേർന്ന് കേരളത്തിന്റെ ‘ഓണത്തെ’ വാമനജയന്തിയെന്ന് വിളിച്ച് ആശംസാ പോസ്റ്റിട്ട കെജ്‌രിവാളിന്റെ ഹിന്ദുത്വ വിധേയത്വവും ഈ ഘട്ടത്തിൽ പറയാതെ പോകരുത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ശ്രീജിത്ത് പെരുമനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്;

സംഘപരിവാറിന്റെ രാമന് പകരം ഹനുമാനെ മുന്നിൽ നിർത്തുന്ന മൃദു ഹിന്ദുത്വ രാഷ്ട്രീയം തത്കാലം നാട്ടിൽ വേവില്ല എന്ന് ആം ആദ്മി കിറ്റക്സ് ടീം തിരിച്ചറിയണം. സംഘ്പരിവാറിന്റെ വർഗീയ ശബ്ദങ്ങളോടൊപ്പം ചേർന്ന് കേരളത്തിന്റെ “ഓണത്തെ” വാമനജയന്തിയെന്ന് വിളിച്ച് ആശംസാ പോസ്റ്റിട്ട കെജ്‌രിവാളിന്റെ ഹിന്ദുത്വ വിധേയത്വവും ഈ ഘട്ടത്തിൽ പറയാതെ പോകരുത്. കെജ്‌രിവാള്‍ ഇന്ത്യന്‍ മതേതരത്വത്തെ തകര്‍ക്കുമെന്നൊന്നും എനിക്ക് അഭിപ്രായമില്ല. അത് തകര്‍ക്കാന്‍ അതിനേക്കാൾ വലിയ ഭീകര ശക്തികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് പകൽപോലെ വ്യക്തവുമാണ്. കെജ്‌രിവാള്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ പോകുന്നതും നെറ്റിയില്‍ കുറി തൊടുന്നതും ദൈവത്തിന്റെ പേരില്‍ സത്യപതിജ്ഞ ‘ ചൊല്ലുന്നതുമൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്, അവകാശമാണ് സംശയമേതുമില്ല.

എന്താണ് ഇന്ത്യയുടെ മതേതരത്വ സങ്കല്പം? എല്ലാ മതങ്ങള്‍ക്കും മതമില്ലാത്തവര്‍ക്കും ജീവിക്കാനും പ്രവർത്തിക്കാനും ഒരുപോലെ സ്വാതന്ത്ര്യവും അവകാശവുമുണ്ട്, ഇന്ത്യയില്‍ . വിശ്വാസിക്കും അവിശ്വാസിയ്ക്കും യുക്തിവാദിയ്ക്കും അവരവരുടെ വിശ്വാസം പുലര്‍ത്തിക്കൊണ്ട് ജീവിക്കാന്‍ അവകാശമുള്ള ബഹുസ്വരമായ ഒരിടമാണ് ഇന്ത്യന്‍ മതേതരത്വം വിഭാവന ചെയ്യുന്നത്. കെജ്‌രിവാളിന്റെ ഹനുമാന്‍ ചാലിസ മതേതരത്വത്തെ തകര്‍ക്കുമെന്നൊന്നും അതുകൊണ്ട് തന്നെ അഭിപ്രായവുമില്ല. എന്നാൽ ഡല്‍ഹി കലാപത്തില്‍ കെജ്‌രിവാള്‍ ദീക്ഷിച്ച മൗനവും, കശ്മിരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞപ്പോൾ അപ്രഖ്യാപിത ലീവിൽ പോയതും, , ബാബരി മസ്ജിദ് തകര്‍ന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴും, ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നിഷേധിക്കുന്നതിനേക്കുറിച്ച് ചോദിച്ചപ്പോഴും ഹനുമാൻ ചാലിസ പാടിയതും രാജ്യ തലസ്ഥാനം ഭരിക്കുന്ന നേതാവിന് ഭൂഷണമല്ല എന്ന് പറയാതെ വയ്യ.

