Latest NewsArticleKeralaNattuvarthaNewsEditorialWriters' Corner

ശിക്ഷ നൽകേണ്ടത് കിരൺ കുമാറിനോ, അതോ വിസ്മയയുടെ അച്ഛനോ? രണ്ടുപേരും കുറ്റവാളികൾ

പെൺകുട്ടികൾ ബാധ്യതയാണെന്നും, കല്യാണത്തോടെ ആ ബാധ്യത തീരുമെന്നും കരുതുന്ന വിഡ്ഢികളായ മനുഷ്യരെ, ഇവിടെ വിവാഹം മൂലം മരിച്ചു വീഴുന്ന ഓരോ പെൺകുട്ടിയുടെയും പച്ച മാംസം ഭക്ഷിച്ചു നിങ്ങൾ വിശപ്പടക്കുക

വിസ്മയ കേസിൽ ഇന്ന് വിധി വരാനിരിക്കെ കേസുമായി ബന്ധപ്പെട്ട് ധാരാളം സംശയങ്ങളും ആരോപണങ്ങളുമാണ് ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വിസ്മയയുടെ അച്ചന്റെ പാരന്റിംഗ് തെറ്റായിരുന്നു എന്നുള്ളതാണ്. സ്വന്തം മകൾ തനിക്ക് ജീവൻ പോലും നഷ്ടപ്പെട്ടേക്കാമെന്ന് വിളിച്ചു പറഞ്ഞിട്ടും സഹിക്കാനും ക്ഷമിക്കാനും പറയുന്ന അച്ഛനാണ് യഥാർത്ഥത്തിൽ ആ പെൺകുട്ടിയെ ആത്മഹത്യയ്ക്ക് വിട്ടു കൊടുക്കുന്നത്. അയാൾ വിചാരിച്ചിരുന്നെങ്കിൽ അവൾ രക്ഷപ്പെട്ടേനെ. ഒരു നല്ല അച്ഛനായിരുന്നെങ്കിൽ മകൾ കരഞ്ഞു പറഞ്ഞിട്ടും, അവളെ കിരണിന്റെ വീട്ടിൽ ഉപേക്ഷിച്ച് അയാൾ മടങ്ങില്ലായിരുന്നു.

Also Read:ആലപ്പുഴയിലെ രാഹുലിനെ കാണാതായിട്ട് 17 കൊല്ലം: കാത്തിരിപ്പിന് വിരാമമിട്ട് പിതാവ് ജീവനൊടുക്കി

അച്ഛനും മകളും തമ്മിൽ ഒരു വലിയ ബന്ധമുണ്ട്. അമ്മയോട് ഏറ്റവുമധികം പെൺകുട്ടികൾ അടുപ്പം നിലനിർത്തുമെങ്കിലും, അവരുടെ ഹീറോ എന്നും തങ്ങളുടെ അച്ഛനായിരിക്കും. സാമൂഹികമായി പുരുഷന് മേൽക്കോയ്‌മയുള്ള സമൂഹമായത് കൊണ്ട് കൂടിയാണ് അത്തരത്തിൽ ഒരു ഹീറോ പരിവേഷം വരുന്നത്. സ്ത്രീകൾ ലീഡ് ചെയ്യുന്ന ഫാമിലികളിൽ അവൾ തന്നെയാണ് ഹീറോ എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. കിരൺ കുമാറിന്റെ പീഡനങ്ങളിൽ നിന്ന് അച്ഛൻ തന്നെ രക്ഷപ്പെടുത്തുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന ഫോൺ കാളിലൂടെ നമ്മൾ കേട്ടത്. എന്നാൽ ഏതൊരച്ഛനും ലജ്ജിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആത്മഹത്യ ചെയ്യും മുൻപ് ഏതൊരു മനുഷ്യനും അവസാനത്തെ പിടിവള്ളി എന്ന തരത്തിൽ അവർക്ക് ഏറ്റവും പ്രിയപ്പെട്ടയാളെ വിളിച്ചു സംസാരിക്കും. ആ പ്രിയപ്പെട്ടയാൾ അവരെ മനസ്സിലാക്കാൻ ശ്രമിച്ചാൽ, ഒപ്പമുണ്ടെന്ന് കാണിച്ച് കൊടുത്താൽ ഇവിടെ വിസ്മയമാർ ഉണ്ടാകുമായിരുന്നില്ല. ഇവിടെ വിസ്മയയുടെ അച്ഛന് അങ്ങനെ ഒരു മാതൃക കാണിക്കാൻ കഴിഞ്ഞില്ല. യഥാർത്ഥത്തിൽ കിരൺ കുമാർ ചെയ്ത അതേ കുറ്റം തന്നെയാണ് വിസ്മയയുടെ അച്ഛനും ചെയ്തത്. സമൂഹത്തിനു വേണ്ടി സ്വന്തം മകളെ ബലി കൊടുത്തു. സ്വന്തം നിലനിൽപ്പിനും, അഭിമാനത്തിനും വേണ്ടി സ്വന്തം മകളുടെ ജീവൻ തന്നെ പകരം കൊടുത്തു. കോടതിയിൽ ശിക്ഷ ലഭിച്ചില്ലെങ്കിലും അയാൾ കുറ്റവാളി തന്നെയാണ്. ആ കുടുംബം മുഴുവൻ ആ മരണത്തിന്റെ ഉത്തരവാദികളാണ്. കല്യാണം കഴിഞ്ഞ പെണ്ണ് ഭർത്താവിന്റെ തെണ്ടിത്തരങ്ങൾ സഹിച്ചു ജീവിക്കണം എന്ന് കരുതുന്ന ഓരോ മനുഷ്യരും ഈ കൊലപാതകത്തിൽ പങ്കാളികളാണ്.

തുല്യതയ്ക്ക് വേണ്ടി പെണ്ണുങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സഹിച്ചും ക്ഷമിച്ചും ജീവിക്കാൻ പറയുന്ന മാതാപിതാക്കൾ ഇനിയും ഉണ്ടാവരുത്. അടിച്ചമർത്താൻ ആർക്കും അനായാസം കഴിയും, പക്ഷെ ഒപ്പം നിർത്താൻ അങ്ങനെ എല്ലാവർക്കും കഴിയണമെന്നില്ല. പെൺകുട്ടികൾ ബാധ്യതയാണെന്നും, കല്യാണത്തോടെ ആ ബാധ്യത തീരുമെന്നും കരുതുന്ന വിഡ്ഢികളായ മനുഷ്യരെ, ഇവിടെ വിവാഹം മൂലം മരിച്ചു വീഴുന്ന ഓരോ പെൺകുട്ടിയുടെയും പച്ച മാംസം ഭക്ഷിച്ചു നിങ്ങൾ വിശപ്പടക്കുക.

വിസ്മയ കേസിൽ ഇന്ന് എന്ത് വിധി വന്നാലും അത് മാതൃകാപരമായിരിക്കണം. ഇനിയും വിസ്മയമാർ ഉണ്ടാവാത്ത തരത്തിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. വിസ്മയയുടെ കുടുംബത്തിന്റെയും, ചുറ്റുമുള്ള സമൂഹത്തിന്റെയും ഉത്തരവാദിത്തമില്ലായ്മയെ കോടതി ചൂണ്ടിക്കാട്ടണം. അച്ഛനും കുടുംബത്തിനുമടക്കം താക്കീത് നൽകണം. എല്ലാവരും ശിക്ഷ അർഹിക്കുന്നുണ്ട്, അവരെല്ലാം കൊലപാതകികൾ തന്നെയാണ്.

-സാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button