KeralaLatest News

ഷിന്‍ഡെ ക്യാമ്പില്‍ 50 പേര്‍ : ഉദ്ധവും റാവത്തും മാത്രമായി അടപടലം തകർന്ന് ശിവസേന

മുംബൈ: ശിവസേനയ്ക്ക് തലവേദന കൂട്ടി കൂടുതൽ എംഎൽഎമാർ ഷിൻഡെ ക്യാമ്പിൽ. ഇപ്പോൾ വിമത എംഎല്‍എമാരുടെ എണ്ണം 50 ആയി. ഇതോടെ ഉദ്ധവും റാവത്തും മാത്രമായി ശിവസേന ചുരുങ്ങി. കൂറുമാറ്റ നിരോധന നിയമം മറികടക്കാന്‍ ആവശ്യമായ എംഎല്‍എമാരുടെ എണ്ണം കൂടിയാണ് ഷിന്‍ഡെ മറികടന്നിരിക്കുന്നത്. കൂറുമാറ്റ നിരോധന നിയമം മറികടക്കാന്‍ 37 പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്.

അംഗബലം മുന്‍നിര്‍ത്തി ശിവസേനയുടെ ഔദ്യോഗിക ചിഹ്നം അവകാശപ്പെടാനാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ നീക്കം. മുഖ്യമന്ത്രിക്കസേര മാത്രമല്ല പാർട്ടി കൂടി ഉദ്ധവിന്റെ കയ്യിൽ നിന്ന് പോയ അവസ്ഥയാണ് ഇപ്പോളുള്ളത്. അതിനിടെ, മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍ നേതൃത്വം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ തുടരുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന രാഷ്ട്രീയ നേതാവ് വിമതരെ വിശ്വാസ വോട്ടെടുപ്പിന് വെല്ലുവിളിച്ചിരിക്കുകയാണ്.

‘എങ്ങനെയാണ് വിമതരായ ശിവസേന എംഎല്‍എമാരെ ഗുജറാത്തിലേക്കും അവിടെ നിന്ന് അസമിലേക്ക് കൊണ്ടുപോയതെന്ന് എല്ലാവര്‍ക്കും അറിയാം. അവരെ സഹായിക്കുന്നത് ആരാണെന്ന് ഞാന്‍ പേരെടുത്ത് പറയുന്നില്ല. അസം സര്‍ക്കാര്‍ അവരെ സഹായിക്കുന്നുണ്ട്. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎല്‍എമാര്‍ വിധാന്‍ സഭയില്‍ വരാതെ പറ്റില്ല,’ എന്നും പവാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, ഷിൻഡെ ഇന്ന് ഗവർണറെ കണ്ടേക്കും. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് അമിത് ഷാ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായി നിർണായക കൂടിക്കാഴ്ച നടത്തും. അതിനിടെ, ശിവസേന ജില്ലാ അധ്യക്ഷന്‍മാരുടെ അടിയന്തരയോഗം വിളിച്ച് ഉദ്ധവ് താക്കറെ. യോഗം ഉച്ചയ്ക്ക് പന്ത്രണ്ടിന് നടക്കും. പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗിച്ച് എം.എല്‍.എമാരില്‍ സമ്മര്‍ദം ചെലുത്താന്‍ നീക്കവും ഉദ്ധവ് നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button