Latest NewsKeralaNews

വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല: പി.സി ജോർജിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനന്തപുരിയിലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് മുൻ എം.എൽ.എ പി.സി ജോര്‍ജിനെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.സിയുടെ ജാമ്യം കോടതി റദ്ദാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ചെറിയ കുട്ടി ഉയർത്തിയ വിദ്വേഷ മുദ്രാവാക്യത്തിനെതിരെയും മുഖ്യമന്ത്രി പ്രതികരിച്ചു. വർഗീയ ശക്തികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും, വർഗീയത നാടിനും നാട്ടിലെ ജനങ്ങൾക്കും ആപത്താണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ വർഗീയതയും നാടിനാപത്താണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഇടതുപക്ഷം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുമെന്നും, വർഗീയ ശക്തികളോട് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടിന്റെ റാലിക്കിടെ മുതിർന്ന ഒരാളുടെ ചുമലിൽ കയറിയിരുന്ന്, വർഗീയ മുദ്രാവാക്യം വിളിക്കുന്ന കുട്ടിക്ക് അതിന്റെ ആപത്ത് എന്താണെന്ന് അറിയില്ലെന്നും എല്ലാ വർഗീയതയും സമമാണെന്നും മുഖ്യമന്ത്രി പറയുന്നു.

Also Read:നവജാത ശിശുക്കൾക്ക് ആരോഗ്യ തിരിച്ചറിയൽ കാർഡ്, കേന്ദ്ര സർക്കാർ പദ്ധതി ഉടൻ

അതേസമയം, പ്രകടനം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. കുട്ടിയെ ഇതുവരെ തിരിച്ചറിയാനായില്ലെന്ന് ജില്ലാ പൊലീസ് അറിയിച്ചു. കുട്ടിയെ തോളിലേറ്റിയ അൻസാറിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, കുട്ടിയെ അറിയില്ലെന്നാണ് അൻസാർ പൊലീസിനോട് പറഞ്ഞത്. പ്രകടനത്തിനിടെ കൗതുകം തോന്നി തോളിലേറ്റിയതാണെന്നാണ് അൻസാർ നൽകിയിരിക്കുന്ന മൊഴി. അൻസാറിന്റെ മൊഴി പൊലീസ് പൂർണ്ണമായി വിശ്വസിച്ചിട്ടില്ല. വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞാൽ മാതാപിതാക്കളെ കൂടി പ്രതി ചേർക്കാനാണ് പൊലീസിന്റെ തീരുമാനം. സംഭവത്തിലെ ഗൂഢാലോചന അടക്കം അന്വേഷിക്കും. ദൃശ്യങ്ങൾ തെളിവുകളായി ശേഖരിച്ച് കൂടുതൽ പേർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ച പോപ്പുലർ ഫ്രണ്ട് ആലപ്പുഴയിൽ നടത്തിയ റാലിയിലാണ് പ്രവർത്തകൻ്റെ തോളിലേറി എത്തിയ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. കുട്ടിയെ തോളിലേറ്റി നടന്ന ഈരാറ്റുപേട്ട സ്വദേശി അൻസാറിനു പുറമെ, ഇന്നലെ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് പി.എ. നവാസിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രകടനത്തിൻ്റെ അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങൾ തെളിവുകളായി ശേഖരിച്ച് കൂടുതൽ പേർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button