KeralaLatest News

ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന ആളെന്തിനാണ് ഭയന്ന് ഇത്രയും പോലീസുകാരെ നിരത്തി പ്രസംഗിക്കാൻ പോകുന്നത്? മുരളീധരൻ

കൊച്ചി: സ്വർണക്കടത്ത് കേസിൽ സിപിഎം- ബിജെപി ധാരണയെന്ന പ്രതിപക്ഷ ആരോപണം ശക്തമായി നിഷേധിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേന്ദ്ര ഏജൻസികൾ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ധാർമികത അല്പമെങ്കിലും ഉണ്ടെങ്കിൽ കള്ളക്കടത്ത് കേസിൽ ആരോപണവിധേയനായ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് വി. മുരളീധരൻ ആവശ്യപ്പെട്ടു.

സ്വപ്ന സുരേഷിൻ്റെ പ്രസ്താവന പുറത്തു വന്നതിനു ശേഷം മുഖ്യമന്ത്രി കാണിക്കുന്ന പരിഭ്രാന്തി, ദുരൂഹത വർദ്ധിപ്പിക്കുന്നു. മടിയിൽ കനമില്ല എന്ന് ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും മടിയിൽ കനം ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റം. ആരോപണം ഉന്നയിച്ചവരെ ഭീഷണിപ്പെടുത്തുന്നു. ഗൂഢാലോചന അന്വേഷിക്കാനെന്ന പേരിൽ ഒരു എഡിജിപിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് പോലീസുകാരെ നിയമിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മുരളീധരൻ ചോദിച്ചു.

മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിക്കു പോലുമില്ലാത്ത സുരക്ഷയൊരുക്കുന്നത് ജനരോഷം ഭയന്നാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നു പോയി എന്ന് വീമ്പിളക്കുന്ന ആൾ എന്തിനാണ് ഇത്രയും ഭയപ്പെട്ട് പോലീസുകാരെ നിരത്തി പ്രസംഗിക്കാൻ പോകുന്നതെന്നും മുരളീധരൻ പരിഹസിച്ചു.

കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണ കമ്മീഷനെ വച്ചതും കേസ് തീരുംമുമ്പ് എം.ശിവശങ്കറെ തിരിച്ചെടുത്തതുമെല്ലാം വ്യക്തമാക്കുന്നത് ഈ കേസിൽ മുഖ്യമന്ത്രി ആരെയൊക്കെയോ ഭയക്കുന്നു എന്നാണ്. ഇടനിലക്കാരനെ വച്ചുള്ള സംസ്ഥാന വിജിലൻസ് മേധാവിയുടെ ഇടപെടലിലെ ദുരൂഹത നീക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. പോലീസ് വലയത്തിൽ സംസ്ഥാനം ഭരിക്കുന്നതിനു പകരം പിണറായി വിജയൻ രാജിവെച്ച് അന്വേഷണത്തെ നേരിടണം എന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button