Latest NewsIndia

മരിച്ച ഭർത്താവിന്റെ ചിത്രത്തിനരികെ 20000 രൂപയും വിചിത്രമായ കുറിപ്പും: അമ്മയും മകളും ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ

അച്ഛന്റെ ചിത്രം വെച്ചിരുന്ന മേശയ്ക്ക് സമീപം നിലത്തുകിടക്കുന്ന നിലയിലായിരുന്നു മകളുടെ മൃതദേഹം

കൊല്‍ക്കത്ത: ഗൃഹനാഥന്‍ മരിച്ച് കൃത്യം ഒരു മാസം തികഞ്ഞ ദിവസം ഭാര്യയെയും മകളെയും ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊൽക്കത്ത സാൾട്ട് ലേക്ക് സി.ഡി. 174-ലെ പരേതനായ സ്‌നേഹാശിഷ് ഘോഷിന്റെ ഭാര്യ സുപർണ (56), മകൾ സ്‌നേഹ (30) എന്നിവരാണ് മരിച്ചത്. ഇരുവരും വിഷം കഴിച്ച് മരിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം. വ്യാഴാഴ്ച രാവിലെയാണ് ഇവരെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അച്ഛന്റെ ചിത്രം വെച്ചിരുന്ന മേശയ്ക്ക് സമീപം നിലത്തുകിടക്കുന്ന നിലയിലായിരുന്നു മകളുടെ മൃതദേഹം. അമ്മയുടെ മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിലും കണ്ടെത്തി.

ഫ്ലാറ്റിൽനിന്ന് പോലീസ് വിഷക്കുപ്പി കണ്ടെടുത്തിട്ടുണ്ട്. സാൾട്ട്‌ലേക്കിൽ മൂന്നുനില കെട്ടിടത്തിലെ ഫ്ലാറ്റിലാണ് സുപർണയും മകളും താമസിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ ഇവരുടെ ഫ്‌ളാറ്റിൽനിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നത് കണ്ടാണ് അയൽക്കാർ സംഭവമറിയുന്നത്. ശുചിമുറികളിലെ പൈപ്പുകളെല്ലാം തുറന്നിട്ട നിലയിലായിരുന്നു. ഫ്ലാറ്റിൽ വെള്ളം നിറഞ്ഞ് പുറത്തേക്കൊഴുകി താഴത്തെ നിലയിലുള്ളവർ മരണവിവരം അറിയാൻ വേണ്ടിയാകാം ഇങ്ങനെ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം.

ഇതിനുപുറമേ, അന്തരിച്ച സ്‌നേഹാശിഷ് ഘോഷിന്റെ ചിത്രത്തിന് സമീപം 20,000 രൂപയും കണ്ടെത്തി. പണത്തോടൊപ്പം ഒരു കുറിപ്പും ഉണ്ടായിരുന്നു. തങ്ങളുടെ അന്ത്യകർമ്മങ്ങൾക്കായി ഈ പണം ഉപയോഗിക്കണമെന്നായിരുന്നു കുറിപ്പ്.  ഇദ്ദേഹത്തിന്റെ മരണശേഷം ഭാര്യയും മകളും കടുത്ത വിഷാദത്തിലായിരുന്നുവെന്ന് അയൽക്കാരും ബന്ധുക്കളും പറഞ്ഞു. ഭർത്താവിന്റെ മരണത്തിന് ശേഷം സുപർണയും മകളും അപൂർവ്വമായി മാത്രമേ ഫ്ലാറ്റിൽനിന്ന് പുറത്തിറങ്ങിയിരുന്നുള്ളൂവെന്നും അയൽക്കാർ പ്രതികരിച്ചു.

രാജാബസാർ സയൻസ് കോളേജിൽനിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ സ്‌നേഹ പൂണെയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ്. വിവാഹമോചിതയായ ശേഷം മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. കോവിഡ് കാരണം കഴിഞ്ഞ രണ്ടുവർഷമായി വീട്ടിലിരുന്നായിരുന്നു ജോലി. കുടുംബത്തിന് മറ്റു സാമ്പത്തിക ബാധ്യതകളൊന്നും ഇല്ലെന്നാണ് വിവരം. അതേസമയം, വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ യഥാർത്ഥ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button