Latest NewsNewsIndia

പണ്ഡിറ്റുകൾക്ക് 2 തവണ കശ്മീരിൽ നിന്നും പലായനം ചെയ്യേണ്ടി വന്നു, രണ്ടും നടന്നത് ബി.ജെ.പി ഭരണകാലത്ത്: അരവിന്ദ് കെജ്‍രിവാൾ

ന്യൂഡൽഹി: കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യമിട്ടുകൊണ്ടുള്ള തുടർച്ചയായ അക്രമങ്ങളിൽ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനമാണ് അരവിന്ദ് കെജ്‍രിവാൾ ഉന്നയിക്കുന്നത്. കഴിഞ്ഞ 30 വർഷത്തിനിടെ കശ്മീരി പണ്ഡിറ്റുകൾക്ക് രണ്ടുതവണ കുടിയേറേണ്ടി വന്നുവെന്നും, രണ്ടും നടന്നത് ബി.ജെ.പി അധികാരത്തിലിരുന്നപ്പോഴാണെന്നും കെജ്‍രിവാൾ വിമർശിച്ചു.

തുടർച്ചയായ കൊലപാതകങ്ങളിൽ ഭയന്ന് കശ്മീരി പണ്ഡിറ്റുകൾ താഴ്വര വിട്ടുപോകാൻ നിർബന്ധിതരാകുന്നുവെന്നും, ആക്രമണങ്ങൾ തടയാൻ കേന്ദ്രം കർമപദ്ധതി പ്രഖ്യാപിക്കണമെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ഡൽഹിയിലെ ജന്തർ മന്തറിൽ ആം ആദ്മി പാർട്ടിയുടെ ‘ജൻ ആക്രോശ് റാലി’യെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ കാരണം 1990 കളിൽ നടന്നതിന്റെ ആവർത്തനമാണ് കശ്മീരി പണ്ഡിറ്റുകൾ താഴ്‌വര വിടാൻ നിർബന്ധിതരാകുന്നതെന്ന് എ.എ.പി മേധാവി അവകാശപ്പെട്ടു. ബി.ജെ.പിക്ക് കശ്മീർ വിഷയം കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും വൃത്തികെട്ട രാഷ്ട്രീയം കളിക്കാൻ മാത്രമേ അറിയൂവെന്നും അദ്ദേഹം പരിഹസിച്ചു. ജമ്മു കശ്മീരിൽ ബി.ജെ.പി അധികാരത്തിലിരിക്കുമ്പോഴെല്ലാം കശ്മീരി പണ്ഡിറ്റുകൾ താഴ്‌വര വിട്ടുപോകാൻ നിർബന്ധിതരാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Also Read:ആനി മസ്‌ക്രീന്റെ ജന്മദിനത്തില്‍ അനാദരവ് കാണിച്ചു: ആര്യ രാജേന്ദ്രന്‍ മാപ്പ് പറയണം, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍

1990 കളിൽ കശ്മീരി പണ്ഡിറ്റുകൾക്ക് സംഭവിച്ചതിന്റെ ആവർത്തനമാണ് ഇപ്പോൾ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിൽ പരിഹാരമാണ് വേണ്ടതെന്നും യോഗങ്ങൾ അല്ലെന്നും പറഞ്ഞ കെജ്‍രിവാൾ, ബി.ജെ.പിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. കശ്മീരിലെ ഭീകരരെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ച് കെജ്‌രിവാൾ പാകിസ്ഥാനെതിരെയും ആഞ്ഞടിച്ചു. തന്ത്രങ്ങൾ അവസാനിപ്പിക്കാൻ ആണ് പാകിസ്ഥാനോട് തനിക്ക് പറയാനുള്ളതെന്നും, കശ്മീർ എപ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭൂരിഭാഗം ഹിന്ദുക്കളെയും പ്രദേശവാസികളല്ലാത്തവരെയും ലക്ഷ്യമിട്ടുള്ള ഭീകരരുടെ കൊലപാതകങ്ങളുടെ ഒരു പരമ്പര തന്നെയാണ് കശ്മീരിൽ നടന്നുകൊണ്ടിരിക്കുന്നത്. 2012-ൽ കേന്ദ്രസർക്കാർ പദ്ധതി പ്രകാരം ജോലി ചെയ്തിരുന്ന നിരവധി കശ്മീരി പണ്ഡിറ്റുകൾ, രാഹുൽ ഭട്ട് കൊല്ലപ്പെട്ടതു മുതൽ പ്രതിഷേധം നടത്തിവരികയാണ്. ഈ വർഷം മെയ് മുതൽ ജമ്മു കശ്മീരിൽ ആസൂത്രിതമായ കൊലപാതകങ്ങളുടെ സംഭവങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button