KeralaLatest NewsIndia

മുഖ്യമന്ത്രി കണ്ണൂരിൽ: കറുത്ത മാസ്ക്കിന് വിലക്ക്, സുരക്ഷ കൂട്ടി പൊലീസ്

കണ്ണൂർ: കണ്ണൂരിൽ ഇന്നത്തെ മുഖ്യമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കി പൊലീസ്. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഗതാഗത നിയന്ത്രണവും പൊലീസ് ഏർപ്പെടുത്തി. കരിമ്പം ഇടിസിയിലുള്ള കില ക്യാംപസിൽ ആരംഭിക്കുന്ന രാജ്യാന്തര നേതൃപഠന കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിന്റെ ശിലാസ്ഥാപനവും നിർവഹിക്കാനാണ് പിണറായി വിജയൻ തളിപ്പറമ്പിൽ എത്തുന്നത്.

ജില്ലയിലുള്ള മുഖ്യമന്ത്രിക്കായി കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി സിറ്റി, റൂറൽ പരിധിയിലെ പൊലീസുകാരെയും ഉദ്യോഗസ്ഥരെയും മുഴുവനായി ഉപയോഗപ്പെടുത്തും. 9 മുതൽ 12 വരെ തളിപ്പറമ്പിൽ ഗതാഗതം നിരോധിച്ചേക്കും. ആംബുലൻസ് ഒഴിച്ചുള്ള വാഹനങ്ങൾ കൂനം- പൂമംഗലം – കാഞ്ഞിരങ്ങാട് – മന്ന റോഡ് വഴി പോകണം. ചടങ്ങിൽ കറുത്ത മാസ്ക് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ഉത്തര മേഖല ഡിഐജി രാഹുൽ ആർ.നായർ സുരക്ഷയ്ക്കു മേൽനോട്ടം വഹിക്കും. സിറ്റി പൊലീസ് കമ്മിഷണർ, റൂറൽ എസ്പി എന്നിവരുടെ നേതൃത്വത്തിൽ 5 ഡിവൈഎസ് പിമാർ, 15 ഇൻസ്പെക്ടർമാർ, 45 എസ്ഐമാർ എന്നിവർ നേതൃത്വം നൽകും. അതേസമയം, പിണറായി വിജയനെതിരെ രാത്രിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി. കണ്ണൂരിലേക്ക് മടങ്ങും വഴി വടകരയിലാണ് പ്രതിഷേധം ഉണ്ടായത്. ഇവിടെ വച്ച് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

പത്ത് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം യൂത്ത് ലീഗ് പ്രവർത്തകരും കരിങ്കൊടി കാണിക്കാൻ ശ്രമിച്ചു. സുരക്ഷാ മുന്നൊരുക്കത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ താമസം ഇന്നലെ രാത്രി കണ്ണൂർ ഗസ്റ്റ്ഹൗസിലായിരുന്നു. പൊലീസിൻ്റെ അഭ്യർത്ഥന കണക്കിലെടുത്താണ് പിണറായിയിലെ വീട്ടിൽ താമസിക്കാതെ മുഖ്യമന്ത്രി രാത്രി ഗസ്റ്റ് ഹൗസിൽ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button