Latest NewsKerala

ബി.ജെ.പിയുടെ പ്രതിഷേധം ഫലം കണ്ടു: പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഷെയർ ചെയ്ത വനിതാ എഎസ്ഐക്ക് സസ്പെൻഷൻ

കോട്ടയം: പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഷെയർ ചെയ്ത വനിതാ എഎസ്ഐക്ക് സസ്പെൻഷൻ. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ റംല ഇസ്മയിലിനെയാണ് പ്രതിഷേധങ്ങൾക്ക് പിന്നാലെ സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ എഎസ്ഐക്കെതിരെ നടപടി എടുക്കാൻ കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ശുപാർശ ചെയ്തിരുന്നു. ഈ ശുപാർശ പരിഗണിച്ചാണ് മധ്യമേഖലാ ഡിഐജി, റംല ഇസ്മയിലിനെതിരെ നടപടി എടുത്തത്.

പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് ഈ മാസമാദ്യം റംല തന്റെ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിരുന്നു. ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഉണ്ടായ വിദ്വേഷ മുദ്രാവാക്യ വിവാദത്തിൽ അറസ്റ്റിലായ പ്രവർത്തകർ ജാമ്യത്തിലിറങ്ങിയതുമായി ബന്ധപ്പെട്ടതായിരുന്നു പോസ്റ്റ്. പോലീസിനെയും കോടതിയെയും വിമർശിച്ച് കൊണ്ടുള്ളതായിരുന്നു റൗഫിന്റെ പോസ്റ്റ്.

റംലയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. എഎസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. ബിജെപിയുടെ പ്രതിഷേധങ്ങൾക്കൊടുവിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്‍പി ഇവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. അബദ്ധത്തിൽ സംഭവിച്ചതെന്നായിരുന്നു റംല ഇസ്മയിലിന്റെ വിശദീകരണം. അന്വേഷണത്തിനൊടുവിലാണ് നടപടി. റംല ഇസ്മയിലിനെതിരായ നടപടി തടയാൻ കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ട് ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button