KeralaCinemaMollywoodLatest NewsNewsEntertainment

‘ലോകം അംഗീകരിച്ച സിനിമയെ ഒ.ടി.ടി റിലീസിന്റെ പേരിൽ കണ്ടില്ലെന്ന് നടിച്ചു, പുച്ഛം’: മിന്നല്‍ മുരളിയുടെ ആര്‍ട്ട് ഡയറക്ടര്‍

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലെ വിവാദങ്ങൾ അവസാനിച്ചിട്ടില്ല. റിലീസ് പോലുമാകാത്ത സിനിമകള്‍ക്ക് അവാര്‍ഡ് കൊടുത്തപ്പോള്‍ ലോകം അംഗീകരിച്ച സിനിമയെ ഒ.ടി.ടി റിലീസിന്റെ പേരില്‍ കണ്ടില്ലെന്ന് നടിച്ചുവെന്ന് മിന്നല്‍ മുരളിയുടെ ആര്‍ട്ട് ഡയറക്ടര്‍ മനു ജഗത്ത്. ബേസില്‍ ജോസഫ് എന്ന സംവിധായകന്റെ എഫേര്‍ട്ടും പരിശ്രമവും ഒ.ടി.ടി റിലീസിന്റെ പേരില്‍ കണ്ടില്ലെന്ന് നടിച്ചത് അപലപനീയമാണെന്ന് മനു ജഗത്ത് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജനപ്രീതിയുള്ള ചിത്രത്തിന്റെ കാറ്റഗറിയിൽ ജൂറി അംഗങ്ങളില്‍ ഭൂരിപക്ഷവും പരിഗണിച്ചത് ബേസില്‍ ജോസഫ് ചിത്രം ‘മിന്നല്‍ മുരളി’യായിരുന്നു. എന്നാല്‍, നേരിട്ട് ഒ.ടി.ടി റിലീസായ ചിത്രത്തിനല്ല, തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രത്തിനാണ് ജനപ്രീതിയും കലാമൂല്യവുമുള്ള പുരസ്‌കാരം നല്‍കേണ്ടതെന്ന് ജൂറി തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ്, മിന്നൽ മുരളി തഴയപ്പെട്ടത്. ഇതിനെതിരെയാണ് മനു രംഗത്ത് വന്നിരിക്കുന്നത്.

ജാനു ജഗത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

വിവാദമല്ല, അപേക്ഷയുമല്ല…

ഒരു പയ്യൻസ് ഇമേജിൽ നിന്ന് ഒറ്റ സിനിമ കൊണ്ട് ലോകം മുഴുവൻ അറിയപ്പെടാനിടയായ ഒരു സിനിമയുടെ വക്താവായി മാറുക … ലോക സിനിമകളിൽ കോടികളുടെ മുതൽമുടക്കിൽ എത്രയോ സൂപ്പർ ഹീറോയിസം, സൂപ്പർ പവർ സിനിമകൾ ലോകക്ലാസ്സിക്കുകളായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലയളവിൽ കേരളം പോലുള്ള ഒരു കുഞ്ഞൻ ഇൻഡസ്ട്രിയിൽ നിന്ന് കൊണ്ട് നമ്മുടെ നാട്ടിലും ഒരു സൂപ്പർ ഹീറോയെ സൃഷ്ടിക്കാമെന്നും അതിലൂടെ ലോകശ്രദ്ധതന്നെ പിടിച്ചു പറ്റാനാവുമെന്നും തെളിയിച്ച ബേസിൽ എന്ന ചെറുപ്പക്കാരന്റെ ആ ചങ്കൂറ്റത്തെ കേവലം ഒ ടി. ടി റിലീസിംഗിന്റെ പേരിൽ കണ്ടില്ലെന്നു നടിച്ചവരോട് സത്യത്തിൽ പുച്ഛം മാത്രം. അങ്ങനൊരു റിലീസിംഗ് അദ്ദേഹത്തിന്റെ കുഴപ്പമല്ലല്ലോ..
കൊറോണ എന്നൊരു വ്യാധി ലോകത്തെ മുഴുവൻ സ്തംഭിപ്പിച്ചതല്ലേ . ഈ പറയുന്ന വിധികർത്താക്കളുൾപ്പെടെ വീടുകളിൽ 4 ചുവരുകൾക്കുള്ളിൽ കഴിഞ്ഞവരല്ലേ .. ഒ ടി ടി റിലീസിംഗ് ആയിട്ടുപോലും മറ്റൊരു സിനിമയ്ക്കും കിട്ടാത്ത ഒരു വരവേൽപാണ്‌ ലോകമങ്ങോളം മിന്നൽ മുരളി എന്ന സിനിമയ്ക്കു സംഭവിച്ചത് . സിനിമയിലും അല്ലാതെയും ഉള്ള എത്രയോ പ്രശസ്തരാണ്‌ ഈ സിനിമയെ കുറിച്ച് സംസാരിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തത് . എന്നിട്ടും മലയാള സിനിമയുടെ ഒരു അഭിമാനമായ ഒരു പുരസ്കാരവേദിയിൽ ആ സിനിമയ്ക്കോ അതിന്റെ സംവിധായകനോ സ്ഥാനമില്ല എന്നത് ഈ പുരസ്‌കാരസംഹിതയ്ക് പോലും അപമാനകരമാണ്. ആരെയും തൃപ്തിപ്പെടുത്താനുള്ള ചടങ്ങു ആയി മാറാതെ അർഹിച്ചവർക്കു കണ്ണ് തുറന്നു കൊടുക്കാൻ പറ്റണം. എന്നാലേ പുരസ്‌കാരങ്ങൾക്ക് പൂർണത വരൂ. പറ്റിയാൽ ജനകീയമാക്കൂ. ഓൺലൈൻ വോട്ടിങ് പോലെ വിശ്വസനീയമായ ഒരു നിലപാടിൽ എത്തട്ടെ വരും കാലങ്ങളിൽ എന്ന് നമുക് ആശ്വസിക്കാം.

