
ന്യൂഡൽഹി: വാരണാസി ബോംബ് സ്ഫോടനത്തിന്റെ സൂത്രധാരനായ വാലിയുള്ള ഖാന് വധശിക്ഷ വിധിച്ച് കോടതി. രണ്ടു കേസുകളെ തുടർന്നാണ് ഗാസിയാബാദിലെ കോടതി ശിക്ഷ വിധിച്ചത്. കേസ് ഇന്നലെ നിരീക്ഷിച്ച കോടതി വിധി പറയാൻ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇതേ തുടർന്ന്, കനത്ത സുരക്ഷയാണ് കോടതിയിൽ ഒരുക്കിയിരുന്നത്. മാധ്യമ പ്രവർത്തകർക്ക് പോലും കോടതിയിൽ വിലക്കേർപ്പെടുത്തിയിരുന്നു.
സങ്കട് മോചൻ ക്ഷേത്രത്തിലും കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലുമാണ് സ്ഫോടനം നടന്നത്. 2006 മാർച്ച് 7 ന് രാവിലെ ആറെകാലോടെ ക്ഷേത്രത്തിലും പിന്നീട്, റെയിൽവേ സ്റ്റേഷനിലും സ്ഫോടനം നടത്തുകയായിരുന്നു. ഇരു സ്ഫോടനങ്ങളിലും 20 പേർ കൊല്ലപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കേസന്വേഷിച്ച ടാസ്ക് ഫോഴ്സ്, സ്ഫോടനത്തിന്റെ സൂത്രധാരൻ വാലിയുള്ള ഖാനാണെന്ന് കണ്ടെത്തിയിരുന്നു. ഇയാൾക്ക് ഭീകരസംഘടനയായ ഹർകത്ത്- ഉൽ- ജിഹാദ് അൽ ഇസ്‌ലാമിയുമായി ബന്ധമുണ്ടെന്ന് തെളിയുകയും ചെയ്തു.
Post Your Comments