Latest NewsNewsInternational

താലിബാന്റെ കൊടൂര ഭരണത്തിൽ നിന്ന് പലായനം ചെയ്ത അഫ്ഗാൻ സംഗീതജ്ഞർക്ക് നേരെ കണ്ണടച്ച് പാകിസ്ഥാൻ, കാരണമെന്ത്?

കലാകാരന്മാരെ തിരഞ്ഞ് പിടിച്ച് അറസ്റ്റ് ചെയ്യുന്നു, താലിബാനിലേക്ക് തിരിച്ചയക്കുന്നു: സംഗീതഞ്ജരോട് മുഖം തിരിക്കുന്ന പാകിസ്ഥാൻ

മെച്ചപ്പെട്ട ജീവിതം തേടി രാജ്യം വിട്ട അഫ്ഗാൻ സംഗീതജ്ഞർ പാകിസ്ഥാനിൽ അഭയം കിട്ടാതെ ദുരിതമനുഭവിക്കുന്നു. അഭയം തേടി പാകിസ്ഥാനിലെത്തിയ സംഗീതജ്ഞരിൽ പലരെയും സർക്കാർ തിരിച്ച് അയച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 1946ലെ ഫോറിനേഴ്‌സ് ആക്‌ട് പ്രകാരമാണ് പാകിസ്ഥാനിലേക്ക് നുഴഞ്ഞുകയറിയ ഇവരെ സൈന്യം അറസ്റ്റ് ചെയ്‌തത്‌. താലിബാൻ ഭരണത്തിൽ നിന്നും രക്ഷതേടി എത്തിയവർക്ക് യാതൊരു പരിഗണനയും നൽകാതെയാണ് പാകിസ്ഥാൻ തിരിച്ചയക്കുന്നത്. കലാകാരന്മാരെ മാത്രം തിരഞ്ഞുപിടിച്ചാണ് താലിബാനിലേക്ക് തിരിച്ചയക്കുന്നത് എന്നാണ് ഉയരുന്ന ആക്ഷേപം.

Also Read:ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ നാലുവര്‍ഷത്തിനകമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി

മറ്റുള്ളവരെ പാകിസ്ഥാനിൽ താങ്ങാൻ അനുവദിക്കുകയും, കലാകാരന്മാരെ അറസ്റ്റ് ചെയ്തും താലിബാനിലേക്ക് തിരിച്ചയച്ചും വേർതിരിവ് കാണിക്കുന്ന പാക് നടപടിക്കെതിരെ ഖൈബർ പഖ്തൂൺഖ്വയിൽ സംഗീതജ്ഞർ പരസ്യ പ്രകടനം നടത്തി. 2021 ഓഗസ്റ്റ് മുതൽ ഏകദേശം 150 ഓളം അഫ്ഗാൻ കലാകാരന്മാർ പെഷവാറിൽ താമസിക്കുന്നുണ്ട്. ഈ കലാകാരന്മാർക്ക്, അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യണോ വേണ്ടയോ എന്നത് ഒരു തിരഞ്ഞെടുപ്പായിരുന്നില്ല, മറിച്ച് അതുമാത്രമായിരുന്നു മുന്നിലുണ്ടായിരുന്ന ഏക വഴി.

‘ഞങ്ങൾ തൊഴിൽ ഉപേക്ഷിച്ചില്ലെങ്കിൽ താലിബാൻ ഞങ്ങളെ വെറുതെ വിടുമായിരുന്നില്ല’, ഗായകൻ പശുൻ മുനവർ പറഞ്ഞു. മറ്റൊരു ഗായകൻ അജ്മൽ പെഷവാറിൽ എത്തുന്നതിന് മുമ്പ് തന്റെ വസ്ത്രധാരണവും ഐഡന്റിറ്റിയും മാറ്റി. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ മറ്റൊരു തൊഴിൽ അറിയില്ല. ഈ തൊഴിലിൽ തന്നെ മുറുക്കി പിടിച്ചാൽ ജീവനുണ്ടാകില്ല. അതാണ്‌ തങ്ങളുടെ അവസ്ഥയെന്നാണ് ഇവർ പറയുന്നത്.

