KeralaLatest News

കഞ്ചാവ് കേസിൽ കൈക്കൂലി വാങ്ങിയ സിഐ ഉൾപ്പെടെ 3 പൊലീസുകാർക്കെതിരെ നടപടി

പരാതിയും അന്വേഷണ വിവരവും പൊലീസ് രഹസ്യമാക്കി വച്ചിരിക്കുകയാണ്

കണ്ണൂർ: കഞ്ചാവ് കേസിലെ പ്രതിയുടെ വാഹനം വിട്ടുകൊടുക്കാൻ ഇടനിലക്കാരൻ മുഖേന മുപ്പതിനായിരം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ മൂന്നു പൊലീസുകാർക്കെതിരെ നടപടി. പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ സി.ഐ രാജഗോപാൽ, പ്രിൻസിപ്പൽ എസ്.ഐ പി.ജെ ജിമ്മി, ഗ്രേഡ്‌ എസ്.ഐ ശാർങ്‌ഗധരൻ എന്നിവരെ കണ്ണൂർ റൂറൽ ഐ.ജി അശോക് യാദവ് സസ്‌പെൻഡ് ചെയ്തു.

പയ്യന്നൂർ സബ് ഡിവിഷനിലെ തീരദേശ സ്റ്റേഷനായ പഴയങ്ങാടി സ്റ്റേഷനിൽ മണൽകടത്തിനും മറ്റ് കുറ്റകൃത്യങ്ങൾക്കും പിടിക്കപ്പെടുന്ന വാഹനങ്ങൾ വിട്ടുനൽകാൻ ഇടനിലക്കാർ പ്രവർത്തിക്കുന്നുവെന്ന വിവരത്തെ തുടർന്ന്, പയ്യന്നൂർ ഡിവൈഎസ്പി നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടർന്നാണ് നടപടി. ഇടനിലക്കാരൻ 60,000 രൂപ വാങ്ങുകയും ഇതിൽ 30,000 രൂപ സി.ഐക്കും മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും വീതിച്ച് നൽകുകയും ചെയ്തുവെന്നും ആരോപണമുയർന്നിരുന്നു.

പല പൊലീസ് ഓഫീസർമാരുമായി അടുത്തബന്ധം പുലർത്തുന്നയാളാണ് ഇടനിലക്കാരൻ. അടുത്തുള്ള മറ്റു പൊലീസ് സ്റ്റേഷനുകളിലും ഇയാൾ പല വിഷയങ്ങളിലും ഇടപെടാറുണ്ടെന്നും പറയുന്നു. പരാതിയും അന്വേഷണ വിവരവും പൊലീസ് രഹസ്യമാക്കി വച്ചിരിക്കുകയാണ്. തളിപ്പറമ്പിലുള്ള ഇടനിലക്കാരനുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button