KeralaLatest NewsNews

വടക്കന്‍ കേരള തീരത്ത് ന്യൂനമര്‍ദ്ദ പാത്തി : കേരളത്തില്‍ കനത്ത മഴയ്ക്ക് സാദ്ധ്യത

അതിതീവ്ര ഇടിമിന്നലിനും കനത്ത മഴയ്ക്കും സാദ്ധ്യത : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ മഹാരാഷ്ട്ര തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയുടേയും അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലവുമായിട്ടാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. മഴയ്ക്ക് പുറമേ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിന് സാദ്ധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read Also: മൂന്നാറിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ട് ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് പദ്ധതി

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇന്നും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്.

ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ടുള്ളത്. ജില്ലകളില്‍ 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്ക്ക് പുറമേ കടല്‍ പ്രക്ഷുബ്ധമാകാനും സാദ്ധ്യതയുണ്ട്. അതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. കടല്‍ തീരത്ത് താമസിക്കുന്നവര്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. അപകട മേഖലകളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശാനുസരണം മാറി താമസിക്കണമെന്നാണ് നിര്‍ദ്ദേശം.

മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേയ്ക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button