താലിബാനും സംഗീതവും

2021 ഓഗസ്റ്റ് 15-ന് താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതോടെ സംഗീതം, കായികം, വിദ്യാഭ്യാസം എന്നിവയ്ക്കൊക്കെ അനൗദ്യോഗിക നിരോധനം ഏർപ്പെടുത്തി. ഇതോടെ, പലരും രാജ്യം വിട്ട് പലായനം ചെയ്തു. രാജ്യത്ത് തന്നെ ജീവിക്കാൻ തീരുമാനിച്ചവർ തങ്ങളുടെ തൊഴിൽ അവസാനിപ്പിച്ചു. അമേരിക്കൻ അധിനിവേശത്തോടെ, ഇറാനിയൻ, ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ സ്വാധീനത്തിൽ അഫ്ഗാനിസ്ഥാൻ അതിന്റെ ശക്തമായ സംഗീത പാരമ്പര്യത്തിന്റെ തിരിച്ചുവരവ് കണ്ടു.

കഴിഞ്ഞ 20 വർഷങ്ങളിൽ, ജോ ബൈഡൻ യു.എസ് സൈനികരെ പിൻവലിക്കാൻ ഉത്തരവിടുന്നതിന് മുമ്പ്, അഫ്ഗാനിസ്ഥാനിൽ ഒരു പോപ്പ് സംഗീത രംഗം വികസിപ്പിച്ചെടുത്തിരുന്നു. അഫ്ഗാനിസ്ഥാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്, രാജ്യത്തെ ആദ്യത്തെ മുഴുവൻ സ്ത്രീകളുടേയും ഓർക്കസ്ട്രയുടെ ആസ്ഥാനമെന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ചിരുന്നു. ദേശീയമായും അന്തർദേശീയമായും വൻ പ്രേക്ഷകരെ സൊഹ്‌റ അവതരിപ്പിക്കാറുണ്ടായിരുന്നു. കാര്യങ്ങൾ നൊടിയിടെ മാറി മറിഞ്ഞു. താലിബാൻ അധികാരത്തിൽ വന്നശേഷം, അഫ്ഗാൻ ജനത വിനോദമെന്തെന്ന് അറിഞ്ഞിട്ടില്ല. സംഗീത ഉപകരണങ്ങൾ തകർക്കുകയും കത്തിക്കുകയും ചെയ്യുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.

2021 ഒക്ടോബറിൽ നംഗർഹാർ പ്രവിശ്യയിലെ സുർഖ് റോഡിൽ ഒരു വിവാഹത്തിൽ സംഗീതം പ്ലേ ചെയ്തതിന്റെ പേരിൽ താലിബാൻ അംഗങ്ങൾ രണ്ട് പേരെ വെടിവച്ചു കൊല്ലുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത് അക്ഷരാർത്ഥത്തിൽ അഫ്ഗാൻ ജനതയ്ക്കും, സംഗീതജ്ഞർക്കും താലിബാൻ നൽകിയ ഒരു മുന്നറിയിപ്പായിരുന്നു.

പാക്കിസ്ഥാന്റെ നിലപാടെന്ത്‌?

അതിർത്തി കടന്നെത്തിയ നാല് അഫ്ഗാൻ സംഗീതജ്ഞർ ഖൈബർ പഖ്തൂൺഖ്വയിലെ ജയിലിൽ അടയ്ക്കപ്പെട്ടിരുന്നു. പ്രാദേശിക കോടതി അവർക്ക് ജാമ്യം അനുവദിച്ചു. മെയ് 28 ന് നടന്ന പരസ്യ പ്രകടനത്തിന്റെ പേരിലായിരുന്നു ഇവരുടെ അറസ്റ്റ്. ഖൈബർ പഖ്തൂൺഖ്വ നിയമസഭയിലെ പ്രതിപക്ഷ നേതാക്കളായ അവാമി നാഷണൽ പാർട്ടി എംപി സർദാർ ഹുസൈൻ ബാബക്, പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് അംഗം ഇഖ്തിയാർ വാലി ഖാൻ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. 90,000 രൂപ വീതമുള്ള രണ്ട് ആൾ ജാമ്യത്തിൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഷേർ ഹസൻ ഖാൻ സംഗീതജ്ഞരുടെ ജാമ്യാപേക്ഷ സ്വീകരിക്കുകയായിരുന്നു.

നവീദുള്ള, നദീം ഷാദ്, സയീദുള്ള, അജ്മൽ എന്നിവരായിരുന്നു ആ സംഗീതഞ്ജർ. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ അവരെ രാജ്യത്ത് തുടരാൻ അനുവദിക്കണമെന്നായിരുന്നു ഇവരുടെ അഭിഭാഷകൻ വാദിച്ചത്.

