Latest NewsIndia

ഉദ്ധവ് സർക്കാർ തടസ്സപ്പെടുത്തിയ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വേഗത്തിലാക്കാനൊരുങ്ങി ഷിൻഡെ സർക്കാർ

മുംബൈ: ഗതാഗതമേഖലയിൽ മാറ്റങ്ങൾക്കൊരുങ്ങി മഹാരാഷ്‌ട്രയിലെ ഷിൻഡെ സർക്കാർ. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാതയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. മുംബൈയിൽ നടന്ന രണ്ടാമത്തെ ‘സങ്കൽപ് സേ സിദ്ധി’ സമ്മേളനത്തിലാണ് ഉപമുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും ഇക്കാര്യത്തെ കുറിച്ച് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുമായി ചർച്ച ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതി പ്രാബല്യത്തിൽ വന്നാൽ ഹൈ സ്പീഡ് ബുള്ളറ്റ് ട്രെയിൻ വഴി അഹമ്മദാബാദ് മുതൽ മുംബൈ വരെയുള്ള 508 കിലോമീറ്റർ ദൂരം 2 മണിക്കൂർ 58 മിനിറ്റ് കൊണ്ട് യാത്ര ചെയ്യാൻ കഴിയും. നിലവിൽ 6 മണിക്കൂർ യാത്രയാണ് ഉള്ളത്. 1,396 ഹെക്ടർ ഭൂമിയാണ് പദ്ധതിയ്‌ക്ക് ആവശ്യം. 90.31 ശതമാനത്തോളം ഭൂമി ഏറ്റെടുത്തതായി നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു. ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതി ദ്രുതഗതിയിൽ പ്രവർത്തിച്ചപ്പോൾ മഹാരാഷ്‌ട്ര രാഷ്‌ട്രീയ കാരണങ്ങളാൽ പിന്നിലായെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻ സർക്കാർ പദ്ധതി പ്രകാരമുള്ള സ്ഥലം ഏറ്റെടുക്കൽ പ്രവർത്തനങ്ങളും ബന്ദ്ര കുർല കോംപ്ലക്‌സിലെ ടെർമിനലിന്റെ നിർമാണവും നിർത്തിയത് ബുള്ളറ്റ് ട്രെയിൻ പദ്ധതി ആവിഷ്‌കരിക്കുന്നത് വൈകിച്ചു. ഷിൻഡെ സർക്കാർ അധികാരത്തിലേറിയപ്പോൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രാരംഭ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടനെ പൂർത്തിയാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ, ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ചുമതല വഹിച്ചിരുന്ന നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്എസ്ആർസിഎൽ) മാനേജിംഗ് ഡയറക്ടർ സതീഷ് അഗ്‌നിഹോത്രിയെ അഴിമതി ആരോപണത്തിന്റെ പേരിൽ ഇന്ത്യൻ റെയിൽവേ പിരിച്ച് വിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button