KeralaLatest News

ഡെപ്യൂട്ടി സ്പീക്കർക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ പരാതിക്ക് മറുപടിയുമായി മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയെന്ന നിലയില്‍ ഉത്തരവാദിത്തങ്ങള്‍ ഏറെയുണ്ട്. അതിനിടയില്‍ മറ്റ് വിവാദങ്ങള്‍ക്ക് സമയമില്ല. തന്റെ മുന്നിലുള്ളത് ജനങ്ങളും അവരോടുള്ള ഉത്തരവാദിത്തവും മാത്രമാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു. വീണ ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള വീണാ ജോര്‍ജ് കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും അടൂര്‍ എംഎല്‍എ കൂടിയായ ചിറ്റയം ഗോപകുമാര്‍ തുറന്നടിച്ചു. പതിവായി അവഗണിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിന്റെ എന്റെ കേരളം പ്രദര്‍ശന മേളയുടെ ഉദ്ഘാടനത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പങ്കെടുത്തിരുന്നില്ല.

‘അധ്യക്ഷത വഹിക്കേണ്ട പരിപാടിയെക്കുറിച്ച്‌ അറിയിപ്പ് കിട്ടിയതു തലേന്നു രാത്രിയാണ്. അതുകൊണ്ട് കൂടിയാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ ജില്ലാ സ്‌റ്റേഡിയത്തില്‍ നടത്തുന്ന എന്റെ കേരളം പ്രദര്‍ശന മേളയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു പോലും ഇതുപോലെ അവഗണിക്കപ്പെട്ടിട്ടില്ല.’

‘അടൂര്‍ മണ്ഡലത്തിലെ പരിപാടികള്‍ ആരോഗ്യമന്ത്രി അറിയിക്കാറില്ല. ഔദ്യോഗിക ആവശ്യങ്ങള്‍ക്കു പലതവണ വിളിച്ചിട്ടുണ്ടെങ്കിലും ഫോണ്‍ എടുത്തിട്ടേയില്ല.’ ഈ കാര്യങ്ങളെല്ലാം സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടി ഉണ്ടാകാത്തതു കൊണ്ടാണ് തുറന്നു പറയുന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞിരുന്നു. ഇതിനെ പത്തനംതിട്ട സിപിഐയും അനുകൂലിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ വീണാ ജോർജിന്റെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button