‘ഞങ്ങൾ ഈ രാജ്യത്ത് എത്തിയത് നിരാശയിൽ നിന്ന് അഭയം തേടാനാണ്. ഞങ്ങൾക്ക് പോകാൻ മറ്റൊരിടമില്ല’, ഹഫ്ത ഗുൽ എന്ന ഗായകൻ ബിബിസി പാഷ്തോയോട് പറഞ്ഞു.

എന്നിരുന്നാലും, ഖൈബർ പഖ്തൂൺഖ്വ പോലീസ് അവരെ താമസിക്കാൻ അനുവദിക്കുന്നില്ല. ഇതുവരെ അതിർത്തി കടന്നെത്തിയ 1,900 സംഗീതഞ്ജരെ പോലീസ് അറസ്റ്റ് ചെയ്തു. എത്രപേരെ നാടുകടത്തി എന്നതിൽ ഇതുവരെ വ്യക്തതയില്ല. അനധികൃതമായി കടന്നുകയറിയവരെയും സാധുവായ രേഖകളില്ലാത്തവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഒരു പാകിസ്ഥാൻ വിസ ലഭിക്കുന്നതിന് 600 ഡോളർ (ഏകദേശം 1.2 ലക്ഷം പാകിസ്ഥാൻ രൂപ) വരെ ചിലവ് വരുമെന്ന് സംഗീതജ്ഞർ പറയുന്നു.

‘ഇവിടെ എത്തിയ അഫ്ഗാൻ കലാകാരന്മാർ ഭയത്തോടും വലിയ ദുരിതത്തോടും കൂടിയാണ് ജീവിക്കുന്നത്’, സംഗീതജ്ഞൻ സരിയാലി പറയുന്നു.

അനിശ്ചിതത്വത്തിലായ അഫ്‌ഗാന്റെ ഭാവി

താലിബാൻ ഭരണം, കഴിഞ്ഞ 20 വർഷമായി മാറിയതെല്ലാം തകിടം മറിക്കുകയാണ്. കാലം മാറിയതറിയാതെ, 16 ആം നൂറ്റാണ്ടിൽ തന്നെ ഇപ്പോഴും ജീവിക്കുന്ന താലിബാന്റെ ഭരണത്തിൻ കീഴിൽ ജീവിക്കുന്നതിലും ഭേദം നാടുവിടുക എന്നതാണെന്ന് തിരിച്ചറിഞ്ഞ് അഫ്ഗാൻ വിട്ടത് ലക്ഷക്കണക്കിന് ആളുകളാണ്. അഫ്ഗാനികൾ വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ഇപ്പോഴും അത് തുടർന്നുകൊണ്ടിരിക്കുന്നു ഒരു കുടുംബത്തിലുള്ളവർ തന്നെ വിഭജിക്കപ്പെട്ടു.

പലർക്കും, സോവിയറ്റ് അധിനിവേശത്തിനു ശേഷമുള്ള ഒരു അനിശ്ചിത ഭാവിയെക്കുറിച്ചുള്ള ഭയം തിരിച്ചെത്തി. 2001ൽ ഹമീദ് കർസായി പ്രസിഡന്റായതിന് ശേഷം നിരവധി അഫ്ഗാനികൾ പാകിസ്ഥാനിലേക്ക് പലായനം ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്ന് വരുന്ന ആർക്കും അഭയാർത്ഥി പദവി നൽകില്ലെന്ന് കാബൂളിലെ പാകിസ്ഥാൻ സ്ഥാനപതി മൻസൂർ അഹമ്മദ് ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റേതൊരു അയൽ രാജ്യത്തേക്കാളും ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും ഉദാരമായാണ് തങ്ങൾ അഫ്ഗാനികൾക്ക് വിസ നൽകുന്നതെന്ന് പറഞ്ഞ പാകിസ്ഥാൻ, അഫ്‌ഗാനികൾക്ക് ‘അഭയാർത്ഥി പദവി’ നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. അഫ്ഗാനികളുടെ മാനുഷിക ആശങ്കകൾ പരിഹരിക്കാൻ സഹായിക്കാനാണ് തങ്ങൾ അങ്ങനെ ചെയ്യുന്നത് എന്നായിരുന്നു ഇവരുടെ ന്യായീകരണം.

shortlink

Related Articles

Post Your Comments


Back to top button