Latest NewsNewsIndia

‘താഴ്‌വര വിട്ടുപോകരുത്, നാമെല്ലാവരും ഒന്നാണ്’: നമസ്‌കാരത്തിന് ശേഷം കശ്മീരി പണ്ഡിറ്റുകളോട് അഭ്യർത്ഥിച്ച് പുരോഹിതൻ

'ഞങ്ങൾ കശ്മീരി പണ്ഡിറ്റുകൾക്കൊപ്പം, നിരപരാധികളെ കൊല്ലുന്നത് കുറ്റകരം': ഭീകരർക്ക് മുന്നറിയിപ്പ് സന്ദേശവുമായി പുരോഹിതർ

ശ്രീനഗർ: കശ്മീരി പണ്ഡിറ്റുകൾ ഉൾപ്പെടെയുള്ള അമുസ്‌ലിംകളെ ലക്ഷ്യമിട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താഴ്‌വരയിലെ ഭീകരർ തുടർച്ചയായി ആക്രമണം നടത്തുകയാണ്. താഴ്‌വരയിൽ വർധിച്ചുവരുന്ന അക്രമങ്ങൾ കാരണം ജനങ്ങളുടെയും സർക്കാരിന്റെയും ആശങ്ക വർധിച്ചിരിക്കുകയാണ്. ജമ്മു കശ്മീരിൽ താമസിക്കുന്ന ന്യൂനപക്ഷ ഹിന്ദുക്കൾക്കിടയിൽ പരിഭ്രാന്തി ഉയർന്നിരിക്കുന്നു. ഭീകരരുടെ നീചമായ പ്രവൃത്തികളെ എല്ലാവരും ശക്തമായി അപലപിക്കുകയാണ്. താഴ്‌വരയിൽ താമസിക്കുന്ന സമാധാനപരമായ മുസ്‌ലിംകൾ ഇപ്പോൾ കശ്മീരി പണ്ഡിറ്റുകൾക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

വെള്ളിയാഴ്ച താഴ്‌വരയിലെ മിക്കവാറും എല്ലാ പ്രധാന പള്ളികളിലും പ്രാർത്ഥനകൾക്ക് ശേഷം, നിരപരാധികളെ കൊല്ലുന്നത് ഇസ്ലാമിൽ കുറ്റകരമാണെന്ന സന്ദേശം പുരോഹിതന്മാർ അറിയിച്ചു. ഭീകരർക്ക് താക്കീത് നൽകിക്കൊണ്ടായിരുന്നു ഉസ്താദുമാർ സന്ദേശം അറിയിച്ചത്. കശ്മീരി പണ്ഡിറ്റുകളുടെയും സാധാരണക്കാരുടെയും കൊലപാതകങ്ങളെ ഇവർ ശക്തമായി അപലപിച്ചു.

Also Read:‘വിട്ടുപോകാൻ സമയമായി’: കശ്മീരി പണ്ഡിറ്റ് ക്യാമ്പുകളിൽ ഭയവും ആശങ്കയും, ടാർഗെറ്റ് ചെയ്ത് കൊല്ലുന്നു – പിന്നിൽ പാകിസ്ഥാൻ?

വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം, പ്രമുഖ മൗലാനയും മുഫ്തികളും കശ്മീരി പണ്ഡിറ്റുകൾക്കും മറ്റ് ഹിന്ദു ന്യൂനപക്ഷങ്ങൾക്കും തങ്ങൾ കൂടെയുണ്ടെന്ന് ഉറപ്പ് നൽകി. നാമെല്ലാവരും ഒന്നാണെന്നും, അതിനാൽ കശ്മീർ വിട്ടുപോകരുതെന്നുമായിരുന്നു ഇവർ ആവശ്യപ്പെട്ടത്. നവഭാരത് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരപരാധികൾ കൊല്ലപ്പെട്ടതിൽ അതിയായ ദുഃഖമുണ്ടെന്നും അക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും മൗലാനയും മുഫ്തികളും പറഞ്ഞു.

അതേസമയം, ജുമുഅ നമസ്‌കാരത്തിന് ശേഷം മുസ്ലീം സമുദായത്തിൽപ്പെട്ടവരും ബാരാമുള്ളയിൽ സമാധാന മാർച്ച് നടത്തി. ബാരാമുള്ളയ്ക്ക് പുറമെ കുൽഗാം, ഷോപിയാൻ, ശ്രീനഗർ, ബന്ദിപ്പോര, കുപ്‌വാര എന്നിവിടങ്ങളിലെ മുസ്‌ലിം പള്ളികളിൽ നിന്ന് ന്യൂനപക്ഷ ഹിന്ദുക്കൾക്കെതിരായ അക്രമങ്ങളും ശക്തമായി അപലപിക്കപ്പെട്ടു. പാക് പിന്തുണയുള്ള ഭീകരതയ്‌ക്കെതിരെ തങ്ങളെല്ലാം കശ്മീരി പണ്ഡിറ്റുകൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് പള്ളികളിൽ നിന്ന് പുറത്തിറക്കിയ സന്ദേശത്തിൽ പറയുന്നു. ശ്രീനഗറിലെ ലാൽ ചൗക്കിൽ പ്രാർത്ഥനയ്ക്ക് ശേഷം സമൂഹത്തിൽ നിന്നുള്ള ആളുകൾ തീവ്രവാദികൾക്കെതിരെ പ്രതിഷേധിച്ചു. ഭീകരാക്രമണങ്ങളെ ഭീരുക്കളെന്നാണ് ഇവർ വിളിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button