Latest NewsIndia

‘ഷിൻഡെയും കൂട്ടരും എന്റെ മകനെ ലക്ഷ്യമിടുന്നു’ : ഉദ്ദവ് താക്കറെ

മുംബൈ: വിമത എംഎൽഎമാരും മന്ത്രി ഏക്നാഥ് ഷിൻഡെയും തനിക്കും മകനുമെതിരെ ആരോപണങ്ങൾ പടച്ചുവിടുന്നുവെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഏക്നാഥ് ഷിൻഡെയുടെ മകനും എംപിയാണ്, എന്നിട്ടും അദ്ദേഹത്തെ കുറിച്ചൊന്നും പറയാതെ എന്റെ മകൻ ആദിത്യ താക്കറെയെ അവർ ലക്ഷ്യമിടുകയാണ്. ഒരു അധികാര കളിക്കും താനില്ലെന്നും പാർട്ടി നേതാക്കളുമായുളള ഓൺലൈൻ സംഭാഷണത്തിനിടെ ഉദ്ദവ് താക്കറെ പറഞ്ഞു.

‘ഷിൻഡെയ്ക്ക് ഞാൻ എല്ലാം നൽകി. മുഖ്യമന്ത്രി കൈകാര്യം ചെയ്തിരുന്ന വകുപ്പു പോലും കൊടുത്തു. അയാളുടെ മകനും എംപിയാണ് എന്നിട്ടും ആരോപണങ്ങളെല്ലാം എന്റെ മകനു നേരെയാണ് ഉയർത്തുന്നത്. എനിക്കെതിരെയും നിരവധി ആരോപണങ്ങളുണ്ടെന്നും’ അദ്ദേഹം പറഞ്ഞു. ‘പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണ്, നീക്കം ചെയ്യേണ്ടി വന്ന ഒരു മരത്തിന്റെ രോഗബാധിതമായ കായ്കളും പൂക്കളും പോലെയാണ് വിട്ടുപോയവർ അതിൽ തനിക്ക് വിഷമമില്ല’. എന്ന് ഉദ്ദവ് താക്കറെ കൂട്ടിച്ചേർത്തു.

‘ശിവസേന വിടുന്നത് മരിക്കുന്നതിനു തുല്യമാണെന്നു പറഞ്ഞിരുന്ന ആളുകളാണ് ഇന്ന് ഓടി പോയിരിക്കുന്നത്. ശിവസേനയുടെയും താക്കറെയുടെയും പേരുകൾ ഉപയോഗിക്കാതെ എത്ര ദൂരം നിങ്ങൾക്കു പോകാനാകും. നിങ്ങൾക്ക് ഒരു വൃക്ഷത്തിന്റെ പൂക്കളും, ഫലങ്ങളുമൊക്കെ എടുക്കാം. പക്ഷേ അതിന്റെ വേരുകൾ നശിപ്പിക്കാനാകില്ല’ എന്നും അദ്ദേഹം പറഞ്ഞു.

‘ഒരു മരത്തിന്റെ പഴങ്ങളും പൂക്കളും നിങ്ങൾക്ക് എടുത്തുകളയാം. പക്ഷേ വേരുകൾ ശക്തമായിരിക്കുന്നിടത്തോളം കാലം ഞാൻ വിഷമിക്കേണ്ടതില്ല. വേരുകൾ ഒരിക്കലും നീക്കം ചെയ്യാനാവില്ല. ഓരോ സീസണിലും പുതിയ ഇലകളും കായ്കളും പൂക്കുന്നു. പക്ഷേ രോഗം ബാധിച്ച ഇലകൾ നീക്കം ചെയ്യുകയും എറിയുകയും വേണം.’ എന്നും വിമത എംഎൽഎമാരെ ലക്ഷ്യംവെച്ച് താക്കറെ പറഞ്ഞു.

ഏക്നാഥ് ഷിൻഡെ ഉൾപ്പെടെ കൂറുമാറിയ 12 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന ഡപ്യൂട്ടി സ്പീക്കർക്ക് അപേക്ഷ നൽകിയിരിക്കുകയാണ്. അതേസമയം, 43 ശിവസേന എംഎൽഎമാരുടെയും 7 സ്വതന്ത്രരുടെയും പിന്തുണ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഏക്നാഥ് ഷിൻഡെ സർക്കാർ രൂപീകരണ വാദം ഉന്നയിച്ച് ​ഗവർണറെ കണ്ടേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. അഘാഡി സഖ്യത്തില്‍ നിന്ന് ശിവസേന പിന്‍മാറണം എന്ന ആവശ്യമാണ് ഏക്‌നാഥ് ഷിന്‍ഡെ മുന്നോട്ട് വെക്കുന്നത്.

ബാലസാഹേബ് താക്കറെയുടെയും ആനന്ദ് ഡിങ്കെയുടെയും പാത പിന്തുടരണമെന്നുമാണ് വിമതരുടെ ആവശ്യം. മറ്റൊരു ദേശീയ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്ന സൂചനയും ഷിന്‍ഡെ നല്‍കുന്നുണ്ട്. അടുത്ത് തന്നെ ഗവര്‍ണറെ കാണാ നുള്ള നീക്കത്തിലാണ് വിമത ക്യാമ്പ്. എന്നാല്‍ വിമതരുമായി പോരാടന്‍ തന്നെയാണ് താക്കറെയുടെ തീരുമാനം. അത്യാഗ്രഹം കൊണ്ടാണ് അവര്‍ പാര്‍ട്ടിക്കെതിരെ തിരിഞ്ഞതെന്നും താക്കറെ കുറ്റപ്പെടുത്തി. രാഷ്ട്രീയ പ്രതിസന്ധി അവലോകനം ചെയ്യാന്‍ ഉദ്ദവ് താക്കറെയും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അഘാഡി സഖ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ പ്രതിപക്ഷം ഉയര്‍ത്തി കൊണ്ടു വന്ന വിഷയമാണിതെന്നാണ് എന്‍സിപി നേതാക്കള്‍ വിലയിരുത്തുന്നത്. 16 എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള താക്കറെയുടെ നീക്കത്തിനെതിരെ ചില സ്വതന്ത്ര എംഎല്‍എമാര്‍ എതിര്‍ത്തു. താക്കറെയുടെ ആവശ്യം ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍ അംഗീകരിച്ചിരുന്നു. തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കറെ നീക്കണമെന്ന ആവശ്യവുമായി വിമത എംഎല്‍എമാര്‍ ഗവര്‍ണറെ സമീപിച്ചു.

മഹാരാഷ്ട്രയിലെ പ്രതിസന്ധിയില്‍ നിന്ന് തല്‍ക്കാലം വിട്ടു നില്‍ക്കാനാണ് ബിജെപി തീരുമാനം. രാഷ്ട്രീയ സംഭവവികാസങ്ങളില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. 87 അംഗങ്ങളുള്ള നിയമസഭയില്‍ 169 എംഎല്‍എമാരാണ് അഘാഡി സഖ്യത്തിനുണ്ടായിരുന്നത്.  വിമത എംഎല്‍എമാര്‍ രാജി വച്ചാല്‍ അഘാഡി സഖ്യം ബിജെപിക്ക് മുന്നില്‍ കീഴടങ്ങേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button