മിന്നൽ മുരളിയെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന പലരും ഇവിടെ നിശബ്ദരായി കാണുന്നു. ഇന്ത്യൻ സിനിമാലോകത്തു തന്നെ ആരും തന്നെ കൈവയ്ക്കാൻ മടിക്കുന്ന, വളരെയധികം ചലഞ്ചിങ് ആയുള്ള എന്നാൽ ആരും കൊതിക്കുന്ന ഒരു സിനിമയെ തന്റെ പരിമിതികൾ വെച്ചുകൊണ്ടുതന്നെ ബേസിൽ ജോസഫ് അങ്ങേയറ്റം മഹത്തരമാക്കി എന്നതിന്റെ തെളിവായിരുന്നു ഒ ടി ടി പ്ലാറ്റ് ഫോമിൽ മിന്നൽ മുരളി എന്ന സിനിമയ്ക്കു ലോകം മുഴുവൻ തന്ന വരവേൽപ് . അതിലും വലിയ ഒരു ജനപ്രിയതയാണോ ഈ സംസ്ഥാന അവാർഡ് നിഷേധനത്തിലൂടെ ഇല്ലാതാവുന്നത്. ഒരിക്കലുമില്ല. ബേസിൽ ജോസഫ് എന്ന സംവിധായകന്റെ ഈ ഒരു effort ആ attempt അതിനെ കണ്ടില്ലെന്നു നടിച്ചത് വളരെ അപലപനീയം തന്നെ. എത്രയോ ദിവസത്തെ കഠിനാധ്വാനവും, തൊഴിലിനോടുള്ള ആത്മാർത്ഥതയും കൊണ്ടാണ് ‘ മിന്നൽ മുരളി ‘ പോലുള്ള ഒരു സിനിമ അദ്ദേഹത്തിന് ചെയ്യാൻ പറ്റിയത് എന്നത് ആ സിനിമയിലെ ഒരംഗം എന്ന നിലയ്ക്ക് എനിക്ക് പറയാൻ കഴിയും .
.
ഏറെ പ്രശംസകൾ തന്റെ കഥാപാത്ര മികവിലൂടെ ഏറ്റുവാങ്ങിയ ഗുരുസോമസുന്ദരം . ഒരല്പം പിഴച്ചാൽ എന്തും സംഭവിക്കാം എന്നുള്ളൊരു നൂൽപ്പാലത്തിലൂടെ പോയെങ്കിലും പെർഫോമെൻസ് മാത്രം കൊണ്ട് ഒരു സാധാരണ മനുഷ്യൻ അസാധാരണ മനുഷ്യനായി മാറുന്ന ഒരു കാഴ്ചയാണ് ഷിബു എന്ന കഥാപാത്രത്തിലൂടെ ഗുരു സോമസുന്ദരം കാഴ്ച വെച്ചത്‌ . അദ്ദേഹവും ഇവിടെ പരിഗണിക്കപ്പെടാമായിരുന്നു എന്ന് തോന്നി. കാഴ്ച്ചയിൽ സാധാരണക്കാരനായ അദ്ദേഹത്തെ ഇങ്ങനൊരു സൂപ്പർ ഹീറോയുടെ വില്ലനായി അവതരിപ്പിക്കാൻ ബേസിൽ കാണിച്ച കോൺഫിഡൻസും വിസ്മരിക്കാനാവുന്നതല്ല . ജനങ്ങൾ കാണുന്നതിനും മുന്നേ ( റിലീസ് പോലും ആവാത്ത ) സിനിമകൾക്ക് അവാർഡ് കൊടുക്കാൻ കാണിക്കുന്ന ഈ വ്യഗ്രത ലോകം അംഗീകരിച്ചൊരു സിനിമയ്ക്കു നല്കാൻ …അംഗീകരിക്കാൻ … വരും കാലങ്ങളിൽ കഴിയട്ടെ ..ഇവിടെ തള്ളിക്കളഞ്ഞെങ്കിലും , ഇതിനു സമാനമോ ,അതിലും വലുതോ ആയ അംഗീകാരങ്ങൾ ‘ മിന്നൽ മുരളി ‘ എന്ന സിനിമയിലൂടെ തന്നെ സംവിധായകൻ ബേസിലിനെ തേടി എത്തട്ടെയെന്നു.. ആഗ്രഹിക്കുന്നു . പ്രാർത്ഥിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button