KeralaLatest NewsNews

എകെജി സെന്ററില്‍ പടക്കമെറിഞ്ഞ സംഭവത്തില്‍ ആരും അപലപിക്കാന്‍ തയ്യാറായില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

ബോംബിന്റെ രീതികളെക്കുറിച്ച് കെ സുധാകരനോട് ചോദിക്കുന്നതാണ് നല്ലത് : പിണറായി വിജയന്‍

തിരുവനന്തപുരം: എകെജി സെന്ററില്‍ പടക്കമെറിഞ്ഞ സംഭവത്തില്‍ ആരും അപലപിക്കാന്‍ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തര പ്രമേയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെ ഈ കുറ്റപ്പെടുത്തല്‍. ‘അക്രമം നടത്തിയത് ആരുമാകട്ടെ. ഇതുപോലൊരു സംഭവം നടന്നിട്ട് അതിനെ അപലപിക്കാന്‍ തയ്യാറാകണ്ടേ. അപലപിക്കാന്‍ തയ്യാറാകാത്ത മാനസികാവസ്ഥ എന്ത് കൊണ്ട് വരുന്നുവെന്ന് ‘ അദ്ദേഹം ചോദിച്ചു.

Read Also: പഞ്ചാബ് നാഷണൽ ബാങ്ക്: തിരഞ്ഞെടുത്ത കാലയളവിലെ വായ്പ നിരക്കുകൾ വർദ്ധിപ്പിച്ചു

‘കൃത്യമായ ആസൂത്രണത്തോടെയാണ് ആക്രമണം നടന്നത്. ആസൂത്രണം നടത്തിയ ആളുകളാണ് പ്രതികളെ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പോലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതികളെ പിടികൂടും എന്നതില്‍ ഒരു സംശയവും വേണ്ട. ഏതെങ്കിലും ആളെ പിടികൂടുകയല്ല നയം കൃത്യമായ അന്വേഷണമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബോംബിന്റെ രീതികളെക്കുറിച്ച് കെ സുധാകരനോട് ചോദിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു’.

‘തെറ്റായ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ തെറ്റിനെ ന്യായീകരിക്കുകയല്ല വേണ്ടത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ അതിക്രമം കാണിച്ചു. സാധാരണ നിലയ്ക്ക് തെറ്റായ കാര്യമാണ്. അത് രഹസ്യമായി പറയുകയല്ല ചെയ്തത്. സര്‍ക്കാര്‍ അതില്‍ നടപടികളെടുത്തു. സിപിഎം സംസ്ഥാന തലത്തിലും അഖിലേന്ത്യാ തലത്തിലും തള്ളിപ്പറഞ്ഞു. സര്‍ക്കാരിന് വേണ്ടി ഞാനും തള്ളിപ്പറഞ്ഞു. ഇതാണ് ഞങ്ങള്‍ സ്വീകരിക്കുന്ന സമീപനം. എകെജി സെന്ററിന് നേരെ നടന്ന ആക്രമണത്തെ അപലപിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാത്തത് എന്തുകൊണ്ടാണ്?, അദ്ദേഹം ചോദിച്ചു.

‘മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടതുള്ളൂ എന്ന് മാത്രമല്ല, ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തണം. ആ ശുദ്ധി പുലര്‍ത്തിയാല്‍ നിങ്ങള്‍ക്ക് ആരുടേയും മുന്നില്‍ തലകുനിക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെയുള്ള ഒരു കൂട്ടരുണ്ടോ എന്ന് സംശയിച്ച് ആളുകള്‍ വന്നാല്‍ ഇക്കാലത്തും അത്തരക്കാരുണ്ടെന്ന് തെളിയിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ശുദ്ധി ജീവിതത്തില്‍ പുലര്‍ത്താന്‍ ശ്രമിക്കണമെന്നും പൊതു പ്രവര്‍ത്തകര്‍ താല്‍ക്കാലിക ലാഭം മുന്നില്‍ കണ്ട് തെറ്റായ കാര്യങ്ങളിലേക്ക് പോകാതിരിക്കണം’, മുഖ്യമന്ത്രി ഉപദേശിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button