ഉള്ളി വില കുറയലാണ്, ചുരുങ്ങിയ ചെലവില്‍ വൈദ്യസഹായം ലഭിക്കലാണ്, സൗജന്യ ബസ് യാത്രയാണ് കെജ്‌രിവാളിന്റെ രാഷ്ട്രീയം. അതൊരു അരാഷ്ട്രീയത്തിന്റെ രാഷ്ട്രീയമാണ്. ഹിന്ദുത്വത്തെ ആശയപരമായി പ്രതിരോധിക്കുക എന്നത് അദ്ദേഹത്തിന്റെ വിദൂര അജണ്ടയിൽപോലുമില്ല. പ്രത്യയശാസ്ത്രങ്ങളായിരുന്നില്ല ആം ആദ്മി പാര്‍ട്ടിയെ പണ്ടു മുതല്‍ക്കേ നിയന്ത്രിച്ചു പോന്നത്. ലൈബ്രറി തല്ലി തകർക്കുമ്പോൾ, വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കുമ്പോൾ, വന്ദ്യവയോധികർ തെരുവിലിറങ്ങി പോലീസ് മർദ്ധനമേറ്റുവാങ്ങുമ്പോൾ, ബുൾഡൊസർ ഇറക്കി വീടുകൾ തകർക്കുമ്പോൾ കേജ്രിവാളെ ഏഴയൽവക്കത്ത് പോലും കണ്ടവരില്ല.. എന്നാൽ ഫാസിസത്തിനെതിരെ പോരാടുന്ന കനയ്യ കുമാറിനെതിരെ ദേശ ദ്രോഹ കുറ്റം ചുമത്താനുള്ള അനുമതി നൽകാനും, അയോധ്യയിൽ പള്ളി പൊളിച്ച സ്ഥലത്ത് രാമ ക്ഷേത്രത്തിനോടൊപ്പം ഹനുമാൻ ക്ഷേത്രം പണിയാനുള്ള പ്രഖ്യാപനം നടത്താൻ ആം ആദ്മിയും കെജ്‌രിവാളും മുൻപിലുണ്ടായിരുന്നു.

ഷഹീന്‍ബാഗില്‍ പോയില്ല, ജാമിയിയിലോ ജെ.എന്‍.യുവിലോ അദ്ദേഹത്തെ കണ്ടിട്ടില്ല. പൗരത്വ നിയമ ഭേദഗതിയിലൂടെ ഇന്ത്യന്‍ മതേതരത്വത്തിന് നേരെ ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കെജ്‌രിവാള്‍ ശ്രദ്ധിക്കാതിരുന്നതിൽ നിന്നും അദ്ദേഹത്തിന്റെ അരാഷ്ട്രീയതയുടെ രാഷ്ട്രീയം വ്യക്തമാണ്. കെജ്‌രിവാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്ന സാഹചര്യവും നാം കണക്കിലെടുക്കണം. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തോട് ചേര്‍ന്നു നിന്നുകൊണ്ടാണ് കെജ്‌രിവാള്‍ തന്റെ രാഷ്ട്രീയ വഴികള്‍ കണ്ടെത്തിയത്. കോണ്‍ഗ്രസിനെതിരായുള്ള സമരമെന്ന നിലയില്‍ ഹിന്ദുത്വ സംഘപരിവാർ സംഘങ്ങൾ അതിനെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നതാണ് യാഥാർഥ്യം. മധ്യവര്‍ഗ സമൂഹത്തിന്റെ ഹിന്ദു ആഭിമുഖ്യം കെജ്‌രിവാളിലുമുണ്ടായിരുന്നു. ആ നിലക്ക് കശ്മിരിലെ ജനതയുടെ പൗരാവകാശങ്ങളോ സര്‍ക്കാറിന്റെ മനുഷ്യത്വവിരുദ്ധ നിലപാടുകളോ കെജ്‌രിവാളിനെ ഏറെയൊന്നും വേവലാതിപ്പെടുത്തിയിരിക്കാനിടയില്ല. ബി.ജെ.പിയുടെ രാഷ്ട്രീയത്തെ പ്രത്യയശാസ്ത്രപരമായി വിലയിരുത്താനൊന്നും അദ്ദേഹം ശ്രമിച്ചിട്ടേയില്ല. പ്രത്യയശാസ്ത്രങ്ങള്‍ മരിച്ചിരിക്കുന്നു. അതുകൊണ്ട് പ്രത്യയശാസ്ത്രങ്ങള്‍ക്ക് പുറത്താണ് തങ്ങള്‍ എന്നാണ് പണ്ടേ എ.എ.പി പറഞ്ഞു പോരുന്നത്.

ആം ആദ്മിക്ക് പ്രത്യയശാസ്ത്രപരമായ അടിത്തറയില്ല. സമ്മതിച്ചു. പക്ഷേ സാമാന്യ ജനത്തിന് പ്രത്യയശാസ്ത്രപരമായ വിവേകമുണ്ട്. ഈ വിവേകത്തിനൊപ്പം സഞ്ചരിക്കാന്‍ ആംആദ്മിക്ക് കഴിയുമോ എന്നതാണ് ചോദ്യം. ജനത്തിനുള്ളത് ജനത്തിനും ഹനുമാനുള്ളത് ഹനുമാനും എന്ന നയം ഏതായാലും ബി.ജെ.പിക്കുള്ള ബദലല്ല. ആ അർത്ഥത്തിൽ കേരളം സംഘപരിവാറിന്റെ ബി ടീമിനെയും, കിറ്റക്സ് ആൾക്കൂട്ടത്തെയും കേരളം തിരുത്തുക തന്നെചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button