KeralaLatest NewsIndia

ആസിഡ് ആക്രമണക്കേസ്: സൗത്ത് ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് കേരളം, ഇന്ത്യയിൽ പശ്ചിമബംഗാൾ

ചെന്നൈ: ദക്ഷിണേന്ത്യയിലെ ആസിഡ് ആക്രമണക്കേസുകളിൽ കേരളം മുന്നിലെന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ. 2016 മുതൽ 2020 വരെയുള്ള കണക്കുകൾപ്രകാരം കേരളത്തിൽ 53 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സ്ത്രീകൾക്കും ഒമ്പതുമുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കും നേരെയാണ് രാജ്യത്തുടനീളം ഏറ്റവും കൂടുതൽ ആസിഡ് ആക്രമണമുണ്ടാകുന്നത്. 42 കേസുകളുള്ള ആന്ധ്രാപ്രദേശാണ് രണ്ടാം സ്ഥാനത്ത്. കർണാടകം- 34, തമിഴ്‌നാട് – 24, തെലങ്കാന- 21 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്ത കേസുകൾ.

2016-20 കാലയളവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആസിഡ് ആക്രമണമുണ്ടായത് പശ്ചിമബംഗാളിലാണ്. 294 കേസുകളാണ് അവിടെ റിപ്പോർട്ട് ചെയ്തത്. 243 കേസുകളുമായി രണ്ടാം സ്ഥാനത്ത് ഉത്തർപ്രദേശാണ്. നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2014-18 കാലയളവിൽ രാജ്യത്ത് 1483 പേരാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. തമിഴ്‌നാട്ടിൽ 2016-ൽ ആസിഡ് ആക്രമണക്കേസ് ഒന്നായിരുന്നുവെങ്കിൽ 2019-ൽ ഒമ്പതായി വർധിച്ചു. 2020-ൽ രണ്ടു കേസുകളായി കുറയുകയും ചെയ്തു.

വ്യവസായ സ്ഥാപനങ്ങളുള്ള മേഖലകളിലാണ് ആസിഡ് ആക്രമണം കൂടുതലായുണ്ടാവുന്നതെന്നാണ് കണ്ടെത്തൽ. അത്തരം സ്ഥലങ്ങളിൽ ആസിഡ് എളുപ്പത്തിൽ ലഭിക്കുന്നതാണ് കാരണം. ആസിഡ് വിൽപ്പനയ്ക്ക് കർശന നിയന്ത്രണമേർപ്പെടുത്തണമെന്ന് ആസിഡ് സർവൈവേഴ്‌സ് ആൻഡ് വുമെൻ വെൽഫെയർ ഫൗണ്ടേഷൻ ചെന്നൈ ചാപ്റ്റർ അസി. ഡയറക്ടർ അവിജിത് കുമാർ ആവശ്യപ്പെട്ടു.

ആസിഡ് ആക്രമണങ്ങൾക്കെതിരേ ശക്തമായ ബോധവത്കരണമാണ് തമിഴ്നാട്ടിൽ നടക്കുന്നതെന്ന് അവിജിത്ത് പറഞ്ഞു. ഇത്തരം കേസുകളിൽ ഇന്ത്യയിൽ ശിക്ഷയനുഭവിക്കുന്നത് വെറും 40 ശതമാനം പേർ മാത്രമാണെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനകൾ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button