KeralaLatest NewsNews

കോന്നി മെഡിക്കല്‍ കോളജ് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് ഇടപെടല്‍ നടത്തുന്നു: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജ് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള ഇടപെടലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളജ് വികസന സമിതി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

6.5 കോടി രൂപ ചിലവില്‍ അത്യാധുനിക സൗകര്യങ്ങള്‍ അടങ്ങിയ സി.ടി സ്‌കാന്‍ മെഷീന്‍ മെഡിക്കല്‍ കോളജില്‍ സ്ഥാപിക്കും.19.5 കോടി രൂപ ചിലവില്‍ മെഡിക്കല്‍ കോളജിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങും. ഒരു മാസത്തിനകം ഉപകരണങ്ങള്‍ ആശുപത്രിയിലെത്തും. അത്യാധുനിക നേത്രചികിത്സ, ഗൈനക്കോളജി, ഒഫ്താല്‍മോളജി, പീഡിയാട്രിക്‌സ് എന്നീ ഡിപ്പാര്‍ട്ടുമെന്റുകള്‍ കേന്ദ്രീകരിച്ചാണ് ഉപകരണങ്ങള്‍ എത്തുക. ഉപകരണങ്ങള്‍ എത്തുന്നതോടെ ഈ വകുപ്പുകളുടെ ഒ.പിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണ തോതിലാകും.

നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഹോസ്റ്റലിന്റെ പ്രവര്‍ത്തനം ഒക്ടോബറോടെ പൂര്‍ത്തിയാകും. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന്റ പ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ഇന്‍സ്പക്ട് ചെയ്തതിന്റെ റിപ്പോര്‍ട്ടുകള്‍ വന്നു. അവര്‍ ചൂണ്ടിക്കാട്ടിയവ പരിഹരിച്ച് കത്തയച്ചിട്ടുണ്ട്. അവരുടെ അടുത്ത ഇന്‍സ്‌പെക്ഷന്‍ പ്രതീക്ഷിക്കുകയാണ്. കോന്നി മെഡിക്കല്‍ കോളജില്‍ സാധ്യമായ രീതിയില്‍ എല്ലാം ഇടപെട്ട് ആശുപത്രിയോടൊപ്പം ക്ലാസ് തുടങ്ങുന്നതിനുള്ള അനുമതിക്കുമുള്‍പ്പടെയുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യം.

കോന്നി മെഡിക്കല്‍ കോളജില്‍ ജീവിത ശൈലി രോഗ മരുന്നുകള്‍ ലഭ്യമല്ല എന്ന പരാതിയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചു. മങ്കി പോക്‌സിനെക്കുറിച്ച് ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. വിമാനത്താവളങ്ങളില്‍ ഹെല്‍പ്പ് ഡസ്‌ക് ഒരുക്കിയിട്ടുണ്ട്. രോഗലക്ഷണമുള്ളവര്‍ അടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ ബന്ധപ്പെടണം. കോന്നി മെഡിക്കല്‍ കോളജില്‍ 394 പോസ്റ്റുകളാണ് വിവിധ തലങ്ങളിലായി സര്‍ക്കാര്‍ സൃഷ്ടിച്ചത്. അവയില്‍ 258 പേര്‍ക്ക് നിയമനം നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ളവരുടെ പോസ്റ്റിംഗ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

കോന്നി എം.എല്‍.എ അഡ്വ. കെ.യു ജനീഷ് കുമാര്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ മിറിയം വര്‍ക്കി, പി.ഡബ്ല്യു.ഡി ഇ.ഇ ഷീനാ രാജന്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് സി.വി രാജേന്ദ്രന്‍, മന്ത്രിയുടെ നോമിനി പി.ജെ അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button