Latest NewsIndia

നൂപുർ ശർമയുടെ പ്രസ്താവനയിൽ പ്രധാനമന്ത്രിയുടെ അതൃപ്തി അധ്യക്ഷനെ അറിയിച്ചു: ഗൾഫ് രാജ്യങ്ങളോട് നിലപാട് വ്യക്തമാക്കി ഇന്ത്യ

നൂപുർ ശർമയുടെ വിവാദ പരാമർശത്തിന് തുടർച്ചയായി വക്താക്കൾക്ക് കർശന നിയന്ത്രണം നൽകുകയാണ് ബിജെപി.

ന്യൂഡൽഹി: ബിജെപി നേതാവ് നൂപുർ ശർമയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം അറിയിച്ച രാജ്യങ്ങൾക്കു മുന്നിൽ നിലപാട് വിശദീകരിച്ച്
ഇന്ത്യ. വ്യക്തികൾ നടത്തുന്ന പ്രകോപനപരമായ പ്രസ്താവന രാജ്യത്തിന്റെ നിലപാടായി കാണേണ്ട. മതസൗഹാർദ്ദം തകർക്കുന്ന വിധത്തിൽ പ്രസ്താവന നടത്തുന്നവർക്കെതിരെ തുടർന്നും രാജ്യം ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യ അറിയിച്ചു. നൂപുറിന്റെ പ്രസ്താവന ഇന്ത്യയുടെ നിലപാടിനെതിരാണ്. എല്ലാ വിശ്വാസങ്ങളെയും ആദരിക്കുന്ന സമീപനമാണ് ഇന്ത്യയുടേത് എന്ന് ഇന്ത്യ വ്യക്തമാക്കി.

അതിനിടെ, നൂപുർ ശർമയുടെ പ്രസ്താവനയിൽ പ്രധാനമന്ത്രി അതൃപ്തി അറിയിച്ചു. തന്റെ അതൃപ്തി പ്രധാനമന്ത്രി ബിജെപി അധ്യക്ഷനെ അറിയിച്ചതായി വിവരം. അന്തർ ദേശീയ തലത്തിൽ അടക്കം നൂപുർ ശർമയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നിലപാട്. പ്രധാനമന്ത്രിയുടെ അതൃപ്തി പരിഗണിച്ച് വക്താക്കളുടെ പട്ടിക ബിജെപി പുനഃക്രമീകരിക്കുമെന്നാണ് സൂചന. നൂപുർ ശർമയുടെ വിവാദ പരാമർശത്തിന് തുടർച്ചയായി വക്താക്കൾക്ക് കർശന നിയന്ത്രണം നൽകുകയാണ് ബിജെപി.

പാർട്ടി നിലപാടിന് ഉപരിയായി സ്വയം വിശദീകരണം നൽകരുതെന്ന് നേതാക്കൾക്ക് നിർദ്ദേശമുണ്ട്. വക്താക്കൾ മിതത്വം പാലിക്കണമെന്നും മാന്യമായി പെരുമാറണമെന്നും ബിജെപി നേതൃത്വം അറിയിച്ചു. പാർട്ടി നിർദ്ദേശിക്കുന്ന വിഷയത്തിൽ മാത്രം ഇടപെടുകയോ പ്രതികരിക്കുകയോ ചെയ്താൽ മതി. മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി വക്താക്കൾക്കെതിരെ ഉണ്ടാകുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button