
തൃശൂർ: കുട്ടികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയെന്ന പരാതിയിൽ നടൻ ശ്രീജിത്ത് രവിയെ പോലീസ് അറസ്റ്റ് ചെയ്തത് വലിയ വാർത്തയാണ്. പോക്‌സോ വകുപ്പ് പ്രകാരമാണ് നടനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ തൃശൂർ അയ്യന്തോളിലാണ് സംഭവം. തൃശൂർ വെസ്റ്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അയ്യന്തോളിലെ എസ്എൻ പാർക്കിനു സമീപം കാർ നിർത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്.
തൃശൂർ പൊലീസിന്റെ അന്വേഷണ മികവാണ് ശ്രീജിത്ത് രവിയെ കുടുക്കിയത്. ഇത് രണ്ടാം തവണയാണ് ഇദ്ദേഹത്തെപോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പാർക്കിന് സമീപമെത്തിയ ഇയാൾ കുട്ടികളോട് പരസ്യ നഗ്നതാ പ്രദർശനവും നടത്തുകയായിരുന്നു. സെൽഫി എടുക്കാനും ശ്രമിച്ചു. ഇതിന് ശേഷം കാറോടിച്ച് അതിവേഗതയിൽ പോയി. ജൂലൈ നാലിനായിരുന്നു സംഭവം. പൊലീസ് പരാതി കിട്ടിയതോടെ സിസിടിവി പരിശോധന തുടങ്ങി.
നഗരത്തിലെ എല്ലാ ക്യാമറയും അരിച്ചു പറുക്കി. ഇതിൽ നിന്ന് കറുത്ത സഫാരി കാറായിരുന്നു പ്രതിയുടേതെന്ന് തിരിച്ചറിഞ്ഞു. കാറിന്റെ നമ്പർ കണ്ടെത്തി. അന്വേഷണം എത്തിയത് ശ്രീജിത്ത് രവിയുടെ വീട്ടിലും. ഇതോടെയാണ് അറസ്റ്റ് നടന്നത്. സ്‌റ്റേഷനിൽ കൊണ്ടു വന്ന ശ്രീജിത്ത് രവി കുറ്റസമ്മതം നടത്തി. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തതുകൊണ്ടുണ്ടായ പ്രശ്‌നമാണെന്നുമാണ് ശ്രീജിത്ത് രവി പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും. കുട്ടികൾക്കെതിരെയുള്ള ലൈംഗിക ആക്രമണം തടയുന്നതിനുള്ള (പോക്‌സോ) നിയമപ്രകാരമാണ് ശ്രീജിത്ത് രവിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. വിഗ് വച്ച് ആളെ തിരിച്ചറിയാതെയുള്ള കുതന്ത്രങ്ങളും ശ്രീജിത്ത് രവി പുറത്തെടുക്കാറുണ്ട്. പെൺകുട്ടികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനവും അവരെ കൂടെ കിട്ടുന്ന വിധത്തിൽ സെൽഫി എടുക്കുന്നതും ശ്രീജിത്ത് രവിയുടെ ഹോബിയാണെന്നാണ് സൂചന.
നേരത്തേയും സമാന കേസിൽ ശ്രീജിത്ത് രവി അകത്തായിരുന്നു. എന്നാൽ രാഷ്ട്രീയ ബന്ധങ്ങളും മറ്റും തുണയാക്കി ശ്രീജിത്ത് കേസൊഴിവാക്കി. സിനിമാ സംഘടനകളും ശ്രീജിത് രവിയെ കണ്ടില്ലെന്ന് നടിച്ചു. 2106 ഓഗസ്റ്റ് 27ന് ലക്കിടിയിലെ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥിനികളും നടൻ ശ്രീജിത് രവിക്കെതിരെ പരാതി നൽകിയിരുന്നു. കാറിലെത്തിയ ഇയാൾ കുട്ടികൾക്ക് മുന്നിൽ നഗ്‌നത പ്രദർശിപ്പിച്ചെന്നും അശ്ലീല ആംഗ്യം കാണിച്ചെന്നും ആയിരുന്നു ആ പരാതിയും.
അന്ന് തന്നെ സ്‌കൂൾ പ്രിൻസിപ്പാൾ രേഖാമൂലം ഒറ്റപ്പാലം പൊലീസിൽ പരാതിപ്പെട്ടെങ്കിലും ദിവസങ്ങൾ വൈകിയാണ് നടൻ ശ്രീജിത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്നും കേസിൽ തെളിവുകൾ മറച്ചുവച്ച് പഴുതുകൾ ഏറെയുള്ള എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ശ്രീജിത്ത് രവിയെ ജയിലിൽ അടച്ചില്ല. ഇത് ശ്രീജിത്ത് രവിക്ക് വീണ്ടും തെറ്റു ചെയ്യാൻ പ്രേരണയായി.
Post Your Comments